Connect with us

Kerala

മുണ്ടക്കൈ- ചൂരല്‍മല: സമയക്രമമില്ലെങ്കില്‍ പുനരധിവാസ പദ്ധതി അവതാളത്തിലാകുമെന്ന് ഹൈക്കോടതി

പദ്ധതിയില്‍ കേന്ദ്രം നിബന്ധന വെക്കുന്നത് കൊണ്ട് ഉദ്ദേശിക്കുന്നതെന്തെന്ന് കോടതി

Published

|

Last Updated

കൊച്ചി | മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തില്‍ സമയക്രമം മനസില്‍ സൂക്ഷിച്ചുവേണം മുന്നോട്ട് പോകാനെന്ന് ഹൈക്കോടതി. പുനരധിവാസ പദ്ധതി മാര്‍ച്ച് 31ന് മുമ്പ് പൂര്‍ത്തിയാക്കണമെന്ന് കേന്ദ്രം പറയുന്നത് എന്തടിസ്ഥാനത്തിലാണെന്നും കോടതി ആരാഞ്ഞു. പുനരധിവാസത്തിന്റെ ഭാഗമായുള്ള 16 പദ്ധതികള്‍ എന്ന് പൂര്‍ത്തിയാക്കുമെന്നതില്‍ സംസ്ഥാന സര്‍ക്കാരിന് ധാരണയില്ല. സമയക്രമമില്ലെങ്കില്‍ പദ്ധതി അവതാളത്തിലാകുമെന്നും ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു.

സമയക്രമമില്ലെങ്കില്‍ എങ്ങനെ പുനരധിവാസത്തിന് കേന്ദ്ര സഹായം തേടാനാകുമെന്ന് സംസ്ഥാന സര്‍ക്കാറിനോട് ആരാഞ്ഞ ഹൈക്കോടതി കേന്ദ്രം പദ്ധതിയില്‍ നിബന്ധന വെക്കുന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്നും ചോദിച്ചു. വയനാട്ടില്‍ കൃത്യമായ പുനരധിവാസ പദ്ധതിയുണ്ടെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. കേന്ദ്ര സര്‍ക്കാറിനെതിരെയും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിലപാടെടുത്തു. മാര്‍ച്ച് 31നകം പുനരധിവാസ പദ്ധതി പൂര്‍ത്തിയാക്കണമെന്നാണ് കേന്ദ്ര നിബന്ധന. നിബന്ധനയില്‍ എതിര്‍പ്പറിയിച്ച് കേന്ദ്രത്തിന് കത്തയച്ചുവെന്നും സംസ്ഥാന സര്‍ക്കാര്‍ വിശദീകരിച്ചു.

പദ്ധതി പൂര്‍ത്തിയാക്കുന്നതിന് കേന്ദ്ര സര്‍ക്കാറിന് നിബന്ധന വെക്കാനാകില്ലെന്നും അഡ്വക്കറ്റ് ജനറല്‍ കെ ഗോപാലകൃഷ്ണക്കുറുപ്പ് ഡിവിഷന്‍ ബെഞ്ചിനെ അറിയിച്ചു. കേന്ദ്രം നല്‍കിയ വായ്പാ സമയ പരിധിക്കുള്ളില്‍ വിനിയോഗിക്കുകയെന്നത് അപ്രായോഗികമാണെന്നും സര്‍ക്കാര്‍ മറുപടി നല്‍കി. ദുരന്ത ബാധിത പ്രദേശത്തുനിന്ന് മഴക്കാലത്തിന് മുന്‍പ് അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ നിര്‍ദേശം നല്‍കണമെന്ന് അമികസ് ക്യൂറി ഹൈക്കോടതിയില്‍ അറിയിച്ചു. ദുരന്ത ശേഷമുള്ള അവശിഷ്ടങ്ങള്‍ എത്രയുണ്ടെന്ന് കൃത്യമായി കണക്കാക്കിയിട്ടില്ലെന്ന് ദുരന്ത നിവാരണ അതോറിറ്റി വിശദീകരിച്ചു.

---- facebook comment plugin here -----

Latest