Connect with us

Kerala

മഴക്കെടുതിയില്‍ മുങ്ങി കേരളം; മരണം എട്ട്, ഏഴുപേരെ കാണാതായി, താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍

നദികള്‍ പലതും കരകവിഞ്ഞ് താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. മലയോര മേഖലകളില്‍ ഉരുള്‍പൊട്ടലുണ്ടായി. പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു.

Published

|

Last Updated

തിരുവനന്തപുരം | കനത്ത മഴപ്പെയ്ത്തില്‍ ദുരിതത്തില്‍ മുങ്ങി കേരളം. മഴക്കെടുതിയില്‍ എട്ടുപേരുടെ ജീവന്‍ പൊലിഞ്ഞു. ഏഴുപേരെ കാണാതായി. നദികള്‍ പലതും കരകവിഞ്ഞ് താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. മലയോര മേഖലകളില്‍ ഉരുള്‍പൊട്ടലുണ്ടായി. പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു. ഗുജറാത്ത് തീരത്തുനിന്നുള്ള ന്യൂനമര്‍ദ പാത്തിയാണ് കനത്ത മഴക്ക് കാരണമായത്.

കോട്ടയത്ത് മീനച്ചിലാര്‍ കരകവിഞ്ഞതോടെ പാലാ നഗരത്തിലും എരുമേലി, മുണ്ടക്കയം, മണിമല ടൗണുകളിലും വെള്ളം കയറി. ഈരാറ്റുപേട്ട-വാഗമണ്‍, ഏറ്റുമാനൂര്‍-പൂഞ്ഞാര്‍, പുനലൂര്‍-മൂവാറ്റുപുഴ പാതകളില്‍ കല്ലുകള്‍ വീണ് ഗതാഗതം മുടങ്ങി. പത്തനംതിട്ടയില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടി. വെള്ളം കയറി റാന്നി ടൗണ്‍ പൂര്‍ണമായും ഒറ്റപ്പെട്ടു. വീടുകളില്‍ അകപ്പെട്ടവരെ ദുരന്തനിവാരണ സേന, അഗ്നിരക്ഷാസേന, പോലീസ് സംഘം എന്നിവര്‍ രക്ഷപ്പെടുത്തി സുരക്ഷിത കേന്ദ്രങ്ങളിലെത്തിച്ചു. ആറന്മുളയില്‍ സത്രക്കടവ് മുതല്‍ മാലക്കര വരെ റോഡ് വെള്ളത്തിലായി. മൂഴിയാര്‍ ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ തുറന്നുവെച്ചിരിക്കുകയാണ്.

തിരുവനന്തപുരം ജില്ലയില്‍ പേപ്പാറ, അരുവിക്കര, നെയ്യാര്‍ ഡാമുകളുടെ ഷട്ടര്‍ ഉയര്‍ത്തി. കണ്ണൂര്‍ ജില്ലയില്‍ കൊളിത്തട്ട്, ആറളം വന്യജീവി സങ്കേതം, മാക്കൂട്ടം, ബ്രഹ്മഗിരി വനമേഖലകളില്‍ ഉരുള്‍പൊട്ടലുണ്ടായി. ആറളം ഫാമും ആറളം വന്യജീവി സങ്കേതവും ഒറ്റപ്പെട്ടു. പഴശ്ശി അണക്കെട്ടിന്റെ എല്ലാ ഷട്ടറുകളും തുറന്നു.

പാലക്കാട് ജില്ലയില്‍ മംഗലം, കാഞ്ഞിരപ്പുഴ അണക്കെട്ടുകള്‍ തുറന്നു. തൃത്താല, വെള്ളിയാങ്കല്ല് ഷട്ടറുകള്‍ ഉയര്‍ത്തി. കോഴിക്കോട് താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇടുക്കിയില്‍ പലയിടത്തും ഉരുള്‍പൊട്ടലുണ്ടായി. കല്ലാര്‍കൂട്ടി, മലങ്കര, കല്ലാര്‍ ഡൈവേര്‍ഷന്‍, പാംബ്ല അണക്കട്ടുകള്‍ തുറന്നു. ഭൂതത്താന്‍കെട്ട് ഡാമിന്റെ മുഴുവന്‍ ഷട്ടറുകളും തുറന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ ശക്തമായതോടെ ജലനിരപ്പ് ഉയര്‍ന്നു. 12 മണിക്കൂറിനിടയില്‍ രണ്ടടിയിലധികം വെള്ളമാണ് ഉയര്‍ന്നത്. 114.01 അടി വെള്ളമാണ് ഇന്നലെ രാവിലെ ആറിന് രേഖപ്പെടുത്തിയത്. സെക്കന്‍ഡില്‍ 2,649 ഘനയടി വെള്ളമാണ് ഒഴുകിയെത്തുന്നത്.

തുറമുഖങ്ങളില്‍ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോട്, കണ്ണൂര്‍, തലശ്ശേരി, കോഴിക്കോട്, ബേപ്പൂര്‍, പൊന്നാനി, അഴീക്കല്‍, കൊച്ചി, ആലപ്പുഴ, നീണ്ടകര (കൊല്ലം), തിരുവനന്തപുരം എന്നീ തുറമുഖങ്ങളിലാണ് മുന്നറിയിപ്പ്. ലക്ഷദ്വീപിലെ മിനിക്കോയ് തുറമുഖത്തും കര്‍ണാടകയിലെ കാര്‍വാര്‍, മംഗളൂരു, പണമ്പൂര്‍, ഹോണാവര്‍, ഭട്കല്‍, ഗംഗോളി, മാല്‍പെ എന്നീ തുറമുഖങ്ങളിലും ജാഗ്രത തുടരും.

Content Highlights:
Severe heavy rainfall has inundated low-lying areas across Kerala, causing extensive damage. The death toll from rain-related incidents has risen to eight, with seven people reported missing. Rescue operations and emergency management efforts are currently underway across affected regions.

 

---- facebook comment plugin here -----

Latest