Connect with us

Kerala

ജോലിയില്‍ നിന്നും പിരിച്ചുവിട്ടതിലെ പക; സ്വകാര്യ ബസിന്റെ എന്‍ജിനില്‍ ഉപ്പ് വാരിയിട്ട മുന്‍ ഡ്രൈവറും കണ്ടക്ടറും പിടിയില്‍

എന്‍ജിനുള്ളില്‍ ഉപ്പ് ചേര്‍ത്താല്‍ പെട്ടന്ന്  തകരാര്‍ സംഭവിക്കില്ലെന്നും രണ്ട് മൂന്ന് ആഴ്ചകള്‍ കഴിഞ്ഞ് തുരുമ്പെടുത്ത് തകരാറിലാകുമ്പോള്‍ തങ്ങളിലേക്ക് സംശയം നീളില്ലെന്നുമായിരുന്നു പ്രതികള്‍ കണക്കുകൂട്ടിയത്

Published

|

Last Updated

മലപ്പുറം| ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിലുള്ള വൈരാഗ്യത്തില്‍ സ്വകാര്യ ബസിന്റെ എന്‍ജിനില്‍ ഉപ്പ് വാരിയിട്ട് കേടുവരുത്തിയ സംഭവത്തില്‍ മുന്‍ ഡ്രൈവറും കണ്ടക്ടറും പിടിയില്‍. കരുവാരകുണ്ട് കേരള സ്വദേശി റമീസ്, കാരപ്പുറം പോത്തന്‍കോടന്‍ സ്വദേശി സല്‍മാന്‍ എന്നിവരെയാണ് പൂക്കോട്ടുംപാടം പോലീസ് പിടികൂടിയത്. ബസ് മാനേജര്‍ നിസാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

ജോലി സംബന്ധമായ വീഴ്ചകളെ തുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുന്‍പാണ് ബസ് ഉടമ ഇരുവരെയും ജോലിയില്‍ നിന്ന് പറഞ്ഞുവിട്ടത്. ഇതിലുള്ള പകയാണ് കേടുവരുത്തി ഉടമക്ക് കനത്ത നഷ്ടം ഉണ്ടാക്കാന്‍ പ്രതികളെ പ്രേരിപ്പിച്ചത്. കഴിഞ്ഞ മാസം 30-ന് രാത്രി 11 ഓടെ പൂക്കോട്ടുംപാടത്തെ പെട്രോള്‍ പമ്പില്‍ നിര്‍ത്തിയിട്ടിരുന്ന സമയത്താണ് ഇരുവരും ചേര്‍ന്ന് ബസിന്റെ എന്‍ജിനില്‍ ഉപ്പ് വാരിയിട്ടത്.എന്‍ജിനുള്ളില്‍ ഉപ്പ് ചേര്‍ത്താല്‍ പെട്ടന്ന്  തകരാര്‍ സംഭവിക്കില്ലെന്നും രണ്ട് മൂന്ന് ആഴ്ചകള്‍ കഴിഞ്ഞ് തുരുമ്പെടുത്ത് തകരാറിലാകുമ്പോള്‍ തങ്ങളിലേക്ക് സംശയം നീളില്ലെന്നുമായിരുന്നു പ്രതികള്‍ കണക്കുകൂട്ടിയത്. എന്നാല്‍ പിറ്റേദിവസം സര്‍വീസ് തുടങ്ങിയ ഉടന്‍ തന്നെ ബസ് പണിമുടക്കി

ഏകദേശം 50 കിലോമീറ്ററോളം ഓടിയപ്പോഴേക്കും എന്‍ജിനില്‍ നിന്ന് വലിയ തോതില്‍ കറുത്ത പുക ഉയരുകയും വാഹനം നിശ്ചലമാവുകയുമായിരുന്നു. പരിശോധനയില്‍ എന്‍ജിനില്‍ ഉപ്പ് അടിഞ്ഞുകൂടിയതായി കണ്ടെത്തി. സംഭവത്തില്‍ ബസ് ഉടമയ്ക്ക് മൂന്ന് ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് വിലയിരുത്തല്‍. ബസ് തകരാറിലായ വിവരമറിഞ്ഞതോടെ പ്രതികള്‍ രണ്ടുപേരും ഒളിവില്‍ പോവുകയായിരുന്നു. തുടര്‍ന്ന് ബസ് നിര്‍ത്തിയിട്ടിരുന്ന പെട്രോള്‍ പമ്പിലെയും അനുബന്ധ പാതകളിലെയും സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലാകുന്നത്.

Content Highlights: Pookkottumpadam police arrested a former driver and conductor for damaging a private bus engine by pouring salt. The duo acted out of revenge after being fired by the owner over work issues. The act resulted in an estimated loss of three lakh rupees to the bus owner.

---- facebook comment plugin here -----

Latest