From the print
മാവോയിസ്റ്റ് നേതാവ് മാദ്്വി ഹിദ്മയെ ഏറ്റുമുട്ടലിൽ വധിച്ചു
കൊല്ലപ്പെട്ടത് 26 ആക്രമണങ്ങൾക്ക് നേതൃത്വം നൽകിയ മാവോയിസ്റ്റ് കമാൻഡർ
ഹൈദരാബാദ് | സുരക്ഷാ സേനക്കും സാധാരണക്കാർക്കുമെതിരെ 26 സായുധ ആക്രമണങ്ങൾക്ക് നേതൃത്വം നൽകിയ മാവോയിസ്റ്റ് നേതാവ് മാദ്്്വി ഹിദ്മ(43)യെ ആന്ധ്രാപ്രദേശിലെ അല്ലൂരി സീതാരാമ രാജു ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ വെടിവെച്ചു കൊന്നു.
വളരെക്കാലമായി സുരക്ഷാ സേനയുടെ നിരീക്ഷണത്തിലായിരുന്ന ഹിദ്മയുടെ തലക്ക് 50 ലക്ഷം രൂപയാണ് വിലയിട്ടിരുന്നത്. ആന്ധ്രാപ്രദേശ്- ഛത്തീസ്ഗഢ്- ഒഡിഷ അതിർത്തിക്ക് സമീപമുള്ള മാവോയിസ്റ്റ് നീക്കത്തെക്കുറിച്ച് സുരക്ഷാ ഉദ്യോഗസ്ഥർക്ക് ഇന്റലിജൻസ് വിവരങ്ങൾ ലഭിച്ചതിനെ തുടർന്നാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.
ഹിദ്മയുടെ രണ്ടാമത്തെ ഭാര്യ രാജെ (രാജക്ക)യും അദ്ദേഹത്തിന്റെ അംഗരക്ഷകരും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. വെടിവെപ്പിൽ നാല് പുരുഷന്മാരും രണ്ട് സ്ത്രീകളും കൊല്ലപ്പെട്ടതായി ജില്ലാ പോലീസ് സൂപ്രണ്ട് അമിത് ബർദാർ അറിയിച്ചു.
1981ൽ ഛത്തീസ്ഗഢിലെ സുക്മയിൽ ജനിച്ച ഹിദ്മ, മാവോയിസ്റ്റുകളുടെ ഏറ്റവും വലിയ സായുധ യൂനിറ്റായ പീപ്പിൾസ് ലിബറേഷൻ ഗറില്ല ആർമി ബറ്റാലിയൻ ഒന്നിന്റെ തലവനായിരുന്നു. സി പി ഐ (മാവോയിസ്റ്റ്) കേന്ദ്ര കമ്മിറ്റിയിലെ ഏറ്റവും പ്രായംകുറഞ്ഞ അംഗവും ബസ്തർ മേഖലയിൽ നിന്ന് കമ്മിറ്റിയിൽ ചേർന്ന ഏക ഗോത്രവർഗക്കാരനുമായിരുന്നു.
2010ൽ 76 സി ആർ പി എഫ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ട ദന്തേവാഡ ആക്രമണവും 2013ൽ ഉന്നത കോൺഗ്രസ്സ് നേതാക്കൾ ഉൾപ്പെടെ 27 പേർ കൊല്ലപ്പെട്ട ജിറാം താഴ്്വരയിലെ കൂട്ടക്കൊലയും ഉൾപ്പെടെ സുരക്ഷാ സേനക്കെതിരായ പ്രധാന ആക്രമണങ്ങൾ ആസൂത്രണം ചെയ്തത് ഹിദ്്മയാണെന്ന് കരുതപ്പെടുന്നു. 2021ൽ 22 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ട സുക്മ- ബിജാപൂർ ഏറ്റുമുട്ടലിലും ഹിദ്മ പങ്കുവഹിച്ചു.
വനപ്രദേശങ്ങളെക്കുറിച്ച് ആഴത്തിലുള്ള അറിവും ഗറില്ലാ യുദ്ധ വൈദഗ്ധ്യവും അദ്ദേഹത്തെ ഏറ്റവും അപകടകാരിയായ മാവോയിസ്റ്റ് കമാൻഡർമാരിൽ ഒരാളാക്കി മാറ്റി.
അതേസമയം, ഹിദ്മയെ വധിച്ചതിൽ ആഭ്യന്തരമന്ത്രി അമിത് ഷാ ഓപറേഷനിൽ ഉൾപ്പെട്ട സുരക്ഷാ സേനയെ അഭിനന്ദിച്ചു. മാവോയിസ്റ്റ് വിരുദ്ധ പ്രവർത്തനത്തിന്റെ ഭാഗമായി ഈ മാസം 30നകം ഹിദ്മയെ കൊല്ലാൻ അദ്ദേഹം സുരക്ഷാ
ഉദ്യോഗസ്ഥർക്ക് അന്ത്യശാസനം നൽകിയിരുന്നു. 2026 മാർച്ച് 31 ഓടെ ഇന്ത്യയെ മാവോയിസ്റ്റ് മുക്തമാക്കുക എന്നതാണ് ലക്ഷ്യമെന്നും ഷാ പ്രഖ്യാപിച്ചിരുന്നു.
അതിനിടെ, ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ 12 സ്ത്രീകളും നാല് പ്രധാന നേതാക്കളും ഉൾപ്പെടെ 27 മാവോയിസ്റ്റുകളെ അറസ്റ്റ് ചെയ്തു. പിടിയിലായവർ ഛത്തീസ്ഗഢിൽ നിന്നുള്ളവരാണെന്നും പ്രദേശത്ത് ക്യാമ്പുകൾ സ്ഥാപിച്ചിരുന്നതായും റിപോർട്ടുണ്ട്. ലോക്കൽ പോലീസിന്റെ പിന്തുണയോടെ ഗ്രേഹൗണ്ട്‌സ് യൂനിറ്റാണ് അറസ്റ്റിന് നേതൃത്വം നൽകിയത്.



