ഫീച്ചർ
നാട്ടുമുളയിൽ നിന്നുതിർന്ന കാടിൻ നാദങ്ങൾ
വയനാടിന്റെ തനത് സംഗീതം മുള ഉപകരണങ്ങളുടെ അകമ്പടിയോടെ മലയോരങ്ങളിലെല്ലാം നിറയുകയാണ്. ബ്രാൻഡഡ് ഉപകരണങ്ങളോട് കിടപിടിക്കുന്ന നാദം പൊഴിക്കുന്ന ഉപകരണങ്ങൾ മുളയിൽ തീർത്ത് ശ്രദ്ധേയനാകുകയാണ് അധ്യാപകൻ മനോജ് ദാമോദർ.
വെറുമെരു മുളയാണെന്ന് കരുതി ഉപേക്ഷിക്കുന്ന തുണ്ട് കഷ്‌ണം മതി മനോജ് ദാമോദരന് മനം കവരും സംഗീതം പൊഴിക്കുന്ന ഉപകരണം ഉണ്ടാക്കാൻ. വയനാടിന്റെ തനത് സംഗീതം മുള ഉപകരണങ്ങളുടെ അകമ്പടിയോടെ മലയോരങ്ങളിലെല്ലാം നിറയുകയാണ്. ബ്രാൻഡഡ് ഉപകരണങ്ങളോട് കിടപിടിക്കുന്ന നാദം പൊഴിക്കുന്ന ഉപകരണങ്ങൾ മുളയിൽ തീർത്ത് ശ്രദ്ധേയനാവുകയാണ് ഈ സംഗീത അധ്യാപകൻ. ഇരുപത്തിയഞ്ചിലധികം ഉപകരണങ്ങളാണ് മനോജ് ദാമോദർ ഇതിനകം നിർമിച്ചത്. വാകേരി ഗവ. ഹയർസെക്കൻഡറി സ്കൂളിലെ സംഗീത അധ്യാപകൻ മനോജ് കൊവിഡിന്റെ അടച്ചിടൽ കാലത്താണ് സംഗീത ഉപകരണ നിർമാണരംഗത്ത് സജീവമാകുന്നത്. പാരമ്പര്യമായി സംഗീത ബന്ധമുള്ള കുടുംബത്തിലെ അംഗമാണ് മനോജ്.
ഇതിലേക്കെത്തിപ്പെട്ട കഥയിങ്ങനെ: സംഗീതം പഠിക്കാനായി തൃപ്പൂണിത്തുറ രാധലക്ഷ്‌മി വിലാസം കോളജിൽ ചേരുന്നു. ഇവിടെ മൃദംഗത്തിൽ ഗാനഭൂഷണം ഡിപ്ലോമക്ക് ചേർന്ന് അധികനാൾ കഴിയും മുമ്പ് തന്നെ സ്വന്തമായി മൃദംഗം വേണമെന്ന ആഗ്രഹം തോന്നി. കോളജിനടുത്തുള്ള ഒരു കടയിൽ മൃദംഗം നിർമിക്കാനുള്ള മുഴുവൻ പണവും അഡ്വാൻസായി നൽകി. എന്നാൽ കടക്കാരൻ വല്ലാതെ വട്ടം കറക്കി. ഈ വട്ടം കറക്കലാണ് ഉപകരണ നിർമാണം പഠിക്കാൻ സഹായകമായത്. മൃദംഗം സമയത്ത് കിട്ടാതായതോടെ കടക്കാരനുമായി ആദ്യം കയർത്തെങ്കിലും പിന്നീട് സൗഹൃദത്തിലായി. ക്ലാസ്സിന്റെ ഇടവേളകളിൽ കടയിലെ സന്ദർശകനായി. അവിടെയിരുന്ന് സംഗീത ഉപകരണങ്ങളുടെ നിർമാണം കണ്ടുപഠിച്ചു.
മരത്തിൽ ഉപകരണങ്ങൾ നിർമിച്ചിട്ടുണ്ടെങ്കിലും മുളയിൽ പരീക്ഷണം കൊവിഡ് കാലത്തായിരുന്നു. ഹാർമോണിയമാണ് ആദ്യം നിർമിച്ചത്. ഇതിൽ നിന്ന് ലഭിച്ച ശബ്ദമികവ് മറ്റ് സംഗീത ഉപകരണങ്ങളും മുളയിൽ നിർമിക്കാൻ പ്രചോദനമായി. 33 വർഷമായി മനോജ് ദാമോദർ സംഗീത രംഗത്ത് സജീവമായുണ്ട്. 2018 മുതൽ വാകേരി എച്ച് എസ് എസിലെ സംഗീത അധ്യാപകനാണ്. വിദ്യാർഥികളിൽ സംഗീത അഭിരുചി വർധിപ്പിക്കാൻ നിരവധി പരിപാടികൾ തയ്യാറാക്കി നടപ്പാക്കുന്നതിലും മുന്നിലുണ്ട്. പിതാവ് ദാമോദരൻ, മാതാവ് മീനാക്ഷി, ഭാര്യ സുമി, മക്കളായ അഭിരാമി, ആര്യ എന്നിവരെല്ലാം മനോജിന്റെ സംഗീത ജീവിതത്തിന് പിന്തുണയുമായുണ്ട്.
കൊവിഡ് കാലത്തെ അടച്ചിടലിനെ തുടർന്നുള്ള മുഷിപ്പിൽ നിന്ന് രക്ഷപ്പെടാൻ സുഹൃത്തുക്കളുടെ നിർദേശപ്രകാരമാണ് സംഗീതോപകരണ നിർമാണത്തിലേക്ക് തിരിഞ്ഞത്. ഗിറ്റാർ, തബല, ദഫ്, ഷെയ്‌ക്കർ, റെയിൻമേക്കർ, ഗഞ്ചിറ, ബാംബു തരംഗ്, തമ്പാരീൻ തുടങ്ങി ഇരുപത്തിയഞ്ചിലധികം ഉപകരണങ്ങൾ നിർമിച്ചു. മുളയിൽ നിർമിച്ച ഉപകരണങ്ങൾക്കെല്ലാം കൃത്യമായ നാദമാണെന്ന് തിരിച്ചറിഞ്ഞതോടെ ഏറ്റവും ശ്രമകരമായ പിയാനോ നിർമാണത്തിലേക്ക് തിരിഞ്ഞു. ഇത് പൂർത്തിയാക്കാൻ ആറ് മാസം വേണ്ടിവന്നു. വെയിലേൽക്കാതെ ഉണക്കിയെടുക്കുന്ന ആനമുളയാണ് നിർമാണത്തിന് ഉപയോഗിക്കുന്നത്. പ്രത്യേക രീതിയിൽ പുഴുങ്ങിയെടുത്ത് വെയിലേൽക്കാതെ ഉണക്കിയെടുത്താണ് ഉപകരണ നിർമാണം. പെട്ടെന്ന് ചീന്തിപ്പോകുമെന്നതിനാൽ ഏറെ ശ്രദ്ധയോടെയായിരുന്നു നിർമാണത്തിന്റെ ഒരോ ഘട്ടവും. പ്രകൃതിദത്തമായ മുളയിൽ സംഗീത ഉപകരണങ്ങൾ നിർമിക്കൽ മാത്രമല്ല വയനാടൻ മനോഹര സംഗീതം പ്രചരിപ്പിക്കാനും മനോജ് ദാമോദർ രംഗത്തുണ്ട്.
ഭവം സൊസൈറ്റിയുടെ പ്രവർത്തകരായ സുജിത്ത് ഭവവും സൂര്യ ഭവവുമാണ് ഒരു ബാംബുബാന്റ് എന്ന ആശയം മുന്നോട്ട് വെച്ചത്. സംഗീത സംവിധായകനായ പൗലോസ് ജോൺസ് പിന്തുണയുമായി ഒപ്പം നിന്നു. ഇതോടെ മുളയിൽ നിന്ന് സംഗീതം പൊഴിക്കുന്ന വയനാടൻ മലമുഴക്കി ബാന്റ് സജീവമായി. കൊവിഡ് പ്രതിസന്ധി അകന്നതോടെ ബാന്റിന്റെ പ്രവർത്തനം വിപുലപ്പെടുത്തി. അംഗങ്ങൾ സ്വന്തമായി വരികൾ എഴുതി ചിട്ടപ്പെടുത്തിയും പരമ്പരാഗത വയനാടൻ പാട്ടുകൾക്ക് ശബ്ദമായും ബാന്റിലെ 12 പേർ ഈ രംഗത്ത് നിറഞ്ഞു നിൽക്കുന്നു.
നാടൻപാട്ട്, ഗസൽ, ചലച്ചിത്രഗാനങ്ങൾ, സ്വയം സൃഷ്ടിച്ച പാട്ടുകൾ എന്നിവയെല്ലാം ചേർത്തിണക്കി മലമുഴക്കി ബാന്റ് രണ്ടര മണിക്കൂർ ബാന്റ് ഷോ അവതരിപ്പിക്കുന്നുണ്ട്. പിണറായി വിജയൻ സർക്കാറിന്റെ വാർഷിക പരിപാടിയിലുൾപ്പെടെ സംസ്ഥാനത്തെ വിവിധയിടങ്ങളിൽ പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. പരിസ്ഥിതി സൗഹൃദജീവിതമെന്ന സന്ദേശവുമായാണ് ബാന്റിന്റെ പ്രവർത്തനം.
മുളയും നാദവും
മനുഷ്യ സംസ്കാരത്തിന്റെ ആരംഭകാലം മുതലുള്ളതാണ് സംഗീതോപകരണങ്ങളുടെ ചരിത്രം. സംസ്കാരങ്ങൾ ഒടുവിൽ വിനോദത്തിനായി ഈണങ്ങളുടെ രചനയും പ്രകടനവും വികസിപ്പിച്ചെടുത്തു. മാറിക്കൊണ്ടിരിക്കുന്ന പ്രയോഗങ്ങൾക്കും സാങ്കേതമായ രീതികൾക്കും അനുസൃതമായി സംഗീതോപകരണങ്ങൾ പരിണമിച്ചതിൽ ഓടക്കുഴലിന് വളരെ നിർണായകമായ പങ്കുണ്ട്.
ലോകത്തിലെ പല ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലും ഇത്തരം ഓടക്കുഴലുകൾ സ്വതന്ത്രമായി വികസിച്ചു. എന്നിരുന്നാലും, നാഗരികതകൾ തമ്മിലുള്ള സമ്പർക്കം മിക്ക ഉപകരണങ്ങളുടെയും ദ്രുതഗതിയിലുള്ള വ്യാപനത്തിനും അവയുടെ ഉത്ഭവത്തിൽ നിന്ന് വളരെ അകലെയുള്ള സ്ഥലങ്ങളിലെ പൊരുത്തപ്പെടുത്തലിനും കാരണമായി.
Content Highlights:
Music teacher Manoj Damodaran creates over twenty five high quality musical instruments using natural bamboo. His pandemic passion project evolved into the famous Malamuzhakki Band that performs across Kerala promoting eco friendly values. This incredible initiative beautifully blends traditional Wayanad folklore music with sustainable art innovation.


