Connect with us

Articles

അടുത്തും അകന്നും മാലദ്വീപ്

ചൈനയുമായുള്ള മാലദ്വീപിന്റെ പുതിയ ബന്ധം ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോള്‍ എത്രമാത്രം ആ രാജ്യത്തിന്റെ വികസനത്തിന് പ്രയോജനം ചെയ്യുമെന്ന കാര്യത്തില്‍ മാലദ്വീപ് നിവാസികള്‍ തന്നെ ആശങ്കയിലാണ്. പ്രസിഡന്റ് മുഇസ്സുവിന്റെ ചൈനാ ബന്ധത്തെ അവിടുത്തെ ജനങ്ങള്‍ അംഗീകരിച്ചിട്ടില്ല എന്ന് വ്യക്തമാക്കുന്നതാണ് കഴിഞ്ഞ ദിവസം നടന്ന മാലേ മേയര്‍ തിരഞ്ഞെടുപ്പ് ഫലം.

Published

|

Last Updated

മാലദ്വീപില്‍ നിന്ന് മാര്‍ച്ച് 15നകം ഇന്ത്യന്‍ സൈന്യത്തെ പിന്‍വലിക്കണമെന്ന മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുഇസ്സുവിന്റെ പ്രസ്താവന ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ലക്ഷദ്വീപ് സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദമായി കാണേണ്ടതില്ല. കഴിഞ്ഞ ഒക്ടോബറില്‍ നടന്ന മാലദ്വീപ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയായിരുന്ന മുഹമ്മദ് മുഇസ്സുവിന്റെ മുഖ്യ പ്രചാരണം ഇന്ത്യന്‍ സൈനികരെ മാലദ്വീപില്‍ നിന്ന് പുറത്താക്കും എന്നായിരുന്നു. മുഇസ്സുവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മുദ്രാവാക്യം തന്നെ ‘ഇന്ത്യ ഔട്ട്’ എന്നായിരുന്നു. തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിന്റെ പിറ്റേദിവസം ബി ബി സി നടത്തിയ അഭിമുഖത്തില്‍ മുഇസ്സു ഇന്ത്യാ വിരുദ്ധത ആവര്‍ത്തിക്കുകയുണ്ടായി. മാലദ്വീപിന്റെ മണ്ണ് വിദേശ സൈനികര്‍ക്കുള്ളതല്ല, അധികാരമേറ്റയുടനെ വിദേശ സൈനികരെ പുറത്താക്കുന്ന നടപടി ആരംഭിക്കും എന്നാണ് ബി ബി സിയോട് പറഞ്ഞത്. കഴിഞ്ഞ നവംബറില്‍ ദുബൈയില്‍ നടന്ന കാലാവസ്ഥാ വ്യതിയാന ഉച്ചകോടിയില്‍ പങ്കെടുത്ത ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ചര്‍ച്ചയില്‍ മാലദ്വീപ് പ്രസിഡന്റ് ഇന്ത്യന്‍ സൈനികരെ പിന്‍വലിക്കുന്ന കാര്യം ഓര്‍മിപ്പിച്ചിരുന്നു.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനവുമായി ബന്ധപ്പെട്ട് മാലദ്വീപ് മന്ത്രിമാര്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച അഭിപ്രായം നിലവിലെ മാലദ്വീപ് സര്‍ക്കാറിന്റെ രാഷ്ട്രീയ നിലപാടായി വ്യാഖ്യാനിക്കുന്നവരുണ്ട്. ഇന്ത്യയും മാലദ്വീപും ദീര്‍ഘകാലമായി ബന്ധം പുലര്‍ത്തി വരുന്ന രാജ്യങ്ങളാണ്. മാലദ്വീപിന്റെ വികസനത്തിന് ഒട്ടേറെ സംഭാവനകള്‍ നല്‍കിയ രാജ്യമാണ് ഇന്ത്യ. എന്നാല്‍ സമീപ കാലത്തായി ചൈനയോട് ആഭിമുഖ്യം പുലര്‍ത്തുന്ന രാഷ്ട്രീയ നേതൃത്വം മാലദ്വീപില്‍ വളര്‍ന്നു വരികയാണ്. 2013ല്‍ അധികാരമേറ്റ അബ്ദുല്ല യമിന്റെ കാലത്താണ് ചൈനയുമായി മാലദ്വീപ് അടുക്കുന്നത്. അതുവരെയും മാലദ്വീപിന്റെ ഏറ്റവും അടുത്ത സുഹൃത് രാജ്യം ഇന്ത്യ ആയിരുന്നു. 1965 ജൂലൈ 25ന് ബ്രിട്ടനില്‍ നിന്ന് സ്വതന്ത്രമായ മാലദ്വീപില്‍ അട്ടിമറി ശ്രമം നടന്നപ്പോള്‍ സഹായത്തിന് എത്തിയത് ഇന്ത്യന്‍ സൈനികരായിരുന്നു. പ്രസിഡന്റ് മഅ്മൂന്‍ അബ്ദുല്‍ ഖയ്യൂമിനെതിരെയാണ് 1988 നവംബറില്‍ അട്ടിമറി ശ്രമം നടന്നത്. ശ്രീലങ്കയിലെ ഒരു വ്യാപാരിയുടെ നേതൃത്വത്തിലായിരുന്നു അട്ടിമറി ശ്രമം. അന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി 16,000ത്തോളം ഇന്ത്യന്‍ സൈനികരെ മാലദ്വീപിലേക്ക് അയച്ച് അട്ടിമറിശ്രമം തകര്‍ക്കുകയുണ്ടായി. പ്രതികളെ പിന്നീട് മാലദ്വീപ് സര്‍ക്കാര്‍ വധശിക്ഷക്ക് വിധിച്ചു. ഇബ്റാഹീം യമീന്‍ ചൈനയുമായി പുതിയ ബന്ധം സ്ഥാപിച്ചുവെങ്കിലും 2018ലെ തിരഞ്ഞെടുപ്പില്‍ വിജയിച്ച പ്രസിഡന്റ് ഇബ്റാഹീം മഹ്മൂദ് സ്വാലിഹ് ഇന്ത്യയുമായി ബന്ധം പുനഃസ്ഥാപിക്കുകയും ഇരു രാജ്യങ്ങളും തമ്മില്‍ നിരവധി കരാറുകളില്‍ ഏര്‍പ്പെടുകയും ചെയ്തു. സ്വാലിഹിന്റെ കാലത്ത് മാലദ്വീപില്‍ താവളം ഒരുക്കിയ ഇന്ത്യന്‍ സൈനികരെ പിന്‍വലിക്കണം എന്നാണ് നിലവിലെ സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. രണ്ട് ഹെലികോപ്റ്ററും ഒരു ചെറു വിമാനവും ഇന്ത്യ മാലദ്വീപിന് നല്‍കിയിരുന്നു. ഇവയുടെ ആവശ്യത്തിനാണ് ഇന്ത്യന്‍ സൈനികരെ മാലദ്വീപില്‍ നിര്‍ത്തിയിരിക്കുന്നത് എന്നാണ് ഇന്ത്യ നല്‍കുന്ന മറുപടി.

എന്നാല്‍ ഇന്ത്യന്‍ സൈനികരെ മാലദ്വീപില്‍ നിന്ന് പിന്‍വലിക്കണമെന്ന് പ്രസിഡന്റ് മുഇസ്സുവിന്റെ കര്‍ക്കശമായ നിലപാടിന് പിന്നില്‍ ചൈനയുടെ കരങ്ങളുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അഞ്ച് ദിവസത്തെ ചൈനാ സന്ദര്‍ശനത്തിനു ശേഷം മാലദ്വീപില്‍ തിരിച്ചെത്തിയ മുഇസ്സു ഇന്ത്യയെ ചൂണ്ടി മാധ്യമങ്ങളോട് ശക്തമായ ഭാഷയിലാണ് സംസാരിച്ചത്. ‘നമ്മുടെ രാജ്യം ചെറുതായിരിക്കാം, പക്ഷേ അതിനര്‍ഥം അവര്‍ക്ക് ഞങ്ങളെ ഭീഷണിപ്പെടുത്താനുള്ള ലൈസന്‍സ് ലഭിച്ചുവെന്നല്ല’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനവും മുഇസ്സുവിന്റെ ചൈനാ സന്ദര്‍ശനവും ഒരേ ദിവസമായിരുന്നു. മാലദ്വീപ് ടൂറിസവുമായി ബന്ധപ്പെട്ട് ഈ ദിവസങ്ങളില്‍ ഇന്ത്യയിലുണ്ടായ വിവാദത്തെ തുടര്‍ന്ന് മാലദ്വീപ് പ്രസിഡന്റ് ചൈനീസ് പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചയില്‍, ചൈന മാലദ്വീപുമായുള്ള ടൂറിസ്റ്റ് ബന്ധം ശക്തിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടത് ഇന്ത്യയുടെ ഭീഷണി തടയാനാണ്. മുഇസ്സുവിന്റെ അഞ്ച് ദിവസത്തെ ചൈനാ സന്ദര്‍ശനത്തിനിടയില്‍ ഫുജിയാന്‍ പ്രവിശ്യയില്‍ നടന്ന മാലദ്വീപ് ബിസിനസ്സ് ഫോറം പരിപാടിയില്‍ മുഇസ്സു ചൈനയെ മാലദ്വീപിന്റെ അടുത്ത സുഹൃത്തെന്ന് വിശേഷിപ്പിക്കുകയുണ്ടായി. സന്ദര്‍ശനത്തിനിടയില്‍ മുഇസ്സു ചൈനയുമായി നിരവധി കരാറില്‍ ഏര്‍പ്പെടുകയുമുണ്ടായി. കരാര്‍ പ്രകാരം മാലദ്വീപിന് 130 മില്യണ്‍ യു എസ് ഡോളറിന്റെ സാമ്പത്തിക സഹായം ചൈന നല്‍കും. ഈ സഹായത്തിന്റെ വലിയൊരു ഭാഗം തലസ്ഥാനത്തെ റോഡുകളുടെ പുനര്‍നിര്‍മാണത്തിന് ഉപയോഗിക്കും.

മാലദ്വീപ് എയര്‍ലൈന്‍ ചൈനയില്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നതിനും ഹുല്‍ഹുമാലെയിലെ ടൂറിസം മേഖല വികസിപ്പിക്കുന്നതിന് ചൈന 50 ദശലക്ഷം യു എസ് ഡോളര്‍ നല്‍കാനും വിളിമലെയില്‍ 100 കിടക്കകളുള്ള ആശുപത്രിക്ക് ഗ്രാന്റ്‌നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ ചൈനയുമായുള്ള മാലദ്വീപിന്റെ പുതിയ ബന്ധം ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോള്‍ എത്രമാത്രം ആ രാജ്യത്തിന്റെ വികസനത്തിന് പ്രയോജനം ചെയ്യുമെന്ന കാര്യത്തില്‍ മാലദ്വീപ് നിവാസികള്‍ തന്നെ ആശങ്കയിലാണ്. പ്രസിഡന്റ് മുഇസ്സുവിന്റെ ചൈനാ ബന്ധത്തെ അവിടുത്തെ ജനങ്ങള്‍ അംഗീകരിച്ചിട്ടില്ല എന്ന് വ്യക്തമാക്കുന്നതാണ് കഴിഞ്ഞ ദിവസം നടന്ന മാലേ മേയര്‍ തിരഞ്ഞെടുപ്പ് ഫലം. മുഇസ്സു പ്രസിഡന്റ് സ്ഥനത്തേക്ക് മത്സരിച്ചത് മാലേ മേയര്‍ സ്ഥാനം രാജിവെച്ചായിരുന്നു. മേയര്‍ തിരഞ്ഞെടുപ്പില്‍ ജയിച്ചത് ഇന്ത്യ അനുകൂല പാര്‍ട്ടിയായ ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ ആദം അസീമിയാണ്.

ടൂറിസത്തിലും ആരോഗ്യ മേഖലയിലും മാലദ്വീപിലെ ജനങ്ങള്‍ ഉറ്റു നോക്കുന്നത് ഇന്ത്യയെയാണ്. പുതിയ സാഹചര്യത്തില്‍ ഫ്രാന്‍സ്, യു എ ഇ എന്നീ രാജ്യങ്ങളിലെ ആരോഗ്യ ഇന്‍ഷ്വറന്‍സ് കമ്പനിയുമായി മുഇസ്സു സര്‍ക്കാര്‍ കരാര്‍ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും മാലദ്വീപിലെ ജനങ്ങള്‍ക്ക് അടിയന്തര ചികിത്സക്ക് പെട്ടെന്ന് എത്തിച്ചേരാന്‍ സാധിക്കുക ഇന്ത്യയിലെ ആശുപത്രികളിലാണ്. തിരുവനന്തപുരം, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ വ്യോമ മാര്‍ഗം ഒരു മണിക്കൂറില്‍ കുറഞ്ഞ സമയം കൊണ്ട് എത്തിച്ചേരാനാകും.

മാലദ്വീപ് ടൂറിസം മന്ത്രാലയം നേരത്തേ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, 2023ല്‍ മാലദ്വീപിന്റെ ഏറ്റവും വലിയ ടൂറിസം വിപണി ഇന്ത്യയായിരുന്നു. 2023ല്‍ രണ്ട് ലക്ഷത്തോളം ഇന്ത്യന്‍ വിനോദ സഞ്ചാരികളാണ് മാലദ്വീപിലെത്തിയത്. മാലദ്വീപ് സന്ദര്‍ശിച്ചവരില്‍ ഇന്ത്യ കഴിഞ്ഞാല്‍ അടുത്ത സ്ഥാനം റഷ്യക്കാണ്. ചൈന മൂന്നാം സ്ഥാനത്താണ്. ഈ വര്‍ഷം ജനുവരി ആദ്യവാരത്തെ കണക്കിലും ഇന്ത്യന്‍ സന്ദര്‍ശകരാണ് മുന്നില്‍. ഈ ദിവസങ്ങളില്‍ മാലദ്വീപ് സന്ദര്‍ശിച്ച ഇന്ത്യക്കാര്‍ 2,300ഉം ചൈനയില്‍ നിന്നുള്ളവരുടെ എണ്ണം 897ഉം ആണ്. മുന്‍ വര്‍ഷങ്ങളിലും മാലദ്വീപ് സന്ദര്‍ശിച്ച ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ ഇന്ത്യയായിരുന്നു മുന്നില്‍. ചൈനീസ് പൗരന്മാര്‍ വിനോദ സഞ്ചാരത്തിനായി ഏറ്റവും കൂടുതലായി തിരഞ്ഞെടുക്കുന്നത് തായ്്‌ലാന്‍ഡ്, ജപ്പാന്‍, വിയറ്റ്നാം, സിംഗപ്പൂര്‍, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളെയാണ്.

അതേസമയം ഇന്ത്യാ സമുദ്രത്തിന്റെ ആധിപത്യത്തിനായി ഒളിഞ്ഞും തെളിഞ്ഞും ഇന്ത്യയും ചൈനയും മത്സരിക്കുമ്പോള്‍ അയല്‍ രാജ്യങ്ങള്‍ ഇന്ത്യയുമായി അകലുകയും ചൈനയുമായി അടുക്കുകയും ചെയ്യുന്നുവെന്നത് നയതന്ത്ര രംഗത്തെ ഇന്ത്യയുടെ പരാജയമായി കാണേണ്ടിവരും. അയല്‍ രാജ്യമായ പാകിസ്താനുമായി ഇന്ത്യ നേരത്തേ അകലത്തിലാണ്. ഈ അകല്‍ച്ച കുറക്കാനുള്ള ശ്രമം നടത്തിയിരുന്നുവെങ്കിലും മോദി സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം അത്തരം നീക്കങ്ങള്‍ ഉണ്ടായിട്ടില്ല. അതിനിടെയാണ് സുഹൃത് രാജ്യങ്ങളായിരുന്ന നേപ്പാള്‍, ശ്രീലങ്ക എന്നിവക്ക് പുറമെ മാലദ്വീപും ഇന്ത്യയെ കൈയൊഴിഞ്ഞ് ചൈനയുടെ വിശ്വസ്തരായി മാറിയിരിക്കുന്നത്.

 

Latest