Uae
മലയാളി സമാജം ഇന്‍ഡോ-അറബ് സാംസ്‌കാരിക മഹോത്സവം
മഹോത്സവം ജനുവരി 19, 20, 21 വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ മുസഫ ക്യാപിറ്റല്‍ മാള്‍ ബൊളീവിയാര്‍ഡ് അവന്യൂ ഫെസ്റ്റിവല്‍ നടക്കും.

അബൂദബി | അബൂദബി മലയാളി സമാജം സംഘടിപ്പിക്കുന്ന ഇന്‍ഡോ-അറബ് സാംസ്‌കാരിക മഹോത്സവം ജനുവരി 19, 20, 21 വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ മുസഫ ക്യാപിറ്റല്‍ മാള്‍ ബൊളീവിയാര്‍ഡ് അവന്യൂ ഫെസ്റ്റിവല്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ഇന്ത്യയും അറബ് നാടുകളും തമ്മിലുള്ള ബന്ധം വിവരിക്കുന്ന മഹോത്സവം മേഖലയില്‍ നടക്കുന്ന ഏറ്റവും വലിയ സാംസ്‌കാരികോത്സവമായിരിക്കും.
ജനുവരി 19 ന് വൈകീട്ട് 7.30 ന് ഇന്ത്യന്‍ സ്ഥാനപതി സഞ്ജയ് സുധീര്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഇന്‍ഡോ അറബ് ഫ്യൂഷന്‍ മ്യൂസിക് ഉള്‍പ്പെടെ വിവിധ കലാപരിപാടികള്‍ അരങ്ങേറും. ജനുവരി 20 ന് ചലച്ചിത്ര താരങ്ങളായ സരയു മോഹന്‍, മനോജ് ഗിന്നസ്, കൃഷ്ണപ്രഭ, രാജേഷ് തിരുവമ്പാടി എന്നിവര്‍ നയിക്കുന്ന പരിപാടിയുണ്ടാകും. ജനുവരി 21 ന് ഇന്ത്യന്‍ അറബിക് സംസ്‌കാരം വിളിച്ചോതുന്ന പരിപാടികള്‍ അരങ്ങേറും.
ഇന്ത്യക്കാരുടെ ഗള്‍ഫ് പ്രവാസ ജീവിതത്തിന് 70 ആണ്ടുകള്‍ പിന്നിടുകയാണ്. അതിന് മുമ്പും ഇന്ത്യയും അറബ് നാടുകളും തമ്മില്‍ നല്ല ബന്ധം നിലനിന്നിരുന്നു. ഒരുകാലത്ത് അറബ് നാടുകളില്‍ വിനിമയം പോലും നടന്നിരുന്നത് ഇന്ത്യന്‍ നാണയത്തിലായിരുന്നു. ഇന്ത്യയുടെയും അറബ് രാജ്യങ്ങളുടെയും ആത്മബന്ധം ഓര്‍മിപ്പിക്കുന്ന വ്യത്യസ്ത പരിപാടികള്‍ മൂന്ന് ദിവസങ്ങളില്‍ നടക്കുമെന്ന് സംഘാടകര്‍ വ്യക്തമാക്കി. 70 ആണ്ടുകള്‍ പിന്നിടുന്ന ഇന്‍ഡോ അറബ് ചരിത്രം പറയുമ്പോള്‍ 55 ആണ്ടുകള്‍ പിന്നിടുന്ന മലയാള സമാജത്തിന്റെ ചരിത്രവും വിസ്മരിക്കാന്‍ കഴിയില്ല.
കേരളോത്സവം, സമ്മര്‍, വിന്റര്‍ ക്യാമ്പുകള്‍, നാടകോത്സവം, യുവജനോത്സവം എന്നിവ ഗള്‍ഫ് മേഖലയില്‍ ആദ്യം പരിചയപ്പെടുത്തിയത് സമാജമാണെന്ന് പ്രസിഡന്റ് റഫീഖ് കയനിയല്‍ പറഞ്ഞു. സമാജത്തിന്റെ ഈ വര്‍ഷത്തെ 55 പരിപാടികളില്‍ ഏറ്റവും പുതുമയുള്ളതും വ്യത്യസ്തവുമായിരിക്കും ഇന്‍ഡോ അറബ് സാംസ്‌കാരികോത്സവം.
വൈവിധ്യമാര്‍ന്ന ഇന്ത്യന്‍ അറബിക് കലാ പ്രകടനങ്ങള്‍, പ്രദര്‍ശന സ്റ്റാളുകള്‍ എന്നിവയും പരിപാടിയുടെ ഭാഗമായി ഒരുക്കുന്നുണ്ട്. ഇന്തോ-അറബ് സമൂഹങ്ങള്‍ക്കിടയില്‍ ഐക്യവും ധാരണയും വളര്‍ത്തിയെടുക്കുന്ന രണ്ട് സമ്പന്നമായ സംസ്കാരങ്ങളുടെ സവിശേഷമായ മിശ്രിതമായിരിക്കും ഉത്സവം. സാംസ്‌കാരിക വിനിമയത്തിന്റെയും ആഘോഷത്തിന്റെയും ചൈതന്യം പ്രതിഫലിപ്പിക്കുന്ന, ഒരു വലിയ ജനസഞ്ചയം മഹോത്സവത്തിന് സാക്ഷ്യം വഹിക്കുമെന്ന് ജനറല്‍ സെക്രട്ടറി എം യു ഇര്‍ഷാദ് വ്യക്തമാക്കി.
മൂന്ന് ദിവസത്തെ പ്രവേശനത്തിന് പത്ത് ദിര്‍ഹമാണ് നിരക്ക്. പ്രവേശന കൂപ്പണ്‍ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന ഒരാള്‍ക്ക് 20 പവന്‍ സ്വര്‍ണവും 55 വിലപിടിപ്പുള്ള സമ്മാനങ്ങളും ലഭിക്കും. മീഡിയ സെക്രട്ടറി ഷാജഹാന്‍ ഹൈദര്‍ അലി, മസൂമ, അജാസ് അപ്പാട്ടില്ലത്ത്, രേഖിന്‍ സോമന്‍, സാബു അഗസ്റ്റിന്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.