National
ഗ്രഹാം സ്റ്റെയിന്‍സിനെയും മക്കളെയും ചുട്ടുകൊന്ന കേസ്; പ്രതി ധാരാ സിംഗിന്റെ മോചന ഹരജി തള്ളി ഒഡിഷ സര്‍ക്കാര്‍
25 വര്‍ഷത്തെ ജയില്‍വാസം ചൂണ്ടിക്കാട്ടി നല്‍കിയ ശിക്ഷാ ഇളവ് അപേക്ഷയാണ് തള്ളിയത്
ന്യൂഡല്‍ഹി|ഓസ്ട്രേലിയന്‍ മിഷനറി ഗ്രഹാം സ്റ്റെയിന്‍സിനെയും രണ്ട് മക്കളെയും ചുട്ടുകൊന്ന കേസില്‍ മുന്‍കൂട്ടിയുള്ള ജയില്‍ മോചനം ആവശ്യപ്പെട്ടുകൊണ്ട് മുഖ്യപ്രതി ധാരാ സിംഗ് എന്ന രവീന്ദ്ര കുമാര്‍ പാല്‍ നല്‍കിയ ഹരജി തള്ളിയതായി ഒഡിഷ സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. ഒഡിഷ സ്റ്റേറ്റ് സെന്റന്‍സ് റിവ്യൂ ബോര്‍ഡാണ് ശിക്ഷാ ഇളവ് നല്‍കണമെന്ന പ്രതിയുടെ ആവശ്യം നിരസിച്ചത്. ജസ്റ്റിസ് മനോജ് മിശ്ര, ജസ്റ്റിസ് വിജയ് ബിഷ്ണോയ് എന്നിവരടങ്ങിയ ബെഞ്ചിന് മുന്നിലാണ് ഒഡിഷ സര്‍ക്കാരിന്റെ അഭിഭാഷകന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ഹരജി തള്ളിയ സാഹചര്യത്തില്‍ സുപ്രിംകോടതി കേസ് മൂന്നാഴ്ചത്തേക്ക് മാറ്റി. ജയില്‍ മോചന ഹരജി തള്ളിയ ഉത്തരവിനെ ചോദ്യം ചെയ്തുള്ള ഹരജിയില്‍ ആവശ്യമായ ഭേദഗതി വരുത്താന്‍ ദാരാ സിങ്ങിന് കോടതി അനുമതി നല്‍കി. ജസ്റ്റിസുമാരായ മനോജ് മിശ്ര, വിജയ് ബിഷ്ണോയ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
1999 ജനുവരി 22 രാത്രിയാണ് ഒഡിഷയിലെ കിയോഞ്ജര്‍ ജില്ലയിലെ മനോഹര്‍പുര്‍ ഗ്രാമത്തില്‍ ഗ്രഹാം സ്റ്റെയിന്‍സും മക്കളായ ഫിലിപ്പും തിമോത്തിയും വാഹനത്തില്‍ ഉറങ്ങിക്കിടക്കുന്നതിനിടെ ആക്രമിക്കപ്പെട്ടത്. മൂന്നുപേരെയും കാറിലിട്ട് പെട്രോളൊഴിച്ച് ചുട്ടുകൊല്ലുകയായിരുന്നു. കേസില്‍ 2003ല്‍ വിചാരണക്കോടതി ദാരാ സിങ്ങിന് വധശിക്ഷ വിധിച്ചു.
2005ല്‍ ഒഡിഷ ഹൈക്കോടതി വധശിക്ഷ ജീവപര്യന്തമായി കുറച്ചു. 2011ല്‍ സുപ്രിംകോടതി ഇത് ശരിവെച്ചു. 25 വര്‍ഷത്തിലേറെ ജയില്‍വാസം പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ ഒഡിഷയുടെ നിലവിലെ ശിക്ഷാ ഇളവ് നയപ്രകാരം മോചനം പരിഗണിക്കണമെന്നായിരുന്നു ദാരാ സിങ്ങിന്റെ ആവശ്യം. 2024ലാണ് ഇയാള്‍ സുപ്രിംകോടതിയെ സമീപിച്ചത്. കുറ്റം ചെയ്തത് യുവത്വത്തിലെ ക്ഷോഭത്തിലായിരുന്നു. ഇപ്പോള്‍ പശ്ചാത്തപിക്കുന്നുവെന്നും ദാരാ സിങ്ങ് ഹരജിയില്‍ അവകാശപ്പെട്ടിരുന്നു.
ഹരജിയില്‍ തീരുമാനമെടുക്കുന്നത് ഒഡിഷ സര്‍ക്കാര്‍ പല പ്രാവശ്യം വൈകിപ്പിച്ചതിനെ സുപ്രിംകോടതി നേരത്തെ വിമര്‍ശിച്ചിരുന്നു. സെപ്റ്റംബര്‍ എട്ടിന് നടന്ന വാദത്തിനിടെ തീരുമാനം വൈകിയാല്‍ സംസ്ഥാന ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്തേണ്ടിവരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു. തുടര്‍ന്ന് സെപ്റ്റംബര്‍ 17ന് മുമ്പ് തീരുമാനമെടുക്കാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു.
Content Highlights:
The Odisha government informed the Supreme Court that it rejected the premature release plea of Dara Singh, convict in the 1999 Graham Staines murder case. The Odisha Sentence Review Board denied the reduction of his sentence. The court granted Singh time to amend his petition following the rejection.


