സ്മൃതി
ജ്ഞാനപ്രഭ
അഖീദത്തുസ്സുന്ന, ഫിഖ്ഹുസ്സുന്ന, തസ്്രീഹുൽ മൻത്വിഖിന്റെ ഹാശിയ, മുല്ലാ ഹസൻ തഖ്്രീർ, രിസാലത്തുൽ മാറദീനിയുടെ ഹാശിയ തുടങ്ങിയവ അറബിയിലും തൗഹീദ് ഒരു സമഗ്രപഠനം, മതങ്ങളിലൂടെ ഒരു പഠനപര്യടനം, ഇസ്്ലാം മതം, ഫതാവാ, മദ്ഹബ് ഒരു ഹ്രസ്വപഠനം തുടങ്ങിയവ മലയാളത്തിലുമുള്ള നെല്ലിക്കുത്ത് ഉസ്താദിന്റെ രചനകളിൽ പ്രധാനപ്പെട്ടവയാണ്.
വിവിധ വിജ്ഞാനശാഖകളിൽ ആഴത്തിൽ അറിവുള്ള പണ്ഡിതനായിരുന്നു ഉസ്താദ് ശൈഖുൽ ഹദീസ് എം കെ ഇസ്മാഈൽ മുസ്്ലിയാർ നെല്ലിക്കുത്ത്. പ്രാഥമിക വിദ്യാഭ്യാസം നേടിയ ശേഷം 12 വർഷത്തോളം വിവിധ പണ്ഡിതന്മാരിൽ നിന്ന് അദ്ദേഹം വിജ്ഞാനം നുകർന്നു. 46 വർഷം അധ്യാപന രംഗത്തും ജ്വലിച്ചുനിന്നു. മർഹും മുസ്്ലിയാരകത്ത് അഹ്്മദ് മുസ്്ലിയാരായിരുന്നു പിതാവ്. പൊന്നാനി മഖ്ദും കുടുംബത്തിന്റെ ഒരു കണ്ണിയാണ് മുസ്്ലിയാരകത്ത്.
അഹമ്മദ് മുസ്്ലിയാരുടെ ജ്യേഷ്ഠ സഹോദരൻ ഇസ്മാഈൽ മുസ്്ലിയാർ പ്രമുഖ സ്വാതന്ത്ര്യ സമരപോരാളിയും ഖിലാഫത്ത് സമര നായകനും മഹാപണ്ഡിതനുമായിരുന്ന നെല്ലിക്കുത്ത് ആലി മുസ്്ലിയാരുടെ സൈന്യത്തിലെ പോരാളിയും ആലി മുസ്്ലിയാരുടെ അംഗരക്ഷകനുമായിരുന്നു.
മർഹും കുഞ്ഞിഹസ്സൻ ഹാജി നെല്ലിക്കുത്ത്, മർഹും കാട്ടുകണ്ടം കുഞ്ഞമ്മദ് മുസ്്ലിയാർ, മർഹും അബ്ദുർറഹ്മാൻ മുസ്്്ലിയാർ മഞ്ചേരി, കെ സി ജമാലുദ്ദീൻ മുസ്്ലിയാർ, മർഹും കുട്ടിമുസ്്ലിയാർ തുടങ്ങിയവർ ഗുരുവര്യരാണ്. ദയൂബന്തിലെ ദാറുൽ ഉലൂം അറബികോളജിലായിരുന്നു ഉപരിപഠനം. അല്ലാമ ഇബ്റാഹീം ബൽയാവി, സയ്യിദ് ഫഖ്ര് അഹ്മദ് തുടങ്ങിയവർ അവിടുത്തെ പ്രധാന ഗുരുവര്യരാണ്.
1965ൽ സേവന രംഗത്തേക്കിറങ്ങിയ ഉസ്താദ് മൊറയൂരിനടുത്ത അരിമ്പ്ര എടക്കോട് പള്ളിയിൽ മുദർരിസായി പൊതു ജീവിതം തുടങ്ങി. ഇടക്കൊരു വർഷം നെല്ലിക്കുത്തിലും ദർസ് നടത്തിയിട്ടുണ്ട്. തുടർന്ന് പുല്ലാരയിലും കാവനൂരിലും പെടിയാട് ആലത്തൂർ പടിയിലും ദർസ് നടത്തി. ഇക്കാലത്തിനിടക്ക് തന്റെ പ്രഖ്യാപിത ലക്ഷ്യമായ 100 പ്രഗത്ഭ ശിഷ്യന്മാരെ വളർത്തിയെടുത്തു കഴിഞ്ഞിരുന്നു.
നന്തി ദാറുസ്സലാം അറബികോളജിലെ പ്രിൻസിപ്പൽ ശംസുൽഉലമാ ഇ കെ അബുബക്കർ മുസ്്ലിയാർ നേരിട്ടുവന്ന് ക്ഷണിച്ചതിന്റെ അടിസ്ഥാനത്തിൽ അവിടെ വൈ. പ്രിൻസിപ്പലായി അഞ്ച് വർഷം സേവനമനുഷ്ഠിച്ചു. ശേഷം കാരന്തൂർ മർകസ് ശരീഅത്ത് കോളജിൽ “ശൈഖുൽ ഹദീസാ’യി നിയമിക്കപ്പെട്ടു. സമസ്ത വൈ പ്രസിഡന്റ്, മലപ്പുറം ജില്ലാ പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചു. മലപ്പുറം ജില്ല സംയുക്ത മഹല്ല് ഖാസിയായിരുന്നു.
അറബിയിലും മലയാളത്തിലുമായി ബൃഹത്തായ നിരവധി രചനകൾ അദ്ദേഹത്തിന്റെ സംഭാവനയാണ്. പ്രസിദ്ധ ഹദീസ് ഗ്രന്ഥമായ മിശ്കാത്തിന് എട്ട് വാള്യങ്ങളിലായി മിർആത്ത് എന്ന പേരിൽ കനപ്പെട്ട ഹാശിയ എഴുതി. കേരളത്തിൽ നിന്ന് വിരചിതമായ ഏറ്റവും വലിയ അറബി ഗ്രന്ഥമാണ് മിർആത്ത്. ഓരോ വിഷയത്തിലും നാല് മദ്ഹബുകളും വിശദീകരിക്കുന്നതോടൊപ്പം ശാഫിഈ മദ്ഹബിന്റെ പ്രമാണങ്ങൾ സമർഥിക്കുന്ന ശൈലിയാണ് ഇതിൽ സ്വീകരിച്ചിരിക്കുന്നത്.
അഖീദത്തുസ്സുന്ന, ഫിഖ്ഹുസ്സുന്ന, തസ്്രീഹുൽ മൻത്വിഖിന്റെ ഹാശിയ, മുല്ലാ ഹസൻ തഖ്്രീർ, രിസാലത്തുൽ മാറദീനിയുടെ ഹാശിയ തുടങ്ങിയവ അറബിയിലും തൗഹീദ് ഒരു സമഗ്രപ ഠനം, മതങ്ങളിലൂടെ ഒരു പഠനപര്യടനം, ഇസ്്ലാം മതം, ഫതാവാ, (3 വാള്യം) മദ്ഹബ് ഒരു ഹ്രസ്വപഠനം തുടങ്ങിയവ മലയാളത്തിലുമുള്ള രചനകളിൽ പ്രധാനപ്പെട്ടവയാണ്. സഖാഫിമാരും ദാരിമിമാരും ഉൾക്കൊള്ളുന്ന 8000ലധികം പണ്ഡിതന്മാർ ശൈഖുനയുടെ ശിഷ്യ സമ്പത്താണ്. ഉസ്താദിന് നൽകിയ അനുഗ്രഹങ്ങളെ അല്ലാഹു ഏറ്റിക്കൊടുക്കട്ടെ. അവിടുത്തെ പദവികൾ ഉയർത്തട്ടെ.
Content Highlights:
Shaikhual Hadith M.K. Ismail Musliyar Nellikkuth was a towering Islamic scholar, teacher, and author from Kerala. He studied at Darul Uloom Deoband and served institutions like Markaz Sharia College. His monumental 8-volume work Mirath remains a major scholarly contribution.



