National
വിഷംചേർത്ത ലഡു നൽകി കൊന്നു; മൂന്നുപേരുടെ മൃതദേഹം കാറിനുള്ളില്‍ കണ്ടെത്തിയ സംഭവം കൊലപാതകം
ഞായറാഴ്ച വൈകുന്നേരം നാലുമണിയോടെയാണ് മൂന്നുപേരുടെ മൃതദേഹം കാറിനുള്ളില്‍ കണ്ടെത്തിയത്.
ന്യൂഡല്‍ഹി| പീരാഗഢി ഫ്ലൈ ഓവറില്‍ നിര്‍ത്തിയിട്ട കാറിനുള്ളില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്നുപേരെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്.മൂവര്‍ക്കും വിഷം കലര്‍ത്തിയ ലഡു നല്‍കി കൊലപ്പെടുത്തുകയായിരുന്നു. പ്രതി കമറുദ്ദീനെ പോലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച വൈകുന്നേരം നാലുമണിയോടെയാണ് മൂന്നുപേരുടെ മൃതദേഹം കാറിനുള്ളില്‍ കണ്ടെത്തിയത്. കൊല്ലപ്പെട്ടവര്‍ക്കൊപ്പം കാറില്‍ സഞ്ചരിച്ചിരുന്നെന്നും ചോദ്യംചെയ്യലില്‍ കമറുദ്ദീന്‍ സമ്മതിച്ചതായി പോലീസ് പറഞ്ഞു. താന്ത്രിക ക്രിയകള്‍ വഴി അപ്രതീക്ഷിതമായി ധനം ലഭിക്കുമെന്ന് ആളുകളെ പറഞ്ഞുവിശ്വസിപ്പിക്കുകയും അവര്‍ക്ക് വിഷം കലര്‍ത്തിയ ലഡു നല്‍കി കൊലപ്പെടുത്തിയ ശേഷം പണവും വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിക്കുകയുമായിരുന്നു കമറുദ്ദീന്റെ രീതി.വിഷം കലര്‍ത്തിയ ലഡു തയ്യാറാക്കിയെന്നും യാത്രയ്ക്കിടെ മദ്യവും ശീതളപാനീയവും ലഡുവും കഴിക്കാന്‍ മൂവരെയും നിര്‍ബന്ധിക്കുകയും ചെയ്തു. കഴിച്ചതിന് പിന്നാലെ മൂവരും ബോധരഹിതരായി. ഇതോടെ വാഹനത്തില്‍നിന്ന് പണം കവര്‍ന്ന് കമറുദ്ദീന്‍ കടന്നുകളയുകയായിരുന്നു.







