Connect with us

National

ഹൂത്തികൾ ആക്രമിച്ചത് ഇന്ത്യൻ പതാക വഹിച്ച കപ്പലല്ലെന്ന് നാവികസേന; ജീവനക്കാരായ ഇന്ത്യക്കാർ സുരക്ഷിതർ

തെക്കൻ ചെങ്കടലിൽ യെമനിലെ ഹൂതി വിമതർ നടത്തിയ ഡ്രോൺ ആക്രമണത്തിനിരയായ രണ്ട് കപ്പലുകളിൽ ഇന്ത്യൻ പതാക ഘടിപ്പിച്ച ഒരു ക്രൂഡ് ഓയിൽ ടാങ്കറും ഉൾപ്പെടുന്നുവെന്ന് ഞായറാഴ്ച യുഎസ് സൈന്യം അവകാശപ്പെട്ടിരുന്നു.

Published

|

Last Updated

ന്യൂഡൽഹി | ചെങ്കടലിൽ ഡ്രോൺ ആക്രമണം ഉണ്ടായ ഗബ്ബൺ പതാക ഘടിപ്പിച്ച എംവി സായിബാബ കപ്പലിൽ 25 ഇന്ത്യൻ ക്രൂ അംഗങ്ങൾ ഉണ്ടെന്ന് ഇന്ത്യൻ നാവികസേനാ ഉദ്യോഗസ്ഥർ അറിയിച്ചു. എല്ലാ ക്രൂ അംഗങ്ങളും സുരക്ഷിതരാണെന്നും നാവികസേന വ്യക്തമാക്കി. എന്നാൽ നേരത്തെ യുഎസ് അവകാശപ്പെട്ടതുപോലെ ഇത് ഇന്ത്യയുടെ പതാകയുള്ള കപ്പലല്ലെന്നും ഗാബോൺസ് പതാക വഹിച്ചിരുന്ന കപ്പലാണെന്നും നാവിക സേന അറിയിച്ചു.

തെക്കൻ ചെങ്കടലിൽ യെമനിലെ ഹൂതി വിമതർ നടത്തിയ ഡ്രോൺ ആക്രമണത്തിനിരയായ രണ്ട് കപ്പലുകളിൽ ഇന്ത്യൻ പതാക ഘടിപ്പിച്ച ഒരു ക്രൂഡ് ഓയിൽ ടാങ്കറും ഉൾപ്പെടുന്നുവെന്ന് ഞായറാഴ്ച യുഎസ് സൈന്യം അവകാശപ്പെട്ടിരുന്നു. യെമനിലെ ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ നിന്ന് തെക്കൻ ചെങ്കടലിലെ അന്താരാഷ്ട്ര കപ്പൽ പാതയിലേക്ക് തൊടുത്തുവിട്ട മിസൈലുകൾ രണ്ട് കപ്പലുകളിൽ പതിച്ചുവെന്നയിരുന്നു റിപ്പോർട്ട്. എന്നാൽ കപ്പലുകളെ മിസൈൽ ആക്രമണം ബാധിച്ചിട്ടില്ലെന്നും യുഎസ് സെൻട്രൽ കമാൻഡ് എക്‌സിൽ പോസ്റ്റ് അറിയിച്ചിരുന്നു.

ഇന്ത്യൻ തീരത്ത് മറ്റൊരു കപ്പൽ ആക്രമിക്കപ്പെട്ട് മണിക്കൂറുകൾക്ക് ശേഷമായിരുന്നു ചെങ്കടലിലെ ഡ്രോൺ ആക്രമണം. സൗദി അറേബ്യയിൽ നിന്ന് മംഗളൂരുവിലേക്ക് പോകുകയായിരുന്നു എംവി ചെം പ്ലൂട്ടോ എന്ന കപ്പലിന് നേരെയാണ് അറബിക്കടലിൽ ആദ്യം ഡ്രോൺ ആക്രമണം ഉണ്ടായത്. ഗുജറാത്തിലെ പോർബന്തർ തീരത്ത് നിന്ന് 217 നോട്ടിക്കൽ മൈൽ അകലെയായിരുന്നു സംഭവം.

ഇതിനു പിന്നിൽ ഇറാനാണെന്ന് അമേരിക്ക ആരോപിച്ചിരുന്നു. ഈ സംഭവങ്ങൾക്ക് പിന്നാലെ യമനിലെ ഹൂതി നിയന്ത്രിത പ്രദേശങ്ങളിൽ നിന്ന് വന്ന നാല് ഡ്രോണുകൾ യു.എസ് ഡിസ്ട്രോയർ വെടിവച്ചിട്ടതായുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.