Connect with us

Kerala

കോന്നി മെഡിക്കല്‍ കോളജില്‍ എംബിബിഎസ് അലോട്ട്മെന്റ് ഒക്ടോബറില്‍ ആരംഭിക്കും: മന്ത്രി വീണ ജോര്‍ജ്

സര്‍ക്കാര്‍ മേഖലയില്‍ 200 എം ബി ബി എസ് സീറ്റുകള്‍ കൂടി

Published

|

Last Updated

പത്തനംതിട്ട |  കോന്നി ഗവ. മെഡിക്കല്‍ കോളജില്‍ ഈ അധ്യയന വര്‍ഷത്തെ അലോട്ട്മെന്റ് ഒക്്ടോബറില്‍ ആരംഭിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. എം ബി ബിഎസ് പ്രവേശനത്തിന് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ അംഗീകാരം ലഭിച്ച ശേഷം ആദ്യമായി കോന്നി മെഡിക്കല്‍ കോളജ് സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. അലോട്ട്മെന്റിനു ശേഷം ദേശീയ തലത്തില്‍ നിശ്ചയിക്കുന്നത് അനുസരിച്ച് ക്ലാസുകള്‍ ആരംഭിക്കും. ഈ വര്‍ഷം തന്നെ ഇടുക്കി, കോന്നി മെഡിക്കല്‍ കോളജുകള്‍ക്ക് അംഗീകാരം ലഭിച്ചതിലൂടെ 200 എം ബി ബി എസ് സീറ്റുകളാണ് നേടാനായത്. പാരിപ്പള്ളിയിലും മഞ്ചേരിയിലും ആരംഭിച്ച നഴ്സിംഗ് കോളജുകളില്‍ 120 നഴ്സിങ് വിദ്യാര്‍ഥികള്‍ക്ക് ക്ലാസുകള്‍ ആരംഭിച്ചു. 26 സ്പെഷ്യാലിറ്റി സീറ്റുകള്‍ക്കും ഒന്‍പത് സൂപ്പര്‍ സ്പെഷ്യാലിറ്റി സീറ്റുകള്‍ക്കും അംഗീകാരം നേടിയെടുത്തതും ആരോഗ്യ വിദ്യാഭ്യാസ രംഗത്തെ നേട്ടമാണ്- മന്ത്രി പറഞ്ഞു

കൂടുതല്‍ സ്പെഷ്യലിറ്റി സേവനങ്ങളും ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്യാനായി ഇ ഹെല്‍ത്തും നടപ്പാക്കും. പത്തനംതിട്ട ജില്ലയിലെ ആദ്യത്തെ 128 സ്ലൈഡ് സി ടി സ്‌കാന്‍ അഞ്ചു കോടി രൂപ വിനിയോഗിച്ച് ഉടന്‍ സ്ഥാപിക്കും. ദേശീയ നിലവാരത്തിലുള്ള ആധുനിക ലേബര്‍ റൂം മൂന്നര കോടി രൂപ ലക്ഷ്യാ പദ്ധതിയിലൂടെ വിനിയോഗിച്ച് ഈ വര്‍ഷം തന്നെ ആരംഭിക്കും. രക്ത ബേങ്ക് ഉടന്‍ ആരംഭിക്കും. വിദ്യാര്‍ഥികള്‍ക്ക് ഹോസ്റ്റലും ജീവനക്കാര്‍ക്കുള്ള ക്വാര്‍ട്ടേഴ്സ് നിര്‍മാണവും നവംബറോടെ പൂര്‍ത്തിയാകും. ഇന്റേണല്‍ റോഡ്, എസ് ടി പി., പ്രവേശന കവാടം മുതലായവ നിര്‍മിക്കുന്നതിന് 15.51 കോടി രൂപയുടെ ഭരണാനുമതി നല്‍കി തുടര്‍ നടപടികള്‍ സ്വീകരിച്ച് വരുന്നു. 2012 ലാണ് മെഡിക്കല്‍ കോളജിന് ഭരണാനുമതി ലഭിച്ചതെന്നും മന്ത്രി പറഞ്ഞു.

 

Latest