UAE
ജി സി സി ഐക്യം മുമ്പെന്നത്തേക്കാളും അത്യാവശ്യം: യു എ ഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ്
1990 ലെ കുവൈത്ത് അധിനിവേശം ഇന്നും മേഖലക്ക് നല്‍കുന്നത് വലിയ പാഠങ്ങള്‍.
അബൂദബി | 1990ലെ ഇറാഖിന്റെ കുവൈത്ത് അധിനിവേശം നല്‍കുന്ന പാഠങ്ങള്‍ എക്കാലത്തെയും പോലെ ഇന്നും പ്രസക്തമാണെന്ന് യു എ ഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അന്‍വര്‍ ഗര്‍ഗാഷ്. ഗള്‍ഫ് രാജ്യങ്ങള്‍ തമ്മിലുള്ള ഐക്യദാര്‍ഢ്യത്തിന്റെ പ്രാധാന്യവും മേഖലയുടെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിലെ പങ്കാളിത്ത ഉത്തരവാദിത്തവും ഈ വാര്‍ഷിക ദിനം വീണ്ടും ഓര്‍മിപ്പിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.
ആഗസ്റ്റ് രണ്ടിന് നടക്കുന്ന കുവൈത്ത് അധിനിവേശത്തിന്റെ 36-ാം വാര്‍ഷികത്തിന് മുന്നോടിയായി പങ്കുവെച്ച സന്ദേശത്തിലാണ് അന്‍വര്‍ ഗര്‍ഗാഷ് ഇക്കാര്യം കുറിച്ചത്. ജി സി സി രാജ്യങ്ങളുടെ ഭാവി ഒന്നാണെന്നും നേരിടുന്ന വെല്ലുവിളികളെ മറികടക്കാന്‍ പരസ്പര സഹകരണവും ഏകോപനവും ഐക്യവും മാത്രമാണ് വഴിയെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
കുവൈത്ത് അധിനിവേശ ചരിത്രം
1990 ആഗസ്റ്റ് രണ്ടിനാണ് അന്നത്തെ ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈന്റെ ഉത്തരവിനെ തുടര്‍ന്ന് ഇറാഖി സൈന്യം കുവൈത്തിനെ ആക്രമിച്ച് കീഴടക്കിയത്. ഇത് ആധുനിക പശ്ചിമേഷ്യന്‍ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധികള്‍ക്ക് വഴിതെളിച്ചു. അന്താരാഷ്ട്ര തലത്തില്‍ ശക്തമായ അപലപനത്തിന് ഇടയാക്കിയ സംഭവത്തെ തുടര്‍ന്ന്, യു എന്‍ നിര്‍ദേശം ലംഘിച്ച ഇറാഖിനെതിരെ അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യസേന സൈനിക നടപടി ആരംഭിക്കുകയും 1991 ഫെബ്രുവരിയില്‍ കുവൈത്തിനെ മോചിപ്പിക്കുകയും ചെയ്തു.
ഏഴുമാസം നീണ്ടുനിന്ന അധിനിവേശം മേഖലയില്‍ വലിയ ആഘാതമാണ് സൃഷ്ടിച്ചത്. പിന്മാറ്റ സമയത്ത് ഇറാഖി സൈന്യം നൂറുകണക്കിന് കുവൈത്തി എണ്ണക്കിണറുകള്‍ക്ക് തീയിടുകയും അറേബ്യന്‍ ഉള്‍ക്കടലിലേക്ക് വലിയ അളവില്‍ ക്രൂഡ് ഓയില്‍ ഒഴുക്കിവിടുകയും ചെയ്തത് ലോകത്തിലെ തന്നെ ഏറ്റവും വലിയ പാരിസ്ഥിതിക ദുരന്തങ്ങളിലൊന്നായി മാറി.
Content Highlights:
UAE Presidential Diplomatic Advisor Dr. Anwar Gargash emphasized that unity among GCC countries is more crucial now than ever before. He highlighted the need for collective diplomatic strategies to maintain regional stability and tackle security challenges. The statement reinforces the UAE’s commitment to strengthening ties within the Gulf Cooperation Council.


