Kerala
നവീന്‍ ബാബുവിൻ്റെ മരണം: തുടരന്വേഷണം ആവശ്യപ്പെട്ട് കുടുംബം
കുറ്റപത്രത്തിലെ 13 പിഴവുകള്‍ ചൂണ്ടിക്കാട്ടി ഭാര്യയുടെ ഹരജി

പത്തനംതിട്ട | കണ്ണൂര്‍ മുന്‍ എ ഡി എം നവീന്‍ ബാബുവിൻ്റെ മരണത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് കുടുംബം രംഗത്ത്. കണ്ണൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ ഹരജി നൽകി. പ്രതിക്ക് രക്ഷപ്പെടാന്‍ പഴുതുകളുള്ള കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിച്ചതെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടി. കുറ്റം തെളിയിക്കാന്‍ ആവശ്യമായ രേഖകള്‍ മറച്ചുവെച്ചെന്നും ഹരജിയിൽ ആരോപിക്കുന്നു.
കുറ്റപത്രത്തിലെ 13 പിഴവുകള്‍ ഹരജിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. പ്രശാന്തനില്‍ നിന്ന് നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന് പ്രചരിപ്പിച്ചതായി കുറ്റപത്രത്തില്‍ പറയുന്നു. ഇക്കാര്യം തെറ്റെന്ന് ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ അന്വേഷണത്തില്‍ തെളിഞ്ഞു. എന്നാല്‍ ഇക്കാര്യത്തെപ്പറ്റി എസ് ഐ ടി പ്രത്യേക അന്വേഷണം നടത്തിയില്ല. പെട്രോള്‍ പമ്പിന് എന്‍ ഒ സി നല്‍കാന്‍ നവീന്‍ ബാബു കാലതാമസം വരുത്തിയിട്ടില്ല. നവീന്‍ ബാബു കുറ്റസമ്മതം നടത്തിയെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞിട്ടില്ല. ജില്ലാ കലക്ടറുടെ ആദ്യ പ്രതികരണവും മൊഴിയും തമ്മില്‍ വൈരുധ്യമുണ്ട്. ജില്ലാ കലക്ടറുടെ ആദ്യ പ്രതികരണത്തെക്കുറിച്ച് എസ് ഐ ടി അന്വേഷിച്ചില്ല. മൊഴികള്‍ അവഗണിച്ചതിലൂടെ അന്വേഷണം എസ് ഐ ടി അട്ടിമറിച്ചുവെന്നും ഹരജിയില്‍ പറയുന്നു.
പ്രശാന്തൻ്റെ സ്വത്തും സ്വര്‍ണപ്പണയവും വിശദീകരിക്കുന്ന മൊഴിയില്‍ വൈരുധ്യമുണ്ടെന്നും ഹരജിയില്‍ പറയുന്നു. സ്വര്‍ണപ്പണയം കൈക്കൂലി നല്‍കാനെന്ന മൊഴി എസ് ഐ ടിയെ വഴിതെറ്റിക്കാനാണ്. പ്രശാന്തന്റെ മൊഴിയിലെ വൈരുധ്യം തെളിയിക്കാന്‍ എസ് ഐ ടി ബേങ്ക് അക്കൗണ്ട് രേഖകള്‍ കണ്ടെത്തിയില്ല. നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന് മുഖ്യമന്ത്രിക്ക് പ്രശാന്തന്‍ നല്‍കിയ പരാതിയിലില്ല. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയെപ്പറ്റി പ്രൊസിക്യൂഷന്‍ മറച്ചുപിടിച്ചുവെന്നും ഹരജിയില്‍ പറയുന്നു.