Connect with us

Reserve Bank Of India

സഹകരണ സംഘങ്ങൾക്കെതിരായ നീക്കം: ആർ ബി ഐ നിലപാട് ബാലിശം

നടപടി സ്വകാര്യ കുത്തക ബേങ്കുകൾക്ക് ഗ്രാമീണ മേഖലയിലേക്ക് കടന്നുകയറാൻ വഴിയൊരുക്കും

Published

|

Last Updated

തിരുവനന്തപുരം | രാജ്യത്തെ സഹകരണ സംഘങ്ങൾക്കെതിരായ നീക്കം ശക്തമാക്കുന്നതിനായി റിസർവ് ബേങ്ക് ഉന്നയിക്കുന്ന കാരണങ്ങൾ ബാലിശം. സഹകരണ സംഘങ്ങൾ ബേങ്ക്, ബേങ്കർ, ബേങ്കിംഗ് എന്നീ പദങ്ങൾ ഉപയോഗിക്കാൻ പാടില്ല, സഹകരണ സംഘങ്ങളിലെ അംഗങ്ങൾ അല്ലാത്തവരിൽ നിന്ന് നിക്ഷേപം സ്വീകരിക്കരുത്, സഹകരണ സംഘങ്ങളുടെ നിക്ഷേപങ്ങൾക്ക് ഇൻഷ്വറൻസ് പരിരക്ഷ ഉണ്ടാകില്ല തുടങ്ങിയ ഉപാധികളാണ് സഹകരണ ബേങ്കുകൾക്കെതിരെ റിസർവ് ബേങ്ക് മുന്നോട്ടുവെച്ചിരിക്കുന്നത്. ഇക്കാര്യം ഉന്നയിച്ച് റിസർവ് ബേങ്ക് മലയാള പത്രങ്ങളിലുൾപ്പെടെ പരസ്യം നൽകുകയും ചെയ്തിരുന്നു. ഇത് നിക്ഷേപങ്ങൾ തടയപ്പെടാൻ കാരണമാകുകയും സഹകരണ മേഖലയെ ആശ്രയിക്കുന്ന സംസ്ഥാനങ്ങൾക്ക് തിരിച്ചടിയാകുകയും ചെയ്യും.

അതേസമയം, റിസർവ് ബേങ്ക് തടയുന്ന “ബേങ്ക്’ എന്ന പദപ്രയോഗം സംബന്ധിച്ച് കേരളം നേരത്തേ തന്നെ നിയമ നടപടികൾ സ്വീകരിച്ചിരുന്നു. സംസ്ഥാനത്തെ സഹകരണ സംഘങ്ങൾ പൂർണമായ ബേങ്കിംഗ് സേവനങ്ങൾ നൽകുന്നില്ലെങ്കിലും കഴിഞ്ഞ 65 വർഷമായി ബേങ്ക് എന്ന പദം ഉപയോഗിച്ചുവരുന്നുണ്ടെന്ന് ഇതുമായി ബന്ധപ്പെട്ട് 2019ൽ നിർദേശം ഉയർന്ന സമയത്ത് തന്നെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെയുൾപ്പെടെ ബോധിപ്പിച്ചിരുന്നു. നിലവിൽ സഹകരണ സംഘങ്ങളിലെ അംഗങ്ങൾക്ക് മാത്രമാണ് നിക്ഷേപത്തിന് അനുമതിയുള്ളത്. എന്നാൽ, അംഗങ്ങളിൽ എ, ബി, സി കാറ്റഗറികളിൽ എ കാറ്റഗറിയിൽ പെട്ടവർക്ക് മാത്രമാണ് വോട്ടവകാശമുള്ളത്. ബി, സി കാറ്റഗറിയിലുള്ളവർ ഇടപാടുകൾക്ക് മാത്രമായി അംഗത്വമെടുക്കുന്നതിനാൽ അവർ വോട്ടവകാശത്തിന് താത്പര്യപ്പെടാത്തവരാണ്. ഇതിന് സുപ്രീം കോടതി നേരത്തേ അംഗീകാരം നൽകുകയും ചെയ്തിരുന്നു.

റിസർവ് ബേങ്ക് ചൂണ്ടിക്കാട്ടുന്ന ഡെപ്പോസിറ്റ് ഇൻഷ്വറൻസ് ആൻഡ് ക്രഡിറ്റ് ഗ്യാരണ്ടി കോർപറേഷന്റെ ഇൻഷ്വറൻസ് പരിരക്ഷക്ക് നേരത്തെ തന്നെ സഹകരണ സംഘങ്ങൾ അർഹരല്ല. കോർപറേഷന്റെ ഇൻഷ്വറൻസ് പരിരക്ഷക്ക് ദേശസാത്കൃത, പൊതുമേഖല, ഷെഡ്യൂൾഡ് ബേങ്കുകൾക്ക് മാത്രമാണ് അർഹതയുണ്ടായിരിക്കുകയെന്ന് കമ്പനി മാർഗനിർദേശങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ സഹകരണ സംഘങ്ങളിലെ നിേക്ഷപകർക്കായി സംസ്ഥാന സർക്കാർ നൽകി വരുന്ന ഗ്യാരന്റി സ്‌കീം നിലവിലുണ്ട്. രണ്ട് ലക്ഷം രൂപ വരെയുള്ള ഇൻഷ്വറൻസ് ആനുകൂല്യങ്ങൾ ഇതുവഴി ലഭിക്കും. എന്നിരിക്കെ ഇൻഷ്വറൻസ് പരിരക്ഷയുണ്ടാകില്ലെന്ന റിസർവ് ബേങ്കിന്റെ വാദം നിക്ഷേപകരെ തെറ്റിദ്ധരിപ്പിക്കുന്നതാണ്.

അതോടൊപ്പം, 2016ൽ റിസർവ് ബേങ്ക് ഒരു സ്വതന്ത്ര സാമൂഹിക സംഘടനയെ ഉപയോഗിച്ച് നടത്തിയ സർവേയിൽ കേരളത്തിൽ സഹകരണ ബേങ്കുകളുടെ വിശ്വാസ്യത സംബന്ധിച്ച് മികച്ച പ്രതികരണമാണ് ലഭിച്ചത്. കേരളത്തിൽ പൊതുമേഖലാ ഷെഡ്യൂൾഡ് ബേങ്കുകളേക്കാൾ ജനങ്ങൾ ആശ്രയിക്കുന്നത് സഹകരണ സംഘങ്ങളെയാണെന്നായിരുന്നു സർവേയുടെ കണ്ടെത്തൽ. ഇതു പരിഗണിച്ച റിസർവ് ബേങ്ക്, കേരളത്തിലെ സഹകരണ മേഖലയെ മാതൃകയാക്കണമെന്ന് മുഴുവൻ സംസ്ഥാനങ്ങളോടും ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് റിസർവ് ബേങ്ക് സഹകരണ സംഘങ്ങളെ തകർക്കുന്ന നിലപാട് ശക്തമാക്കിയിരിക്കുന്നുവെന്നത് കൗതുകകരമാണ്.

അതേസമയം, റിസർവ് ബേങ്കിന്റെ നീക്കം കേരളത്തിലെ ഗ്രാമീണ ജനതയെ കൈപിടിച്ചുയർത്തുന്ന സഹകരണ സംഘങ്ങളെ തകർക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. രാജ്യത്ത് നിയമപരമായി പ്രവർത്തിക്കുന്ന ക്രെഡിറ്റ് സഹകരണ സംഘങ്ങളുടെ 69 ശതമാനവും കേരളത്തിലാണ്. 31 ശതമാനം മഹാരാഷ്ട്രയിലും പത്ത് ശതമാനം കർണാടകയുൾപ്പെടെയുള്ള മറ്റു സംസ്ഥാനങ്ങളിലുമാണ്. സഹകരണ മേഖലയുമായി ബന്ധപ്പെട്ട ആർ ബി ഐയുടെ ഇപ്പോഴത്തെ നീക്കം ഉന്നത ധനകാര്യ സ്ഥാപനത്തിന്റെ ഇടപെടലിനപ്പുറം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്ന് വ്യക്തമാക്കുന്നതാണ് ഈ കണക്കുകൾ.

പൊതുമേഖല, വാണിജ്യ ബേങ്കുകൾ കൈയൊഴിഞ്ഞ ഗ്രാമീണ മേഖലയുടെ സാമ്പത്തിക നട്ടെല്ല് സഹകരണ ബേങ്കുകളാണെന്നിരിക്കെ റിസർവ് ബേങ്കിന്റെ നീക്കം സ്വകാര്യ ബേങ്കുകൾക്ക് കളമൊരുക്കുന്നതാണ്. ഗ്രാമങ്ങളിൽ കേരള ബേങ്കിനെ മുൻ നിർത്തിയുള്ള സഹകരണ മേഖലയുടെ പ്രവർത്തനങ്ങൾ ഇല്ലാതാക്കി സ്വകാര്യ കുത്തക ബേങ്കുകൾക്ക് അവസരമൊരുക്കാൻ കേന്ദ്ര സർക്കാർ റിസർവ് ബേങ്കിനെ ആയുധമാക്കുകയാണെന്ന് വ്യക്തമാണ്.

സംസ്ഥാനത്ത് 12 പൊതുമേഖലാ വാണിജ്യ ബേങ്കുകൾക്കും 20 സ്വകാര്യ വാണിജ്യ ബേങ്കുകൾക്കും രണ്ട് സ്‌മോൾ ബിസിനസ്സ് ബേങ്കുകൾക്കും കേരള ഗ്രാമീൺ ബേങ്കിനുമായി ആകെ 6,565 ശാഖകളാണുള്ളത്. ഇവയിൽ ഗ്രാമീണ ശാഖകൾ 426 എണ്ണം മാത്രമാണ്. നിലവിൽ ഗ്രാമീണ മേഖലയിലേക്ക് കടന്നുകയറാൻ സ്വകാര്യ ബേങ്കുകൾക്കും ബേങ്കിംഗ് ഇതര പണമിടപാട് സ്ഥാപനങ്ങൾക്കും സഹകരണ ബേങ്കുകൾ തടസ്സമാണെന്നിരിക്കെ, ഈ തടസ്സം നീക്കാനാണ് റിസർവ് ബേങ്കിനെ ഉപയോഗിച്ച് നീക്കം നടത്തുന്നത്.

നിലവിൽ സംസ്ഥാനത്ത് 3,676 വായ്പാ സഹകരണ സംഘങ്ങൾ, കേരള ബേങ്ക്, 51 അർബൻ ബേങ്കുകൾ, ഒരു എംപ്ലോയീസ് സഹകരണ സംഘം, മലപ്പുറം ജില്ലാ സഹകരണ ബേങ്ക് എന്നിവക്കാണ് ആർ ബി ഐ ലൈസൻസുള്ളത്. പ്രാഥമിക കാർഷിക വായ്പാ സംഘങ്ങളുടെ (സർവീസ് കോ- ഓപറേറ്റീവ് ബേങ്കുകൾ) നിക്ഷേപം 70,000 കോടിയും വായ്പാ നീക്കിയിരിപ്പ് 50,000 കോടി രൂപയുമാണ്. കേരള ബേങ്കിന് 769 ശാഖകളുണ്ട്. മലപ്പുറം ജില്ലാ ബേങ്കിന് 54 ശാഖകളും. 1,600ൽപ്പരം പ്രാഥമിക ബേങ്കുകളും അവയുടെ ശാഖകളും ചേരുമ്പോൾ അതിബൃഹത്തായ ബേങ്കിംഗ് ശൃംഖലയാണ് കേരള ബേങ്കിലൂടെ സാധ്യമാകുന്നത്.

ബ്യൂറോ ചീഫ്, തിരുവനന്തപുരം