Connect with us

Kerala

മഹാരാഷ്ട്രയിൽ മൂന്നംഗ മലയാളി കുടുംബത്തെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

വിഷവാതകം ശ്വസിച്ചതാണ് മരണകാരണമെന്നാണ് സംശയിക്കുന്നത്.

Published

|

Last Updated

പൂണെ | മഹാരാഷ്ട്രയിലെ പൂണെയ്ക്ക് സമീപം പിമ്പരിയിൽ മൂന്നംഗ മലയാളി കുടുംബത്തെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം വട്ടിയൂർകാവ് സ്വദേശി പി എസ് വിനോദ്, ഭാര്യ തിരുവല്ല സ്വദേശിയും അധ്യാപികയുമായ സിൽജ പിള്ള, മകൾ പൂർണിമ എന്നിവരാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

അധ്യാപികയായ സിൽജ രണ്ട് ദിവസമായി സ്കൂളിൽ വരാതിരുന്നതിനെ തുടർന്ന് സ്കൂൾ അധികൃതർ അയൽപക്കത്ത് വിവരമറിയിക്കുകയായിരുന്നു. തുടർന്ന് അയൽവാസികൾ ഫ്ലാറ്റിലെത്തി വിളിച്ചു നോക്കിയെങ്കിലും വാതിൽ തുറന്നില്ല. ഇതോടെ വാതിൽ തള്ളിത്തുറന്ന് അകത്തുകടന്നപ്പോഴാണ് മൂന്നുപേരെയും അബോധാവസ്ഥയിൽ കണ്ടെത്തിയത്. വിനോദ് ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പ് തന്നെ മരിച്ചിരുന്നു. സിൽജയെയും പൂർണിമയെയും ജീവനോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മരണം സംഭവിക്കുകയായിരുന്നു.

വിഷവാതകം ശ്വസിച്ചതാണ് മരണകാരണമെന്നാണ് സംശയിക്കുന്നത്. ഇവരെ കണ്ടെത്തുന്ന സമയത്ത് വീടിനുള്ളിൽ പുകയുണ്ടായിരുന്നതായി അയൽവാസികൾ സൂചിപ്പിച്ചു. എന്നാൽ മരണകാരണം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായാൽ മാത്രമേ വ്യക്തത വരൂ. ആത്മഹത്യയാണെങ്കിൽ അതിലേക്ക് നയിച്ച ഘടകങ്ങളെക്കുറിച്ചും നിലവിൽ വ്യക്തതയില്ല.

പ്രദേശത്തെ കേരള സമാജവുമായി വലിയ ബന്ധമോ ഇടപഴകലുകളോ പുലർത്താതിരുന്ന കുടുംബമായിരുന്നു ഇതെന്ന് സമാജം പ്രവർത്തകർ വ്യക്തമാക്കി. വാടക അഗ്രിമെന്റ് വഴിയാണ് വിനോദിന്റെ സ്വദേശം തിരുവനന്തപുരമാണെന്ന് വ്യക്തമായത്. സംഭവമറിഞ്ഞ് അടുത്ത ബന്ധുക്കൾ പൂണെയിലെത്തിയിട്ടുണ്ട്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടപടികൾക്കായി മാറ്റി.

(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)

 

Content Highlights

A three-member Malayali family was found dead in their flat at Pimpri near Pune. The deceased were identified as Vinod, his wife Silja, and daughter Poornima. Police suspect suicide by inhaling toxic gas, as smoke was found in the flat. Postmortem procedures are underway.

---- facebook comment plugin here -----

Latest