Kerala
തിരുവാണിക്കാവിലെ സദാചാര കൊലപാതകം; പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ്
രാഹുല്‍ എന്ന പ്രതി വിദേശത്തേക്ക് കടന്നു
തൃശൂര്‍ | തിരുവാണിക്കാവില്‍ സദാചാര ഗുണ്ടകളുടെ മര്‍ദനത്തില്‍ ഗുരുതര പരുക്കേറ്റ് ചേര്‍പ്പ് സ്വദേശി സഹര്‍ (32) മരിച്ച സംഭവത്തില്‍ ഒളിവില്‍ പോയ പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. കേസില്‍ എട്ട് പ്രതികളാണുള്ളത്. ഇതില്‍ രാഹുല്‍ എന്ന പ്രതി വിദേശത്തേക്ക് കടന്നു. ഇരിങ്ങാലക്കുട റൂറല്‍ എസ് പി ഐശ്വര്യ ഡോങ്‌റേയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത് പ്രതികളുടെ അറസ്റ്റ് വൈകുന്നതില്‍ പോലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടോയെന്ന കാര്യം പരിശോധിക്കുമെന്ന് എസ് പി മാധ്യമങ്ങളോട് പറഞ്ഞു.
ഫെബ്രുവരി 18ന് അര്‍ധരാത്രി ചിറയ്ക്കല്‍ തിരുവാണിക്കാവ് ക്ഷേത്രത്തിന് സമീപത്തുവെച്ചാണ് ബസ് ഡ്രൈവറായ സഹറിന് ക്രൂരമായ മര്‍ദനമേറ്റത്. സുഹൃത്തായ സ്ത്രീയുടെ വീട്ടിലെത്തിയപ്പോഴാണ് സദാചാര ആക്രമണം നടന്നത്. രാത്രി 12ന് തങ്ങളുടെ പ്രദേശത്ത് യുവാവിനെ കണ്ടത് ആറംഗ സംഘം ചോദ്യം ചെയ്യുകയും ക്രൂരമായി മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തില്‍ ആന്തരികാവയവങ്ങള്‍ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു.



