Cover Story
മലൈബാർ കൾച്ചറൽ സെന്റർ; കേരളം ലോകത്തേക്ക് തുറന്നുവെച്ച വാതിൽ
പരമ്പരാഗത സൂഖ് മാതൃകയിലുള്ള ഇന്ത്യയിലെ ഏറ്റവും വലിയ വ്യാപാര സമുച്ചയം കൂടി പ്രവർത്തനമാരംഭിച്ചതോടെ, മർകസ് നോളജ് സിറ്റിയിലെ ഏറ്റവും ജനകീയ സംരംഭങ്ങളിലൊന്നായ മലൈബാർ കൾച്ചറൽ സെന്റർ പുതിയ വിതാനങ്ങളിലേക്കെത്തുകയാണ്. രാജ്യത്തിന്റെ തന്നെ അഭിമാന പദ്ധതിയായി മാറിയ കൾച്ചറൽ സെന്ററിന്റെ നിർമാണചരിത്രം പലർക്കുമുള്ള ഒരു പാഠപുസ്തകമാണ്.
കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കിയ സുൽത്താൻ മെഹ്‌മത് ഇസ്താംബൂൾ നഗരത്തിൽ കൊണ്ടുവന്ന ആദ്യത്തെ വലിയ പരിഷ്കാരങ്ങളിലൊന്ന് സൂഖ് മാതൃകയിലുള്ള മാർക്കറ്റിന്റെ നിർമാണമായിരുന്നു. നഗരത്തിലെ സാമ്പത്തിക ക്രയവിക്രയങ്ങൾക്ക് ഊർജം പകരാൻ വേണ്ടി 1461ൽ സുൽത്താൻ പണിതു തുടങ്ങിയ ഗ്രാൻഡ് ബസാർ പതിനേഴാം നൂറ്റാണ്ടിൽ നിർമാണം പൂർത്തിയായപ്പോഴേക്കും ലോകത്തിലെ ഏറ്റവും വലിയ മാർക്കറ്റുകളിലൊന്നായിത്തീർന്നു. വിഭവങ്ങളുടെ വൈവിധ്യം കൊണ്ടും ഗുണനിലവാരം കൊണ്ടും മെഡിറ്ററേനിയൻ വഴിയുള്ള വ്യാപാരത്തിന്റെ കേന്ദ്രമായി ഗ്രാൻഡ് ബസാർ മാറി. അയാസോഫിയ മസ്ജിദിനുള്ള വഖ്ഫ് സ്വത്ത് എന്ന നിലയിൽ സുൽത്താൻ മെഹ്‌മത് തുടക്കം കുറിച്ച കാപാലിഗാർസി എന്ന് തുർക്കി ഭാഷയിൽ പറയുന്ന ബസാർ, കടലും കരയും ഭൂഖണ്ഡങ്ങളും താണ്ടി ലോകത്തിന്റെ തന്നെ ഗ്രാൻഡ് ബസാറായി വളർന്നു.
നിർമാണ ചാരുത കൊണ്ടതിശയിപ്പിക്കുന്ന അയാസോഫിയയിലെ വാങ്കുവിളികളിലൂടെയും ഗ്രാൻഡ്‌ബാസാറിലെ രുചികളുടെയും നിറങ്ങളുടെയും മണങ്ങളുടെയും വൈവിധ്യങ്ങളിലൂടെയുമല്ലാതെ ഇന്നും ഒരാൾക്ക് ബോസ്ഫറസിനെ മുറിച്ചുകടക്കാനാകില്ല. കിഴക്കിനും പടിഞ്ഞാറിനുമിടയിൽ, ആത്മീയതക്കും വാണിജ്യത്തിനുമിടയിൽ, വ്യത്യസ്തമെന്നും വിപരീതമെന്നും നാം കരുതിപ്പോന്ന ഒട്ടേറെ ലോകങ്ങൾക്കിടയിലെ പാലമായിത്തീർന്ന അയാസോഫിയയും ഗ്രാൻഡ്‌ബസാറും ചേർന്ന നഗരവീഥി മാടിവിളിച്ചു വിളിച്ചാണ് ഇസ്താംബുൾ ലോക സന്ദർശകരുടെ ഇഷ്ടതാവളങ്ങളിലൊന്നായി മാറിയത്.
മലൈബാർ കൾച്ചറൽ സെന്ററിന്റെ ഭാഗമായി സംവിധാനിച്ച ഇന്ത്യയിലെ ഏറ്റവും വലിയ സൂഖ് സമുച്ചയം കഴിഞ്ഞ ദിവസം മർകസ് നോളജ് സിറ്റിയിൽ നടന്ന ചടങ്ങിൽ ഉസ്താദ് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നാടിനായി സമർപ്പിച്ചപ്പോൾ അതു ചരിത്രത്തിന്റെ മറ്റൊരു ഓർമ പുതുക്കലും പുതുക്കിപ്പണിയലും കൂടിയായി. ചരിത്രത്തിനും ഭാവിക്കുമിടയിൽ, മലബാറിനും ലോകത്തിനുമിടയിൽ, മുസ്‌ലിംകൾക്കും മറ്റു സാമൂഹിക വിഭാഗങ്ങൾക്കുമിടയിലെ മറ്റൊരു പാലത്തിന്റെ പൂർത്തീകരണത്തിന്റെ പ്രഖ്യാപനം കൂടിയാണത്.

ഒരു പ്രദേശത്തിന്റെ ഭൂപടവും സമൂഹത്തിന്റെ ഭാവിയും തന്നെ മാറ്റുന്ന വലിയ പദ്ധതികൾ സാധാരണയായി ഭരണകൂടങ്ങളുടെയും വൻ കോർപ്പറേറ്റുകളുടെയും നേതൃത്വത്തിലും പങ്കാളിത്തത്തിലുമാണ് നടന്നു വരാറുള്ളതെങ്കിൽ, ഇവിടെ, ഒരു വലിയ സാംസ്കാരിക കേന്ദ്രത്തിന്റെ കഥ തുടങ്ങുന്നത് ഒരു മഹാഗുരുവിന്റെ സ്വപ്നങ്ങളുടെയും മൂന്ന് യുവാക്കളുടെ ആത്മവിശ്വാസത്തിൽ കെട്ടിപ്പടുത്ത സംരംഭകത്വത്തിന്റെയും കൂടിക്കാഴ്ചയിൽ നിന്നാണ്. ഒരു ദേശത്തിന്റെയും സമൂഹത്തിന്റെയും സാംസ്കാരിക ഭാവനയും ആത്മീയ സ്വരവും വാണിജ്യ താത്പര്യങ്ങളും പുനർ രചിച്ച കേന്ദ്രമായി ഇന്ന് മലൈബാർ കൾച്ചറൽ സെന്റർ മാറുമ്പോൾ, അത് മൂന്ന് യുവാക്കൾ ചേർന്നാരംഭിച്ച ഒരു സംരംഭകത്വത്തിന്റെ വിജയഗാഥ കൂടിയാവുകയാണ്.
“മലൈബാർ കൾച്ചറൽ സെന്ററിന്റെ തുടക്കം ഏതെങ്കിലും ഒരു ആധുനികമായ ബ്ലൂ പ്രിന്റില്‍ നിന്നായിരുന്നില്ല. ചില സംഭാഷണങ്ങളാണ് ഈ ബൃഹത്തായ പദ്ധതിയുടെ തുടക്കത്തിലേക്ക് വഴിതെളിച്ചത്. ഇസ്്ലാമിക നാഗരിക പാരമ്പര്യവും ആധുനിക കച്ചവട കേന്ദ്രവും ഒരുമിക്കുന്ന ഒരു സംരംഭം എന്ന ചിന്തയെ കുറിച്ചുള്ള സംഭാഷണം. ഉസ്താദ് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ തുടക്കം കുറിച്ച, മതപണ്ഡിതന്മാരും സമുദായ നേതാക്കളും ചരിത്രകാരന്മാരും സാംസ്കാരിക പ്രവർത്തകരുമെല്ലാം ചേർന്നുള്ള ആ സംഭാഷണത്തിൽ ഭാഗഭാക്കാകാൻ സാധിച്ചു എന്നതാണ് ഈ സവിശേഷ പദ്ധതിയുമായുള്ള ഞങ്ങളുടെ ബന്ധത്തിന്റെ തുടക്കം’ – മലൈബാർ കൾച്ചറൽ സെന്ററിന്റെ നിർമാണ ചുമതലയിലേക്കുള്ള യാത്രയുടെ ആരംഭത്തെ ടാലൻമാർക്ക് സ്ഥാപക ഡയറക്ടർ കൂടിയായ എം. ഹബീബുർറഹ്മാൻ ഓർത്തെടുക്കുന്നു.
“ലോകത്തെ ശ്രദ്ധേയമായ നഗര വികസന മാതൃകകൾ ആവിഷ്കരിച്ചു നടപ്പിലാക്കിയത് മുസ്‌ലിംകളായിരുന്നുവെന്ന് ഉസ്താദ് ഉദാഹരണങ്ങൾ എണ്ണിയെണ്ണി പറഞ്ഞുതന്നത് എം ബി എ പഠനം കഴിഞ്ഞു കരിയറിന്റെ തുടക്കത്തിലുള്ള ഞങ്ങളുടെ കണ്ണു തുറപ്പിക്കുന്ന വിശദീകരണമായിരുന്നു. ഞങ്ങൾ പഠിച്ച പാഠപുസ്തകങ്ങളിലൊന്നും അത്തരം ചരിത്രങ്ങൾ ഉണ്ടായിരുന്നില്ല. പാണ്ഡിത്യവും വിപുലമായ യാത്രകളിലൂടെയും പൊതുജന സമ്പർക്കങ്ങളിലൂടെയും ഉസ്താദ് നേടിയ അനുഭവങ്ങളും നിറഞ്ഞ അത്തരം വിശദീകരണങ്ങളുമാണ് മലൈബാർ കൾച്ചറൽ സെന്ററിന്റെ ആദ്യത്തെ രൂപരേഖ. അത്തരമൊരു സംഭാഷണത്തിനിടക്കാണ് ഞങ്ങളോടെല്ലാം തുണീഷ്യക്കാരനായ സാമൂഹിക ശാസ്ത്ര പണ്ഡിതൻ ഇബ്നു ഖൽദൂമിന്റെ മുഖദ്ദിമ വായിക്കാൻ ഡോ. അബ്ദുൽഹകീം അസ്ഹരി നിർദേശിക്കുന്നത്. സംരംഭകരാകാൻ പരിശ്രമിച്ചുകൊണ്ടിരിക്കുന്ന ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇതെല്ലാം പുതുമയുള്ള അനുഭവങ്ങളായിരുന്നു. ഈ പ്രോജക്ടിന്റെ ചരിത്രപരവും സാമൂഹികവുമായ പ്രാധാന്യവും വൈപുല്യവും ബോധ്യപ്പെടാൻ സഹായിച്ചത് മാരത്തോൺ ക്ലാസ്സുകൾ എന്നു തന്നെ വിളിക്കാവുന്ന ഇത്തരം ദീർഘ സംഭാഷണങ്ങളായിരുന്നു’- ടാലൻമാർക്ക് സഹസ്ഥാപകനായ എൻ ഹിബത്തുല്ല പറയുന്നു.
“പ്രഖ്യാപനം വന്നപ്പോഴേ ജനശ്രദ്ധയാകർഷിച്ച ഒരു പദ്ധതിയായിരുന്നു മർകസ് നോളജ് സിറ്റിയുടേത്. പ്രത്യേകിച്ചും പള്ളി ഉൾപ്പെടുന്ന കൾച്ചറൽ സെന്ററിന്റേത്. നിർമാണത്തിനു മുമ്പേ ഇത്രയേറെ പൊതുജന ശ്രദ്ധ നേടിയ പദ്ധതി വേറെയില്ല. അനുയായികളും എതിരാളികളും ഒരേ ജാഗ്രതയോടെ വീക്ഷിച്ച പദ്ധതി. തിരിഞ്ഞുനോക്കുമ്പോൾ പൊതുജനങ്ങളുടെ ആ സൂക്ഷ്മ നിരീക്ഷണം ഞങ്ങൾക്ക് ഏറെ ഉപകാരപ്പെട്ടു എന്നു വേണം കരുതാൻ. നിർമാണത്തിന്റെ ഓരോ ഘട്ടത്തിലും അവരുടെ ആവേശവും ആശ്ചര്യവും ജാഗ്രതയും ചില സമയങ്ങളിൽ എങ്കിലും വിമർശനങ്ങളും സംശയങ്ങളും പോലും ഉണ്ടായിരുന്നു. ഇതിനെയെല്ലാം അഭിമുഖീകരിച്ചും മറികടന്നും പദ്ധതികളെ ആസൂത്രണം ചെയ്യാൻ ഇതു ഞങ്ങളെ സഹായിച്ചു. ജനങ്ങളുടെ ഈ പ്രതികരണങ്ങൾ സ്വാഭാവികമാണെന്ന് അപ്പോഴേക്കും ഞങ്ങളും മനസ്സിലാക്കിയിരുന്നു. കാരണം, ഉസ്താദ് പ്രഖ്യാപിച്ചത് വെറും ഒരു കെട്ടിടത്തിന്റെ നിർമാണമായിരുന്നില്ല; ഒരു സാംസ്കാരിക പ്രഖ്യാപനമായിരുന്നു. അതിന്റെ അനുരണനങ്ങളായിരുന്നു പിന്തുണയും എതിർപ്പുമൊക്കെ.
ജനങ്ങളുടെ വലിയ സൂക്ഷ്മ നിരീക്ഷണവും ജാഗ്രതയുമുള്ള പദ്ധതികൾ എങ്ങനെ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യാം എന്നതിന് മർകസ് നോളജ് സിറ്റിയോളം വലിയ മറ്റൊരു പാഠം സമീപകാല അനുഭവങ്ങളിൽ നിന്ന് കണ്ടെത്തുക പ്രയാസകരമായിരിക്കും’- വെല്ലുവിളികളെ അവസരമാക്കി മാറ്റിയ ആ പാഠമാണ് സംരംഭകത്വ മേഖലയിലെ തങ്ങളുടെ ഏറ്റവും വലിയ കൈമുതൽ എന്നാണ് ടാലൻമാർക്ക് സഹസ്ഥാപകനായ മുഹമ്മദ് ഷക്കീൽ വിശ്വസിക്കുന്നത്.
നിർമാണ മേഖലയിൽ തീർത്തും തുടക്കക്കാരെന്നു പറയാവുന്നവരായിരുന്നു ഞങ്ങൾ. സമാനമായ ഏതെങ്കിലും പദ്ധതി ചെയ്തോ, പദ്ധതികളിൽ ഭാഗഭാക്കായോ പരിശീലനം സിദ്ധിച്ചവരുമല്ല. എന്നിട്ടും ഈ പദ്ധതിയുടെ നിർവഹണം ഞങ്ങളെ ഏൽപ്പിക്കാൻ മർകസ് നോളജ് സിറ്റി അധികൃതർ തീരുമാനിച്ചു. പരിചയത്തെക്കാൾ ഈ പദ്ധതിയിലുള്ള ഉത്തരവാദിത്വബോധവും ആത്മാർഥതയും ആയിരുന്നു ഈ പദ്ധതി ആസൂത്രണം ചെയ്തു നടപ്പിലാക്കാൻ ഞങ്ങളെ ഏൽപ്പിച്ചതിനു പിന്നിലെ മാനദണ്ഡം. മർകസ് നോളജ് സിറ്റിയിലെ ഓരോ സംരംഭങ്ങളോടുമൊപ്പം അതാതു മേഖലകളിലെ വിദഗ്ധരുടെ ഒരു സംഘം കൂടി വികസിച്ചുവരണമെന്ന് സ്ഥാപകർക്ക് നിർബന്ധവുമുണ്ടായിരുന്നു. ആ അർഥത്തിൽ മികച്ച ഒരു ഫാബ്രിക്കേഷൻ ലാബും ഇൻക്യുബേഷൻ സെന്ററും കൂടിയായിരുന്നു മർകസ് നോളജ് സിറ്റിയെന്നു കൂടി സാക്ഷ്യപ്പെടുത്തുകയാണ് ഈ മൂന്ന് യുവ സംരംഭകർ.
“മികച്ച ഒരാലോചന മുന്നോട്ടുവെച്ച് മാറി നിന്ന മേൽനോട്ടക്കാരനായിരുന്നില്ല ഞങ്ങളെ സംബന്ധിച്ചിടത്തോളം ഉസ്താദ്. ഈ പദ്ധതിയുടെ ചെറിയ വിശദാംശങ്ങളിൽ പോലും ശ്രദ്ധ ചെലുത്തിയ മാർഗദർശി കൂടിയായിരുന്നു. കൾച്ചറൽ സെന്ററിന്റെ ആർക്കിടെക്ചറൽ ഭാഷ മുതൽ സൂഖിന്റെ സാമൂഹിക സ്വഭാവം വരെ നിർണയിക്കുന്നതിൽ ഉസ്താദിന്റെ അറിവും അനുഭവങ്ങളും വലിയ പങ്കു വഹിച്ചിട്ടുണ്ട്. ഇതൊരു സംസ്കാരത്തിന്റെ പ്രതിഫലനമാണ് എന്ന അദ്ദേഹത്തിന്റെ നിലപാട് ഈ നിർമിതിയുടെ ഓരോ വിശദാംശങ്ങളിലും കൊണ്ടുവരാൻ നിർമാതാക്കൾ എന്ന നിലയിൽ സാധിച്ചു എന്നതാണ് ഞങ്ങളുടെ വിജയം. എല്ലാ വെല്ലുവിളികളെയും ഗുണനിലവാരം കൊണ്ട് മറികടക്കുക എന്നതായിരുന്നു ഉസ്താദിൽ നിന്നും ഞങ്ങൾ പഠിച്ച പാഠവും ഞങ്ങളുടെ തത്വവും. പഴയമയുടെ സൗന്ദര്യവും, പുതിയ ആവശ്യങ്ങളും ഒരുമിച്ചു കൊണ്ടുപോകുന്ന ഉസ്താദിന്റെ പൊതുവായ രീതിശാസ്ത്രത്തിൽ നിന്നാണ് ഈ പ്രോജക്ടിന്റെ വിശദാംശങ്ങൾ ഞങ്ങൾ രൂപപ്പെടുത്തിയത്’. മാർഗനിർദേശികൾ എന്ന നിലയിൽ പുതുതലമുറയെ കൈപിടിച്ചുയർത്തിക്കൊണ്ടുവരുന്നതിൽ ഉസ്താദ് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരും ഡോ. അബ്ദുൽ ഹകീം അസ്ഹരിയും പുലർത്തുന്ന ജാഗ്രതയോടുള്ള ഒരു തലമുറയുടെ കടപ്പാടും കൃതജ്ഞതയുമാണ് ഈ വാക്കുകളിൽ മുഴുവൻ.
മലൈബാർ കൾച്ചറൽ സെന്ററിന്റെ ഭാഗമായ ഓരോ എടുപ്പുകളും ജീവനുള്ള സ്ഥലങ്ങളായി പരിണമിക്കുമ്പോൾ, ടാലൻമാർക്ക് സ്ഥാപകരായ ഈ യുവ സംരംഭകരെ സംബന്ധിച്ചിടത്തോളം അതൊരു യാത്രയുടെ സാക്ഷ്യമാണ്. തുടക്കക്കാരിൽ നിന്ന് അനുഭവജ്ഞാനികളായ നിർമാതാക്കളിലേക്കുള്ള പരിവർത്തനത്തിന്റെ കൂടി കഥ. ഈ എടുപ്പുകളുടെ ചുവരുകളിൽ പതിഞ്ഞിരിക്കുന്ന ഈ യാത്ര, ആത്മവിശ്വാസവും പ്രതിജ്ഞാ ബദ്ധതയും എങ്ങനെ സാമൂഹികമാറ്റം സാധ്യമാക്കാൻ നമ്മെ സഹായിക്കുന്നു എന്നതിന്റെ കൂടി ഓർമപ്പെടുത്തലാണ്. ഇസ്‌ലാമിക നാഗരിക പാരമ്പര്യത്തോടും വൈജ്ഞാനിക ഗുരുവര്യന്മാരോടുമുള്ള കടപ്പാടിന്റെ ഓർമകൾ നിലനിർത്തി മലബാർ ലോകത്തിനു മുന്നിൽ തുറന്നുവെച്ച ഒരു വാതിലായി ഈ സാംസ്കാരിക കേന്ദ്രവും സുഖും തലയുയർത്തി നിൽക്കും.
.


