Connect with us

From the print

കാരുണ്യ ഫാര്‍മസികളില്‍ മരുന്ന് ക്ഷാമം

എട്ട് മാസമായി അവശ്യമരുന്നില്ല

Published

|

Last Updated

കണ്ണൂര്‍ | അവയവമാറ്റ ശസ്ത്രക്രിയക്ക് വിധേയരായവര്‍ ഉപയോഗിക്കുന്ന അവശ്യമരുന്നുകള്‍ക്കുള്‍പ്പെടെ സംസ്ഥാനത്തെ കാരുണ്യ ഫാര്‍മസികളില്‍ ക്ഷാമം. മാസങ്ങളായി കാരുണ്യയില്‍ മരുന്ന് ലഭിക്കാതെവന്നതോടെ ഇരട്ടിയിലേറെ വില നല്‍കി മറ്റ് ഫാര്‍മസികളില്‍ നിന്നാണ് ചികിത്സയിലുള്ളവര്‍ മരുന്ന് വാങ്ങുന്നത്.
ശസ്ത്രക്രിയക്ക് വിധേയരായവരില്‍ ഭൂരിഭാഗം പേരും ഉപയോഗിക്കുന്ന മരുന്നുകളായ സെല്‍സെപ്റ്റ്, റെന്റാഫ്, ബയോമസ്, ടാക്രോഗ്രാഫ് എന്നിവയൊന്നും മാസങ്ങളായി കിട്ടാനില്ല. ശസ്ത്രക്രിയക്ക് വിധേയവരായവര്‍ ആജീവനാന്തം ഇത്തരം മരുന്നുകള്‍ ഉപയോഗിക്കണമെന്നിരിക്കെ, ഇവ മറ്റ് ഫാര്‍മസികളില്‍ നിന്ന് ഇരട്ടിയിലേറെ വിലക്ക് വാങ്ങേണ്ടിവന്നതോടെ പ്രതിമാസം ആയിരക്കണക്കിന് രൂപയാണ് അധികമായി നല്‍കേണ്ടിവരുന്നത്.

പ്രധാന മരുന്നുകളിലൊന്നായ സെല്‍സെപ്റ്റിന് രണ്ട് മാസത്തേക്ക് കാരുണ്യയില്‍ 1,500 രൂപ വില നല്‍കേണ്ടിടത്ത് 3,900 രൂപയാണ് മറ്റ് ഫാര്‍മസികളില്‍ ഈടാക്കുന്നത്. മറ്റ് മരുന്നുകള്‍ക്കെല്ലാം ഇത്തരത്തില്‍ വലിയ വിലയാണ് നൽകേണ്ടിവരുന്നത്.

ജില്ലാ പഞ്ചായത്തുകള്‍ ജില്ലാ ആശുപത്രികള്‍ വഴിയും മറ്റും രോഗികള്‍ക്ക് സാന്ത്വനമായി മരുന്ന് വിതരണം നടത്തിയിരുന്നെങ്കിലും അത് തുടരാന്‍ കഴിയാത്ത സ്ഥിതിയാണ്. ജില്ലാ ആശുപത്രികള്‍ വഴി വൃക്കരോഗികള്‍ക്ക് നല്‍കിവന്നിരുന്ന റെന്റാഫ് അവസാനമായി കണ്ണൂരില്‍ നല്‍കിയത് കഴിഞ്ഞ വര്‍ഷം നവംബര്‍ ഏഴിനായിരുന്നു. അതിന് ശേഷം ഈ മരുന്ന് കാരുണ്യ ഫാർമസി വഴി വിതരണം ചെയ്യാന്‍ ലഭിച്ചിട്ടില്ല. സെല്‍സെപ്റ്റ് കഴിഞ്ഞ ഏപ്രിലിലാണ് 100 എണ്ണം ജില്ലാ ആശുപത്രിയിലെ പ്രത്യേക കൗണ്ടര്‍ വഴി വിതരണത്തിനെത്തിയത്.
സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലും ഇത്തരം മരുന്നുകള്‍ക്ക് ക്ഷാമമാണ്. ആരോഗ്യസ്ഥിതി വിലയിരുത്തിയാണ് വൃക്കരോഗികള്‍ക്ക് ഡോക്ടര്‍മാര്‍ മരുന്ന് കുറിക്കുന്നത്. ഡോക്ടര്‍മാര്‍ കുറിച്ചുനല്‍കുന്ന അതേ ബ്രാന്‍ഡിലെ മരുന്നുകള്‍ തന്നെ കഴിക്കേണ്ടതും നിര്‍ബന്ധമാണ്. കാര്‍ഡിയോളജി, ക്യാന്‍സര്‍, ജീവിതശൈലീ രോഗങ്ങള്‍ തുടങ്ങിയവക്കുള്ള മരുന്ന് കിട്ടാനും പ്രയാസമുണ്ടെന്ന് പരാതിയുണ്ട്.

നിലവാരമുള്ള ബ്രാന്‍ഡഡ് മരുന്നുകള്‍ വന്‍തോതില്‍ സംഭരിക്കുക, അതുവഴി കമ്പനികള്‍ വാഗ്ദാനം ചെയ്യുന്ന കുറഞ്ഞ വിലയും കമ്മീഷനും രോഗികള്‍ക്ക് പ്രയോജനപ്രദമായ വിലക്കിഴിവായി നൽകുക തുടങ്ങിയ ഉദ്ദേശ്യത്തോടെയാണ് കാരുണ്യ ഫാര്‍മസി സംസ്ഥാനത്ത് തുടങ്ങിയത്. കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ കീഴിലാണെങ്കിലും തികച്ചും സ്വതന്ത്രമായ പ്രവര്‍ത്തനമാണ് ഫാര്‍മസികള്‍ക്ക്. മരുന്നുകൾ കമ്പനികളില്‍ നിന്ന് രണ്ട് മാസത്തെ വായ്പയില്‍ നാല് വെയര്‍ഹൗസുകളിലെത്തിച്ച്, അവിടെ നിന്ന് 55ഓളം ഔട്ട്്ലെറ്റുകളിലേക്ക് നൽകുന്നതാണ് രീതി. മരുന്നിന്റെ അമിതവിലയില്‍ ബുദ്ധിമുട്ടുന്ന രോഗികൾക്ക് ഏറെ ആശ്വാസമായിരുന്നു സര്‍ക്കാര്‍ ആശുപത്രികളോടുചേര്‍ന്നുള്ള കാരുണ്യ ഔട്ട്്ലെറ്റുകള്‍.
സര്‍ക്കാര്‍ ലാബുകളിലും മരുന്ന് ക്ഷാമമുള്ളതായി പരാതിയുയര്‍ന്നിട്ടുണ്ട്. കണ്ണൂര്‍, കാസർകോട്, വയനാട് ജില്ലകള്‍ക്കായി പ്രവർത്തിക്കുന്ന കണ്ണൂര്‍ ഇന്റഗ്രേറ്റഡ് പബ്ലിക് ഹെല്‍ത്ത് ലാബില്‍ എച്ച് ബി എ വണ്‍ സി പരിശോധനക്കുള്ള മരുന്ന് ഒരു മാസമായി സ്റ്റോക്കില്ല. മറ്റ് ചില പരിശോധനാ മരുന്നുകള്‍ക്കും ഇവിടെ ക്ഷാമമുള്ളതായി ആക്ഷേപമുണ്ട്. കണ്ണൂരില്‍ 2011 ഫെബ്രുവരിയില്‍ ആരംഭിച്ച റീജ്യനല്‍ ലാബില്‍ ദിനംപ്രതി 900ത്തോളം പരിശോധനകള്‍ നടക്കുന്നുണ്ട്.

Content Highlights: Karunya Pharmacies across Kerala are suffering from a severe shortage of essential medicines, particularly for organ transplant recipients. Patients are forced to buy crucial life-saving drugs from private pharmacies at double the cost. Government labs and medical colleges also report missing diagnostic kits and vital supplies

Latest