UAE
യു എ ഇ - ഇന്ത്യ പ്രതിരോധ വ്യവസായ സഹകരണം ശക്തമാക്കുന്നു
അബൂദബിയിൽ പുതിയ വേദിക്ക് തുടക്കം
അബൂദബി| യു എ ഇയും ഇന്ത്യയും തമ്മിലുള്ള പ്രതിരോധ, വ്യാവസായിക സഹകരണം കൂടുതൽ ഊർജിതമാക്കാൻ ലക്ഷ്യമിട്ട് അബൂദബിയിൽ പുതിയ വേദിക്ക് തുടക്കമായി. ഇരു രാജ്യങ്ങളിലെയും പ്രതിരോധ നിർമാണ കമ്പനികൾ തമ്മിൽ പുതിയ പങ്കാളിത്തങ്ങൾ സ്ഥാപിക്കുന്നതിനും സാങ്കേതിക സഹകരണം കൂടുതൽ വിപുലമാക്കുന്നതിനുമുള്ള സാധ്യതകൾ പരിശോധിക്കാൻ “യു എ ഇ-ഇന്ത്യ പ്രതിരോധ വ്യവസായ ഫോറം’ തുടക്കം കുറിച്ചു.
തവാസുൻ കൗൺസിൽ ഫോർ ഡിഫൻസ് എനേബ്ൾമെന്റും യു എ ഇയിലെ ഇന്ത്യൻ എംബസിയും സൊസൈറ്റി ഓഫ് ഇന്ത്യൻ ഡിഫൻസ് മാനുഫാക്ചറേഴ്‌സും സംയുക്തമായാണ് ഫോറം സംഘടിപ്പിച്ചത്. യു എ ഇ പ്രതിരോധ മന്ത്രാലയം, പ്രമുഖ പ്രതിരോധ വ്യവസായ ഗ്രൂപ്പായ എഡ്ജ് എന്നിവയുൾപ്പെടെയുള്ള പ്രമുഖ സ്ഥാപനങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥരും പ്രതിനിധികളും ഉന്നതതല ചർച്ചകളിൽ സംബന്ധിച്ചു.
ഇന്ത്യയുടെ കരുത്തുറ്റ പ്രതിരോധ ഉത്പാദന ശേഷിയും യു എ ഇയുടെ വളർന്നുവരുന്ന പ്രതിരോധ സാങ്കേതിക ആവാസവ്യവസ്ഥയും തമ്മിൽ ഏകോപിപ്പിക്കുകയാണ് പ്രധാന ലക്ഷ്യം. ഇരു രാജ്യങ്ങളിലെയും പ്രതിരോധ സ്ഥാപനങ്ങൾക്ക് അത്യാധുനിക സാങ്കേതികവിദ്യ, ഗവേഷണ വിവരങ്ങൾ, സംയുക്ത നിർമാണ ശേഷി, ആഗോള കയറ്റുമതി സാധ്യതകൾ എന്നിവ പങ്കുവെക്കാനുള്ള സുപ്രധാന അവസരമാണ് ഫോറം ഒരുക്കുന്നത്.
പുതിയ വാണിജ്യ പങ്കാളിത്തങ്ങൾക്ക് പുറമെ സംയുക്ത ഗവേഷണ-വികസന പദ്ധതികൾ കണ്ടെത്താനും ഫോറം വഴിയൊരുക്കുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.
Content Highlights:
The UAE-India Defense Industry Forum was launched in Abu Dhabi to boost defense manufacturing and technology partnerships between both nations. Organized by Tawazun Council, the Indian Embassy, and SIDM, the event focused on joint R&D and exports. Key officials from Edge Group also attended.


