Connect with us

National

മോദിയുടെ റോഡ് ഷോ; കുട്ടികള്‍ പങ്കെടുത്തതിന് കേസെടുത്ത നടപടി തടഞ്ഞ് മദ്രാസ് ഹൈക്കോടതി

എഫ് ഐ ആര്‍ റദ്ദാക്കണമെന്ന ഹരജി ഈ മാസം 24 ന് പരിഗണിക്കും.

Published

|

Last Updated

ചെന്നൈ | പ്രധാന മന്ത്രി നരേന്ദ്ര മോദി കോയമ്പത്തൂരില്‍ നടത്തിയ റോഡ് ഷോയില്‍ കുട്ടികള്‍ പങ്കെടുത്ത സംഭവത്തില്‍ കേസെടുത്ത നടപടി തടഞ്ഞ് മദ്രാസ് ഹൈക്കോടതി. ഇത് കോയമ്പത്തൂര്‍ പോലീസിന് തിരിച്ചടിയായി. എഫ് ഐ ആര്‍ റദ്ദാക്കണമെന്ന ഹരജി ഈ മാസം 24 ന് പരിഗണിക്കും. കേസെടുത്തതിനെതിരെ സ്‌കൂള്‍ മാനേജ്‌മെന്റ് നല്‍കിയ ഹരജിയിലാണ് കോടതി ഇടക്കാല സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്.

ബി ജെ പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മോദി നടത്തിയി റോഡ് ഷോയിലാണ് കുട്ടികള്‍ പങ്കെടുത്തത്.

റോഡ് ഷോക്കെതിരെ കേസെടുത്ത സംഭവത്തില്‍ പോലീസിനെ കഴിഞ്ഞ ദിവസം കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കുട്ടികള്‍ റോഡരികില്‍ നില്‍ക്കുന്നത് എങ്ങനെയാണ് ക്രിമിനല്‍ കുറ്റമാകുന്നതെന്ന് ചോദിച്ച കോടതി കുട്ടികളെ പ്രചാരണത്തിന് ഉപയോഗിച്ചതായി കാണുന്നില്ലെന്നും വ്യക്തമാക്കിയിരുന്നു. കുട്ടികളുടെ വീട്ടുകാര്‍ പരാതി നല്‍കിയിട്ടില്ലെന്നും അനിഷ്ടസംഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. പോലീസ് മാധ്യമ സമ്മര്‍ദത്തിന് വഴങ്ങരുതെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.

പരിപാടിയില്‍ പങ്കെടുത്ത കുട്ടികള്‍ പഠിക്കുന്ന സായ് ബാബ വിദ്യാലയം സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെയാണ് സായ് ബാബ കോളനി പോലീസ് കേസെടുത്തത്. ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറുടെ പരാതിയിലായിരുന്നു നടപടി. ശ്രീ സായി ബാബ എയ്ഡഡ് മിഡില്‍ സ്‌കൂളിലെ 50-തോളം കുട്ടികള്‍ യൂണിഫോം ധരിച്ച് റോഡ് ഷോയില്‍ നില്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഒരു മാധ്യമപ്രവര്‍ത്തക എക്‌സില്‍ പോസ്റ്റ് ചെയ്തിരുന്നു.

Latest