Connect with us

National

സുരക്ഷാ മുന്നറിയിപ്പ്; ഫ്രാങ്ക്ഫര്‍ട്ട്-ഡല്‍ഹി എയര്‍ ഇന്ത്യ വിമാനം ജയ്പൂരിലേക്ക് തിരിച്ചുവിട്ടു

ബോയിംഗ് 787-9 വിമാനമായ AI2030, ജയ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി.

Published

|

Last Updated

ന്യൂഡല്‍ഹി | സുരക്ഷാ മുന്നറിയിപ്പിനെ തുടര്‍ന്ന് ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം ജയ്പൂരിലേക്ക് തിരിച്ചുവിട്ടു. ബോയിംഗ് 787-9 വിമാനമായ AI2030, ജയ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കുകയും സുരക്ഷാ പരിശോധനക്കായി പ്രത്യേക മേഖലയിലേക്ക് (ഐസൊലേഷന്‍ ബേ) മാറ്റുകയും ചെയ്തതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

ഭീഷണിയെ തുടര്‍ന്നുണ്ടായ അടിയന്തര ലാന്‍ഡിംഗിനെക്കുറിച്ച് വിമാനത്താവള അധികൃതര്‍ പോലീസിനെ അറിയിച്ചിരുന്നതായി അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ (മാല്‍വിയ നഗര്‍) ശിവ് ദയാല്‍ പറഞ്ഞു.
ഐസൊലേഷന്‍ ബേയില്‍ വെച്ച് പോലീസും സുരക്ഷാ ഉദ്യോഗസ്ഥരും വിമാനത്തില്‍ പരിശോധന നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

പൈലറ്റ് ഹൈജാക്ക് മുന്നറിയിപ്പ് കോഡ് ഉപയോഗിച്ചതായി റിപ്പോര്‍ട്ട്
മുംബൈ ഫ്‌ളൈറ്റ് ഇന്‍ഫര്‍മേഷന്‍ റീജ്യണില്‍ (FIR) വിമാനം സഞ്ചരിക്കുമ്പോള്‍ പൈലറ്റ് ‘സ്‌ക്വാക്ക് കോഡ് 7500’ (squawk Code 7500) സജീവമാക്കിയിരുന്നുവെന്നാണ് പ്രാഥമിക വിവരങ്ങള്‍ ഉദ്ധരിച്ചുള്ള പി ടി ഐ റിപോര്‍ട്ട്. വിമാനം റാഞ്ചപ്പെട്ടെന്നോ നിയമവിരുദ്ധമായ ഇടപെടല്‍ നടന്നെന്നോ സൂചിപ്പിക്കുന്ന അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ട ട്രാന്‍സ്പോണ്ടര്‍ കോഡാണിത്. തുടര്‍ന്ന് വിമാനം ജയ്പൂരിലേക്ക് തിരിച്ചുവിടുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരുടെ എണ്ണം സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

വിമാനം സുരക്ഷിതമായി ഇറങ്ങിയ ശേഷം, സുരക്ഷാ ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ പൈലറ്റുമാരെയും യാത്രക്കാരെയും ഘട്ടംഘട്ടമായി പുറത്തിറക്കി. യാത്രക്കാരുടെയും അവരുടെ ലഗേജുകളുടെയും സുരക്ഷാ പരിശോധന നടന്നുവരികയാണ്.

Content Highlights:
An Air India flight traveling from Frankfurt to New Delhi was urgently diverted to Jaipur due to a sudden security alert. Passengers and crew underwent mandatory security checks upon landing as authorities investigated the alert. Officials confirmed that all safety protocols were strictly followed during the unexpected diversion.

 

Latest