Kerala
വൈജ്ഞാനിക മുറ്റത്ത് മലേഷ്യൻ ഭരണാധികാരി; അൻവർ ഇബ്റാഹീമിന് മർകസിൽ ഊഷ്മള വരവേൽപ്പ്
ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‍ലിയാരെ കണ്ട അദ്ദേഹം 'യാ ശൈഖ്...' എന്ന അഭിസംബോധന ചെയ്ത് സലാം ചൊല്ലി അദ്ദേഹത്തെ ആലിംഗനം ചെയ്തു. വിശുദ്ധ ഖുർആന്റെ മലബാരി പതിപ്പ് സമ്മാനിച്ചാണ് കാന്തപുരം പ്രധാനമന്ത്രിയെ സ്വീകരിച്ചത്.
കോഴിക്കോട് | ആഗോള വൻകരകളെ സൗഹൃദത്തിന്റെ നൂലിഴകളാൽ കോർത്തിണക്കുന്ന വൈജ്ഞാനിക തണൽമരത്തിലേക്ക് മലേഷ്യൻ ഭരണാധികാരിയുടെ പാദസ്പർശം. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുമായുള്ള ആത്മബന്ധം പുതുക്കാൻ മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്‌റാഹീം മർകസ് സെൻട്രൽ ക്യാമ്പസിലെത്തിയപ്പോൾ അതൊരു ചരിത്ര മുഹൂർത്തമായി മാറി. ഊഷ്മളമായ വരവേൽപ്പാണ് അൻവർ ഇബ്റാഹീമിന് മർകസിൽ നൽകിയത്.
വൈകീട്ട് അഞ്ച് മണിയോടെയാണ് തന്റെ ഔദ്യോഗിക വിമാനത്തിൽ മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്റാഹീം കരിപ്പൂരിൽ എത്തിയത്. മന്ത്രി ടി സിദ്ദീഖീന്റെയും ഇ ടി മുഹമ്മദ് ബഷീർ എംപിയുടെയും എംഎൽഎമാരായ ടി വി ഇബ്റാഹീം, അഷ്റഫലി തുടങ്ങിയവരുടെയും നേതൃത്വത്തിൽ സ്വീകരിച്ചു. തുടർന്ന് അദ്ദേഹത്തിന്റെ വാഹനവ്യൂഹം മർകസ് ലക്ഷ്യമാക്കി പുറപ്പെട്ടു. വൈകീട്ട് 5:50 ഓടെയാണ് മലേഷ്യൻ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം മർകസ് കോമ്പൗണ്ടിലേക്ക് പ്രവേശിച്ചത്. മർകസ് ഡയറക്ടർ ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരി, മാനേജർ സി മുഹമ്മദ് ഫൈസി, ചാലിയം കരീംഹാജി, കുറ്റൂർ അബ്ദുർറഹ്മാൻ ഹാജി തുടങ്ങിയ നേതാക്കളുടെയും മർകസ് പ്രതിനിധികളുടെയും നേതൃത്വത്തിൽ പൂച്ചെണ്ട് നൽകി അദ്ദേഹത്തെ സ്വീകരിച്ചു. നയതന്ത്ര പ്രതിനിധി സംഘവും പ്രധാനമന്ത്രിയെ അനുഗമിച്ചിരുന്നു.

ശേഷം മർകസിന്റെ ദിവാൻ ഓഫീസിലേക്ക് അൻവർ ഇബ്റാഹീമിനെ ആനയിച്ചു. അവിടെ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‍ലിയാരെ കണ്ട അദ്ദേഹം ‘യാ ശൈഖ്…’ എന്ന അഭിസംബോധന ചെയ്ത് സലാം ചൊല്ലി അദ്ദേഹത്തെ ആലിംഗനം ചെയ്തു. വിശുദ്ധ ഖുർആന്റെ മലബാരി പതിപ്പ് സമ്മാനിച്ചാണ് കാന്തപുരം പ്രധാനമന്ത്രിയെ സ്വീകരിച്ചത്. തേക്ക് തടിയിൽ നിർമിച്ച പ്രത്യേക ആദര പുരസ്കാരവും ഗ്രന്ഥങ്ങളും ഇംഗ്ലീഷിലുള്ള തന്െറ ആത്മകഥയായ ‘വൺ ടൈം, വൺ ലൈഫ്’ എന്ന കൃതിയുടെ പ്രതിയും കാന്തപുരം അദ്ദേഹത്തിന് സമ്മാനിച്ചു. പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങൾ, വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, സയ്യിദ് ഇബ്റാഹീം ഖലീൽ അൽ ബുഖാരി തുടങ്ങിയവരും സന്നിഹിതരായിരുന്നു.
തനിക്ക് ഗുരുതുല്യനായ കാന്തപുരത്തോടുള്ള ആത്മീയവും വ്യക്തിപരവുമായ നിർവചനതീതമായ ബന്ധമാണ് പ്രധാനമന്ത്രിയായ ശേഷവും അൻവർ ഇബ്‌റാഹീമിനെ വീണ്ടും മർകസിലേക്ക് എത്തിച്ചത്. ദിവാൻ ഓഫീസിൽ നടന്ന ഉന്നതതല കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ദീർഘകാല നയതന്ത്ര-വാണിജ്യ-വ്യാപാര ബന്ധങ്ങൾക്ക് പുറമെ, മതകാര്യ വിഷയങ്ങളും ചർച്ചയായി.

തുടർന്ന് മർകസ് സെൻട്രൽ കൺവെൻഷൻ സെന്ററിൽ ഔദ്യോഗിക സ്വീകരണത്തിലും അദ്ദേഹം പങ്കെടുത്തു. വിരുന്നിനു ശേഷം ഗ്രാൻഡ് മുഫ്തിക്കൊപ്പം അദ്ദേഹം ദക്ഷിണേന്ത്യയിലെ പ്രമുഖ തീർഥാടന കേന്ദ്രമായ മടവൂർ സി എം വലിയുല്ലാഹി മഖാം സന്ദർശനത്തിനായി പുറപ്പെടും. ആലങ്ങാപോയിൽ അഹമ്മദ് ഹാജിയുടെ മകനായി, കാന്തപുരം എന്ന കുഗ്രാമത്തിൽ നിന്ന് തുടങ്ങി ലോകരാഷ്ട്രങ്ങളുടെ ഉന്നതികളോളം ആത്മീയ-നയതന്ത്ര സ്വാധീനം വളർത്തിയെടുത്ത ഗ്രാൻഡ് മുഫ്തിയുടെ ചരിത്രവഴികളിലെ അവിസ്മരണീയമായ മറ്റൊരു അധ്യായത്തിനാണ് മർകസ് സാക്ഷ്യം വഹിച്ചത്.


