Connect with us

Kerala

ലീഗില്‍ മറ്റു ചിലരുടെ മുഖം രക്ഷിക്കാന്‍ പി എം എ സലാമിനെ ബലിയാടാക്കാന്‍ നീക്കം

ഹരിതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ വഷളാക്കിയത് പി എം എ സലാമെന്ന് കാണിച്ച് എം എസ് എഫിലെ ഒരു വിഭാഗം രംഗത്തുവന്നത് പാര്‍ട്ടിയിലെ ചില മുതിര്‍ന്ന നേതാക്കളുടെ നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാനുള്ള അടവാണെന്നാണു വിവരം.

Published

|

Last Updated

കോഴിക്കോട് | എം എസ് എഫ് വനിതാ വിഭാഗമായ ഹരിതയുടെ സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടതിലൂടെ പാര്‍ട്ടിക്കുള്ളിലും പുറത്തും മുസ്്ലിം ലീഗിന്റെ ജനാധിപത്യ ഘടനയും സ്ത്രീകളോടുള്ള സമീപനവും ചോദ്യം ചെയ്യപ്പെട്ട പശ്ചാത്തലത്തില്‍ ചില നേതാക്കളുടെ മുഖം രക്ഷിക്കാന്‍ ജന. സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന പി എം എ സലാമിനെ ബലിയാടാക്കാന്‍ നീക്കം. ഐ എന്‍ എല്‍ വിട്ട് ലീഗില്‍ എത്തിയ ഇദ്ദേഹം, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ നിലവിലെ ജന. സെക്രട്ടറി കെ പി എ മജീദ് മത്സരിക്കാന്‍ ഇറങ്ങിയതോടെയാണ് ജന. സെക്രട്ടറിയുടെ ചുമതലയില്‍ എത്തിയത്. തിരഞ്ഞെടുപ്പില്‍ യു ഡി എഫിനും ലീഗിനും കനത്ത തിരിച്ചടി നേരിട്ടതോടെ വരാനിരിക്കുന്ന ഗുരുതരമായ രാഷട്രീയ സാഹചര്യത്തില്‍ തനിക്കു ലഭിച്ച ഉത്തരവാദിത്വം നിര്‍വഹിക്കാന്‍ പരിശ്രമിക്കുന്നതിനിടെയാണ് അദ്ദേഹത്തെ ബലിയാടാക്കി പാര്‍ട്ടിയുടെ മുഖം രക്ഷിക്കാന്‍ ചില കേന്ദ്രങ്ങള്‍ കരുനീക്കുന്നത്.

ഹരിതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ വഷളാക്കിയത് പി എം എ സലാമെന്ന് കാണിച്ച് എം എസ് എഫിലെ ഒരു വിഭാഗം രംഗത്തുവന്നത് പാര്‍ട്ടിയിലെ ചില മുതിര്‍ന്ന നേതാക്കളുടെ നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാനുള്ള അടവാണെന്നാണു വിവരം. എം എസ് എഫ് ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂറിന്റെ നേതൃത്വത്തില്‍ എട്ട് സംസ്ഥാന ഭാരവാഹികള്‍ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിക്ക് നല്‍കിയ കത്തിലാണ് ഈ വിമര്‍ശനം ഉന്നയിച്ചത്. പി എം എ സലാമിന്റെ അപക്വമായ ഇടപെടലാണ് പരാതി വനിതാകമ്മീഷന്‍ വരെ എത്തിച്ചതെന്നും പ്രശ്നം കൈകാര്യം ചെയ്യുന്നതില്‍ അദ്ദേഹത്തിനു വലിയ പാളിച്ചയുണ്ടായി എന്നുമാണ് ആരോപണം.

ഹരിത നേതാക്കള്‍ക്കെതിരെ ലൈംഗികാധിക്ഷേപം നടത്തിയ സംസ്ഥാന പ്രസിഡന്റ് പി കെ നവാസിനെ എതിര്‍ക്കുന്ന എം എസ് എഫിലെ പ്രബല വിഭാഗമാണ് കത്തയച്ചിരിക്കുന്നത്. കുഞ്ഞാലിക്കുട്ടിയുടെ നിര്‍ദ്ദേശ പ്രകാരമാണ് പി എം എ സലാം പ്രവര്‍ത്തിച്ചത് എന്നു വ്യക്തമായി അറിയാവുന്നവരാണ് ഇവര്‍. കുഞ്ഞാലിക്കുട്ടിക്കെതിരെ ശബ്ദിക്കാന്‍ ധൈര്യമില്ലാത്ത ഈ വിഭാഗം പി എം എ സലാമിനെ മറയാക്കുകയാണെന്നാണു വിവരം. എം എസ് എഫില്‍ ഒരു വിഷയം ഉയര്‍ന്നു വന്നാല്‍ സംഘടനയുടെ മേല്‍ക്കമ്മിറ്റികള്‍ ഇടപെട്ടാണു പ്രശ്നം പരിഹരിക്കേണ്ടതെന്നും അതില്‍ ലീഗ് നേതൃത്വം ഇടപെട്ടത് സംഘടനയുടെ ജനാധിപത്യ ഘടനക്ക് എതിരാണെന്നും കരുതുന്ന ഈ വിഭാഗം ഇക്കാര്യം പരസ്യമായി പറയാന്‍ കഴിയാതെ പി എം സലാമിനെ പ്രതിക്കൂട്ടില്‍ കയറ്റുകയാണ്.

ഐ എന്‍ എല്‍ സംസ്ഥാന ജന. സെക്രട്ടറിയായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെ പാര്‍ട്ടിയെ മുസ്്ലിം ലീഗില്‍ ലയിപ്പിക്കാന്‍ കരുനീക്കം നടത്തി എന്നാരോപിച്ച് 2011 ലാണ് എം എല്‍ എ ആയിരുന്ന പി എം എ സലാമിനെ ഐ എന്‍ എല്‍ ദേശീയ ചെയര്‍മാന്‍ പ്രഫ. മുഹമ്മദ് സുലൈമാന്റെ നിര്‍ദ്ദേശ പ്രകാരം അന്നത്തെ സംസ്ഥാന പ്രസിഡന്റ് എസ് എ പുതിയവളപ്പില്‍ പദവിയില്‍ നിന്നു നീക്കിയത്. ദീര്‍ഘകാലം ഇടതുമുന്നണിയുടെ പുറമ്പോക്കില്‍ കഴിഞ്ഞിട്ടും അംഗീകാരമൊന്നും ലഭിക്കാത്തതിനലെ നിരാശയായിരുന്നു സലാമിനെ ലീഗില്‍ എത്തിച്ചത്. എന്നാല്‍ ഇപ്പോള്‍ ഐ എന്‍ ഇടതുമുന്നണിയില്‍ അംഗമാവുകയും ഒരു മന്ത്രിയെ ലഭിക്കുകയും ചെയ്തതോടെ സലാം പഴയ തട്ടകത്തിലേക്കു കണ്ണു വച്ചിരിക്കയാണെന്നും അതിനായി ലീഗിനെ കളങ്കപ്പെടുത്താന്‍ കരുനീക്കുകയാണെന്നും പ്രചരിപ്പിച്ച് അദ്ദേഹത്തെ പ്രതിസ്ഥാനത്തു നിര്‍ത്തുന്ന തരത്തിലുള്ള കരുനീക്കമാണ് നടക്കുന്നത്.

ലീഗില്‍ സമവായത്തിന്റെ അടിസ്ഥാനത്തിലാണ് പി എം എ സലാം സംസ്ഥാന ജനറല്‍ സെക്രട്ടറി പദത്തില്‍ എത്തിയത്. തെക്കന്‍ ജില്ലകളില്‍ അടക്കം മികച്ച പ്രവര്‍ത്തനം നടത്തി പ്രവര്‍ത്തകരുടെ പിന്‍തുണ ആര്‍ജിക്കുന്ന അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തില്‍ നേതൃത്വത്തിലെ ചിലര്‍ അസ്വസ്ഥരായിട്ടുണ്ട്. തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ പി എം എ സലാമിന് മുന്നിലുണ്ടായിരുന്ന ഏറ്റവും വലിയ വെല്ലുകളില്‍ ഒന്നായിരുന്നു എറണാകുളം ജില്ലയിലെ തര്‍ക്കം. ശക്തമായ ഗ്രൂപ്പുപോര് നിലനിന്ന എറണാകുളം ജില്ലയില്‍ ഈ തെരഞ്ഞെടുപ്പോടെ ആകെയുണ്ടായിരുന്ന ഒരു സീറ്റും നഷ്ടമായി. കഴിഞ്ഞ ദിവസം കൊച്ചിയില്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തില്‍ പി എം എ സലാം ജില്ലയിലെ ഗ്രൂപ്പു വടം വലിക്കെതിരെ ശക്തമായ മുന്നറിയിപ്പു നല്‍കിയിരുന്നു. എന്നാല്‍ മുതിര്‍ന്ന സംസ്ഥാന നേതാവിനെ അനുകൂലിക്കുന്നവര്‍ തന്നെയാണ് ജില്ലയില്‍ ഗ്രൂപ്പുകളെ നയിക്കുന്നത്.

മറ്റൊരു പാര്‍ട്ടിയില്‍ നിന്നു കുടിയേറിയിട്ട് ഇപ്പോള്‍ തങ്ങളെ താക്കീതു ചെയ്യാന്‍ ഇദ്ദേഹമാര് എന്ന നിലയിലാണ് പി എം എ സലാമിനെതിരെ ഒരു വിഭാഗം അണിയറ നീക്കം തുടങ്ങിയതെന്നാണു വിവരം. സലാമിനെ നീക്കി കെ പി എ മജീദിനെ സംസ്ഥാന ജനറല്‍ സെക്രട്ടറി പദവിയിലേക്ക് തിരികെ കൊണ്ടുവരണം എന്ന ആവശ്യം പാര്‍ട്ടിയില്‍ ഉയര്‍ന്നിട്ടുണ്ട്. സലാമിന് ജന. സെക്രട്ടറി എന്ന നിലയയില്‍ പൂര്‍ണ അധികാരമോ പദവിയോ വിട്ടു നല്‍കരുതെന്നു വാശി പിടിക്കുന്നവരും പാര്‍ട്ടിയിലുണ്ട്. ഇക്കാരണത്താലാണ് സംസ്ഥാന ജന. സെക്രട്ടറിക്കുള്ള പാര്‍ട്ടിയുടെ കാര്‍ കെ പി എ മജീദ് വിട്ടുകൊടുക്കാത്തതെന്നും വിവരമുണ്ട്.

ഹരിതക്കെതിരെ മുസ്്ലിം ലീഗ് നേതൃത്വം സ്വീകരിച്ച ജനാധിപത്യ വിരുദ്ധ നിലപാടുകള്‍ക്കെതിരെ എം എസ് എഫിനകത്ത് വലിയ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. കാമ്പസില്‍ എം എസ് എഫ് പരിഹാസ്യമായിത്തീരുന്നു എന്നതാണ് വലിയൊരു വിഭാഗത്തെ അലട്ടുന്നത്. കുറ്റം ചെയ്ത പി കെ നവാസ് അടക്കമുള്ള നേതാക്കള്‍ക്കെതിരെ നടപടി എടുക്കാത്ത ലീഗ് നേതൃത്വത്തിന്റെ നിലപാടില്‍ പ്രതിഷേധമുള്ളവരാണ് ഭൂരിഭാഗം എം എസ് എഫ് ജില്ലാ കമ്മിറ്റികളും. ഹരിതക്ക് പിന്തുണയര്‍പ്പിച്ച് എം എസ് എഫിന്റെ 11 ജില്ലാ കമ്മിറ്റികള്‍ നേരത്തെ രംഗത്തു വന്നിരുന്നു. സ്ത്രീത്വത്തെ അപമാനിച്ച സംസ്ഥാന നേതൃത്വത്തിനെതിരെ നടപടി വേണമെന്ന് ഈ ജില്ലാ കമ്മിറ്റികള്‍ ലീഗ് നേതൃത്വത്തിന് കത്ത് നല്‍കിയിരുന്നു. ഹരിതക്കെതിരായ നടപടിയില്‍ പ്രതിഷേധിച്ച് എം എസ് എഫ് സീനിയര്‍ വൈസ് പ്രസിഡന്റ് എ പി അബ്ദുസമദും കലിക്കറ്റ് യൂനിവേഴ്സിറ്റി കമ്മിറ്റിയും അടക്കം വലിയതോതില്‍ രാജിയും നടക്കുന്നുണ്ട്.

ഈ നീക്കങ്ങളെല്ലാം തടയുന്നതിന് പി എം എ സലാമിനെ ബലിയാടാക്കാനുള്ള നീക്കമാണ് നടക്കുന്നത് എന്നാണ് മറ്റൊരു വിഭാഗം സംശയിക്കുന്നത്.

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്