Connect with us

Mambaram Divakaran

കെ സുധാകരനെതിരെ മത്സരിക്കുമെന്ന ഭീഷണിയില്‍ നിന്നു മമ്പറം ദിവാകരന്‍ പിന്‍മാറി

പാര്‍ട്ടിയില്‍ തിരിച്ചെടുക്കാമെന്നും പഴയ സ്ഥാനങ്ങള്‍ തിരിച്ചുനല്‍കാമെന്നും എം എം ഹസ്സന്‍ ഉറപ്പുനല്‍കി

Published

|

Last Updated

കണ്ണൂര്‍ | കെ സുധാകരനെതിരെ കണ്ണൂരില്‍ മത്സരിക്കുമെന്ന ഭീഷണിയില്‍ നിന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മമ്പറം ദിവാകരന്‍ പിന്‍മാറി. കെ പി സി സി പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന എം എം ഹസന്‍ മമ്പറം ദിവാകരനുമായി നടത്തിയ അനുനയനീക്കത്തിലൂടെയാണ് ദിവാകരന്റെ പിന്‍മാറ്റം.

പാര്‍ട്ടിയില്‍ തിരിച്ചെടുക്കാമെന്നും പാര്‍ട്ടിയിലെ പഴയ സ്ഥാനങ്ങള്‍ തിരിച്ചുനല്‍കാമെന്നുമുള്ള ഉറപ്പിലാണ് പിന്‍മാറ്റം എന്നാണ് റിപ്പോര്‍ട്ട്. കെ സുധാകരനെതിരെ കണ്ണൂരില്‍ മത്സരിക്കുമെന്ന് ദിവാകരന്‍ പ്രഖ്യാപിച്ചതോടെ പാര്‍ട്ടി നേതൃത്വവും കെ സുധാകരനും ഒരുപോലെ അങ്കലാപ്പിലായിരുന്നു. രണ്ടര വര്‍ഷം മുമ്പാണ് മമ്പറം ദിവാകരനെതിരെ കോണ്‍ഗ്രസ് അച്ചടക്കനടപടി സ്വീകരിച്ചത്. ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയില്‍ നിന്ന് മമ്പറം ദിവാകരനെ പുറത്താക്കി ഭരണം കോണ്‍ഗ്രസ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

തുടര്‍ന്ന് ജില്ലയിലെ ഈ മുതിര്‍ന്ന നേതാവ് കോണ്‍ഗ്രസുമായി പൂര്‍ണമായി അകന്നത്. മമ്പറം ദിവാകരന്‍ മത്സരത്തി നിറങ്ങിയാല്‍ അതു കെ സുധാകരനു വമ്പിച്ച തിരിച്ചടിയാകുമെന്നു കണ്ടതോടെ കെ സുധാകരനുമായി അടുപ്പമുള്ള ചിലര്‍ മമ്പറം ദിവാകരനുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ സംസ്ഥാന നേതൃത്വം ഇടപെട്ടാല്‍ മാത്രമേ സമവായത്തിനുള്ളൂ എന്ന നിലപാടിലായിരുന്നു മമ്പറം ദിവാകരന്‍. തുടര്‍ന്നാണ് എം എം ഹസന്‍ തന്നെ ചര്‍ച്ച നടത്തിയത്. തുടര്‍ന്നു കണ്ണൂരില്‍ മത്സരിക്കില്ലെന്ന് മമ്പറം ദിവാകരന്‍ എം എം ഹസനെ അറിയിച്ചതായാണു വിവരം