Connect with us

Kerala

രോഗിയുമായി പോയ ആംബുലന്‍സിടിച്ച് മധ്യവയസ്‌കന്‍ മരിച്ചു

പത്തനംതിട്ട ഇലന്തൂര്‍ പാലച്ചുവട് പുളിനില്‍ക്കുന്നതില്‍ മാത്യു ടി ശാമുവേല്‍ (റെജി-58) ആണ് മരിച്ചത്.

Published

|

Last Updated

പത്തനംതിട്ട | രോഗിയുമായി പോയ ആംബുലന്‍സ് നിയന്ത്രണംവിട്ട് വീട്ടുപറമ്പിലേക്ക് ഇടിച്ച് കയറിയുണ്ടായ അപകടത്തില്‍ മധ്യവയസ്‌കന്‍ മരിച്ചു. ഇലന്തൂര്‍ പാലച്ചുവട് പുളിനില്‍ക്കുന്നതില്‍ മാത്യു ടി ശാമുവേല്‍ (റെജി-58) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് 6.30 ഓടെ പാലച്ചുവടിന് സമീപമാണ് അപകടം.

ഇതേ സ്ഥലത്ത് തൊട്ടുമുമ്പ് കാറപകടമുണ്ടായതറിഞ്ഞ് എത്തിയ ആള്‍ക്കൂട്ടത്തിലേക്കാണ് ആംബുലന്‍സ് ഇടിച്ച് കയറിയത്. അസുഖബാധിതനായ മുറിഞ്ഞകല്‍ പാലവിളയില്‍ സജിന്‍ രാജ് (42)മായി കോന്നി ബിലിവേഴ്‌സ് ആശുപത്രിയില്‍ നിന്ന് കെ എം ചെറിയാന്‍ മെമ്മോറിയല്‍ ആശുപത്രിയിലേക്ക് പോയ ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്. വാഹനം നിയന്ത്രണം വിട്ട് വലിയകാലായില്‍ ജോണിന്റെ വീടിന്റെ പറമ്പിലേക്ക് മറിയുകയായിരുന്നു. ഇതിന് അല്‍പനേരം മുമ്പാണ് കുഴിക്കാല സ്വദേശി ജെബിന്‍ ഓടിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. റോഡില്‍ നിന്ന് തെന്നിമാറി പറമ്പിലേക്ക് മറിഞ്ഞ് തലകീഴായി കിടക്കുകയായിരുന്നു കാര്‍. ജെബിന് പരുക്കില്ലാതെ രക്ഷപ്പെട്ടു.

അപകട വിവരമറിഞ്ഞ് എത്തിയതായിരുന്നു അയല്‍വാസിയായ മാത്യു ഉള്‍പ്പെടെയുള്ളവര്‍. ഇവര്‍ക്കിടയിലേക്കാണ് ആംബുലന്‍സ് ഇടിച്ച് കയറിയത്. ഒരു ഇരുചക്രവാഹനത്തെയും ഇടിച്ചു. ആംബുലന്‍സിന്റെ ഇടിയേറ്റ് മാത്യു തെറിച്ച് പോയി. മറിഞ്ഞുകിടന്ന കാറില്‍ ഇടിച്ചാണ് ആംബുലന്‍സ് നിന്നത്. ആംബുലന്‍സിലുണ്ടായിരുന്ന രോഗി സജിന്‍ രാജ്, ഭാര്യ വിനീത മോഹന്‍, മാതാവ് സജി ദേവി, വിനീതിന്റെ സഹോദരന്‍ സജു എന്നിവരും സ്റ്റാഫ് നഴ്‌സുമാണ് ആംബുലന്‍സില്‍ ഉണ്ടായിരുന്നത്. ഇവരും ഡ്രൈവര്‍ ജോബിനും പുറത്തിറങ്ങാനാകാതെ കുടുങ്ങി. പിന്നീട് പത്തനംതിട്ടയില്‍ നിന്ന് അഗ്നിരക്ഷാ സേനയെത്തി ആംബുലന്‍സ് പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. എല്ലാവരെയും പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിനീതിന് പ്രാഥമിക ചികിത്സ നല്‍കി ചെങ്ങന്നൂരിലേക്ക് കൊണ്ടുപോയി. മാത്യുവിന്റെ മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. ഭാര്യ: ജോളി. മക്കള്‍: പ്രീന (കാനഡ), പ്രിറ്റി (നഴ്‌സ്, പൊയ്യാനില്‍ ആശുപത്രി, കോഴഞ്ചേരി).

 

Latest