Connect with us

Uae

പുതിയ വിസ: നടപടിക്രമങ്ങള്‍ എളുപ്പമാണെന്ന് അധികൃതര്‍

നടപടി ക്രമങ്ങള്‍ ലളിതമാക്കാന്‍ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി (ഐ സി പി) 'നൂതന വിസ സംവിധാനത്തിന്റെ' പരീക്ഷണം ആരംഭിച്ചിട്ടുണ്ട്.

Published

|

Last Updated

ദുബൈ | പുതിയ വിസ ലഭിക്കാനുള്ള നടപടിക്രമങ്ങള്‍ എളുപ്പമാണെന്ന് യു എ ഇ അധികൃതര്‍ വ്യക്തമാക്കി. ഉദ്യോഗാര്‍ഥികള്‍, നിക്ഷേപകര്‍, സന്ദര്‍ശകര്‍, ജീവനക്കാര്‍ എന്നിങ്ങനെ മിക്കവര്‍ക്കും പ്രയോജനം ലഭിക്കും. നടപടി ക്രമങ്ങള്‍ ലളിതമാക്കാന്‍ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി (ഐ സി പി) ‘നൂതന വിസ സംവിധാനത്തിന്റെ’ പരീക്ഷണം ആരംഭിച്ചിട്ടുണ്ട്. ഒക്ടോബര്‍ മൂന്നിന് ഇത് പൂര്‍ണ പ്രാബല്യത്തില്‍ വരും. ദുബൈയില്‍ ജി ഡി ആര്‍ എഫ് എയാണ് ക്രമീകരണം നടത്തിയിരിക്കുന്നത്.

ഗോള്‍ഡന്‍ വിസ
ഗോള്‍ഡന്‍ വിസ പദ്ധതിയില്‍ നിരവധി ഭേദഗതികള്‍ കൊണ്ടുവന്നിട്ടുണ്ട്. ഇത് പത്ത് വര്‍ഷ വിസ കൂടുതല്‍ വിഭാഗക്കാര്‍ക്ക് ലഭിക്കാന്‍ അനുവദിക്കുന്നു. പ്രത്യേക മേഖലയില്‍ വൈദഗ്ധ്യമുള്ളവര്‍ക്ക് ദീര്‍ഘകാല താമസ വിസ ലഭിക്കും. പ്രതിമാസ ശമ്പളം 50,000 ദിര്‍ഹം എന്നതില്‍ നിന്ന് 30,000 ദിര്‍ഹമായി കുറച്ചു. മെഡിസിന്‍, സയന്‍സസ് ആന്‍ഡ് എന്‍ജിനീയറിംഗ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ബിസിനസ് ആന്‍ഡ് അഡ്മിനിസ്ട്രേഷന്‍, വിദ്യാഭ്യാസം, നിയമം, സംസ്‌കാരം, സാമൂഹിക ശാസ്ത്രം എന്നി വിഭാഗങ്ങളില്‍ പെട്ടവര്‍ ഇതില്‍ ഉള്‍പ്പെടുന്നു. അപേക്ഷകര്‍ക്ക് യു എ ഇയില്‍ സാധുതയുള്ള തൊഴില്‍ കരാര്‍ ഉണ്ടായിരിക്കണം. കൂടാതെ മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം തരംതിരിച്ച ഒന്നാമത്തെയോ രണ്ടാമത്തയോ തൊഴില്‍ തലത്തില്‍ ഉള്‍പ്പെടണം. ‘നിര്‍ദിഷ്ട പ്രാദേശിക ബേങ്കുകളില്‍’ നിന്ന് വായ്പ വാങ്ങിയിട്ടാണെങ്കില്‍ ഉപയോഗിച്ച് പോലും, കുറഞ്ഞത് രണ്ട് ദശലക്ഷം ദിര്‍ഹം മൂല്യമുള്ള ഒരു പ്രോപ്പര്‍ട്ടി വാങ്ങിയിട്ടുണ്ടെങ്കിലും ദീര്‍ഘകാല വിസ ലഭിക്കും.

‘അംഗീകൃത പ്രാദേശിക റിയല്‍ എസ്റ്റേറ്റ് കമ്പനികളില്‍’ നിന്ന് ഓഫ്-പ്ലാന്‍ പ്രോപ്പര്‍ട്ടികള്‍ അനുവദനീയമാണ്. ഗോള്‍ഡന്‍ വിസയുള്ളവര്‍ക്ക് പ്രായപരിധിയില്ലാതെ കുട്ടികളെ സ്പോണ്‍സര്‍ ചെയ്യാം. അവര്‍ക്ക് സ്പോണ്‍സര്‍ ചെയ്യാന്‍ കഴിയുന്ന സപ്പോര്‍ട്ട് സ്റ്റാഫുകളുടെ എണ്ണത്തിലും പരിധിയില്ല. ആറ് മാസത്തിലധികം യു എ ഇക്ക് പുറത്ത് താമസിക്കുന്നത് അവരുടെ വിസയെ ബാധിക്കില്ല.

ഗ്രീന്‍ വിസ
ഈ പുതിയ വിസ സ്പോണ്‍സറോ തൊഴിലുടമയോ ഇല്ലാതെ വൈദഗ്ധ്യമുള്ള ജീവനക്കാര്‍ക്ക് അഞ്ച് വര്‍ഷത്തെ താമസാനുവാദം നല്‍കുന്നു. സാധുതയുള്ള തൊഴില്‍ കരാറും കുറഞ്ഞത് 15,000 ദിര്‍ഹം പ്രതിമാസ ശമ്പളവുമുള്ള വിദഗ്ധ ജീവനക്കാര്‍, ഫ്രീലാന്‍സര്‍, നിക്ഷേപകര്‍ എന്നിവരെ വിസക്ക് പരിഗണിക്കും.

സന്ദര്‍ശക വിസകള്‍
സാധാരണ സന്ദര്‍ശന വിസ സമാനമായ കാലയളവിലേക്ക് പുതുക്കാന്‍ കഴിയും. 60 ദിവസം താമസിക്കാന്‍ അനുവദിക്കുന്നു.
തൊഴില്‍ പര്യവേക്ഷണ വിസക്ക് ഒരു സ്പോണ്‍സറോ ആതിഥേയനോ ആവശ്യമില്ല. ഹ്യൂമന്‍ റിസോഴ്‌സ് ആന്‍ഡ് എമിറേറ്റൈസേഷന്‍ മന്ത്രാലയത്തിന്റെ കീഴിലുള്ള ആദ്യത്തെ, രണ്ടാമത്തെ അല്ലെങ്കില്‍ മൂന്നാമത്തെ നൈപുണ്യ തലത്തില്‍ തരംതിരിച്ചവര്‍ക്കും ലോകത്തിലെ ഏറ്റവും മികച്ച 500 സര്‍വകലാശാലകളില്‍ നിന്നുള്ള പുതിയ ബിരുദധാരികള്‍ക്കും ഇത് അനുവദിച്ചിരിക്കുന്നു. യു എ ഇ പൗരന്റെയോ താമസക്കാരന്റെയോ ബന്ധുവോ സുഹൃത്തോ ആണെങ്കില്‍ എന്‍ട്രി പെര്‍മിറ്റിന് അപേക്ഷിക്കാം. ഇതിന് ഒരു സ്പോണ്‍സറോ ആതിഥേയനോ ആവശ്യമില്ല.

മള്‍ട്ടി എന്‍ട്രി ടൂറിസ്റ്റ് വിസ
സ്പോണ്‍സര്‍ ആവശ്യമില്ല. ഒന്നിലധികം തവണ പ്രവേശനത്തിന് അനുവദിക്കുന്നു. സന്ദര്‍ശകനെ തുടര്‍ച്ചയായി 90 ദിവസം വരെ രാജ്യത്ത് തങ്ങാന്‍ ഇത് അനുവദിക്കുന്നു. ഒരു വര്‍ഷത്തില്‍ മുഴുവന്‍ താമസ കാലയളവും 180 ദിവസത്തില്‍ കവിയരുത്. ഈ വിസക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിന് മുമ്പുള്ള ആറ് മാസങ്ങളില്‍ 4,000 യു എസ് ഡോളറിന്റെ ബേങ്ക് ബാലന്‍സ് അല്ലെങ്കില്‍ വിദേശ കറന്‍സികളില്‍ തുല്യമായതിന്റെ തെളിവ് ആവശ്യമാണ്. സാധാരണയായി, ഒരു താമസ വിസ കാലഹരണപ്പെട്ടുകഴിഞ്ഞാല്‍, പ്രവാസികള്‍ക്ക് രാജ്യം വിടാനോ മറ്റൊരു വിസ ലഭിക്കാനോ 30 ദിവസത്തെ ഗ്രേസ് പിരീഡാണ് ലഭിച്ചിരുന്നത്. എന്നാല്‍ പുതിയ സംവിധാനത്തില്‍ ആറ് മാസം വരെ ഫ്‌ളെക്സിബിള്‍ ഗ്രേസ് പിരീഡ് ലഭിക്കും.

 

Latest