അനുഭവം
നഷ്ടപ്പെട്ട നിർവൃതികൾ
ഏതൊരാൾക്കും നോമ്പോർമകളെ എന്നും അവിസ്മരണീയമാക്കുന്നത് പട്ടിണിയെന്ന കൈപ്പുനീരിനെ മധുരാരാധനയാക്കി മാറ്റാൻ ശ്രമപ്പെടുന്ന കുഞ്ഞുനാളുകളിലെ വ്രതാനുഷ്ഠാനം തന്നെയാകും. നോമ്പെണ്ണത്തിൽ പരസ്പരം മത്സരം വെച്ചും വിശന്നു കുഴയുമ്പോൾ കരഞ്ഞും അക്ഷമ കാണിച്ചും പാതിക്ക് വെച്ച് നോമ്പ് മുറിച്ചുമെല്ലാം ആരംഭിക്കുന്ന ആദ്യകാലവ്രതങ്ങൾ പതിയെ പതിയെ ഓരോ വ്യക്തിയുടെയും ജീവിതത്തിന്റെ ഭാഗമായി മാറുന്നു. റമസാൻ മാസം വരുന്നതോടെ സ്വയം നോമ്പും നിസ്കാരങ്ങളും ഖുർആൻ പാരായണവുമെല്ലാം നിർവഹിക്കേണ്ട ഭാവികാലങ്ങളിലേക്ക് കുരുന്നുകളെ സ്വായത്തരാക്കുന്നത് ഉമ്മമാരുടെ ഉരകല്ലുകളിൽ വെച്ച് തന്നെയാണ്.
അകം ശുദ്ധിയുടെ ഇരപകലുകളും ആത്മനിർവൃതിയുടെ ആരാധനാ വേളകളും കൊണ്ട് വിശ്വാസികളിൽ ചെറുതല്ലാത്ത ആന്ദോളനങ്ങൾ അവശേഷിപ്പിച്ചു മറ്റൊരു റമസാൻ കൂടി പടിയിറങ്ങുകയാണ്. കാലത്തിന്റെ അതിശീഘ്രമായ വളർച്ചക്കൊപ്പം പുതിയ നോമ്പുകാല രീതികളിലും മാറ്റങ്ങൾ ഏറെയാണ്. “നനച്ചു കുളി ടീമുകൾ ‘ മുതൽ പലഹാരങ്ങൾ പടിക്കലെത്തിച്ചു തരുന്നവർ വരെ നോമ്പിന്റെ ഭൗതിക ലാഭം കൊയ്യുമ്പോൾ, വ്രതശുദ്ധിയുടെ ശാരീരികവും മാനസികവുമായ നേട്ടങ്ങളിൽ നിന്ന് അകന്ന് പോകുന്ന യുവതലമുറയാണ് മറുഭാഗത്തു വളർന്നു വരുന്നത്.
നോമ്പോർമകളെ എന്നും അവിസ്മരണീയമാക്കുന്നത് പട്ടിണിയെന്ന കൈപ്പുനീരിനെ മധുരാരാധനയാക്കി മാറ്റാൻ ശ്രമപ്പെടുന്ന കുഞ്ഞുനാളുകളിലെ വ്രതാനുഷ്ഠാനം തന്നെയാകും ഏതൊരാൾക്കും. നോമ്പെണ്ണത്തിൽ പരസ്പരം മത്സരം വെച്ചും വിശന്നു കുഴയുമ്പോൾ കരഞ്ഞും അക്ഷമ കാണിച്ചും പാതിക്ക് വെച്ച് നോമ്പ് മുറിച്ചുമെല്ലാം ആരംഭിക്കുന്ന ആദ്യകാലവ്രതങ്ങൾ പതിയെ പതിയെ ഓരോ വ്യക്തിയുടെയും ജീവിതത്തിന്റെ ഭാഗമായി മാറുന്നു. റമസാൻ മാസം വരുന്നതോടെ സ്വയം നോമ്പും നിസ്കാരങ്ങളും ഖുർആൻ പാരായണവുമെല്ലാം നിർവഹിക്കേണ്ട ഭാവികാലങ്ങളിലേക്ക് കുരുന്നുകളെ സ്വായത്തരാക്കുന്നത് ഉമ്മമാരുടെ ഉരകല്ലുകളിൽ വെച്ച് തന്നെയാണ്.
തിരിഞ്ഞു നോക്കുമ്പോൾ ഞങ്ങളുടെ കൊച്ചു നാട്ടിൻപുറത്തെ നോമ്പോർമകൾ നൂറ് വർണങ്ങൾ തുന്നും ഇന്നും. ഞങ്ങൾ ഏഴ് മക്കളും വലിയുപ്പയും ഉമ്മയും ഉപ്പയുമടക്കം വലിയ ഓട് വീട് നിറയെ ആളുകൾ. മാസം കാണുന്നതോടെ നോമ്പെടുക്കുന്നതിലും ഖത്തം തീർക്കുന്നതിലും മത്സരം ആരംഭിക്കുന്ന കുട്ടികൾ. ഇടക്ക് വീട്ടുകാരും കുടുംബക്കാരുമൊക്കെ ബറക്കത്തിന് നൽകുന്ന “നോമ്പിന്റെ പൈസ’ യുമായി കടയിൽ പോയി മിഠായികൾ വാങ്ങും. വാങ്ക് കൊടുത്തിട്ട് തിന്നാനാണ്. അടുത്ത വീടുകളിലോ മറ്റോ നോമ്പ് തുറയുണ്ടെങ്കിൽ ഞങ്ങൾക്ക് അന്ന് നോമ്പെടുക്കാൻ വലിയ ഉത്സാഹം ആയിരിക്കും. വീടിനടുത്തുള്ള കുട്ടികളെ മാത്രമായും അങ്ങോട്ടും ഇങ്ങോട്ടും തുറപ്പിക്കുന്ന ശീലവും ഉണ്ടായിരുന്നു അന്നൊക്കെ. രാത്രിയിൽ ഉപ്പയുടെ കൂടെയുള്ള തറാവീഹ് ജമാഅത്തും പിന്നിൽ ആവേശത്തോടെ അണിനിരന്നും ഉറക്കെ ദിക്റുകൾ ചൊല്ലിയും ഞങ്ങൾ സജീവമാക്കും. ഇടക്ക് എപ്പോഴെങ്കിലും ഞങ്ങളിൽ ഇളയവർ ആരെങ്കിലുമൊക്കെ ഉറങ്ങി വീഴുന്നതും അവരെ വെള്ളം കുടഞ്ഞു ഉണർത്തുന്നതും രസമുള്ള ഓർമകളാണ്. പകൽ സമയത്തെ ക്ഷീണം ഒഴിച്ചാൽ എല്ലാം കൊണ്ടും ഞങ്ങൾ കുട്ടികൾക്ക് നോമ്പ് കാലം ആഘോഷത്തിന്റെതായിരുന്നെങ്കിൽ ഉമ്മാക്ക് ഉറക്കമില്ലാത്ത രാവുകളുടേത് കൂടിയായിരുന്നു.
നോമ്പ് തുറയുടെ പണികൾ ഒതുക്കി നിസ്കാരത്തിലേക്കും ഖുർആൻ ഓത്തിലേക്കും നീങ്ങുന്ന ഉമ്മ ഞങ്ങൾ രാത്രി ഇടക്ക് ഉണർന്നു നോക്കുമ്പോഴും കിടന്നിട്ടുണ്ടാകില്ല. പാതിരാ കഴിയുന്നതോടെയാണ് അത്താഴത്തിന്റെ ഒരുക്കങ്ങളിലേക്ക് കടക്കുക. ഇരുളിൽ പുറത്തുപോയി വിറകടുപ്പിൽ വെച്ച ചോറെടുക്കാനും മറ്റും ചിലപ്പോൾ ഞങ്ങളിൽ ആരെയെങ്കിലും കൂട്ടിനു വിളിക്കും. വെപ്പ് പണികൾ കഴിയുന്നതോടെ ഭക്ഷണം വിളമ്പലും പിന്നെ ചെറുതും വലുതുമായ ഓരോ കുട്ടിയെയും വിളിച്ചുണർത്തലും ആരംഭിക്കുകയായി. അതൽപ്പം ശ്രമകരമായ ജോലി ആയതിനാൽ ആദ്യം എഴുന്നേറ്റവരെയാണ് ചിലപ്പോൾ ബാക്കിയുള്ളവരെ ഉണർത്താൻ ഏൽപ്പിക്കുന്നത്. എത്ര കുലുക്കി വിളിച്ചാലും അനങ്ങാപ്പാറ പോലെ കിടക്കുന്നവരെ അടിച്ചും തൊഴിച്ചും പല മുറകൾ പരീക്ഷിക്കേണ്ടി വരും. ചിലപ്പോൾ തലയിൽ വെള്ളമൊഴിച്ചെന്നും വരും. പിന്നെ അത്താഴനേരത്തെ ബഹളമയമാക്കുന്ന അടിപിടിയും കരച്ചിലും ആയിരിക്കും അവിടെ നടക്കുന്നത്.
പ്രിയപ്പെട്ട നോമ്പോർമകളിൽ പ്രധാനമായവയാണ് ഇഅ്തികാഫും മദ്റസയിലെ ഹിസ്‌ബ് ക്ലാസ്സും. അന്നൊന്നും നോമ്പിന് സ്കൂൾ ഉണ്ടാകില്ല. ളുഹ്റിനു മുന്നേ പിരിയുന്ന ഹിസ്‌ബ് ക്ലാസ്സിലേക്ക് ഉറക്കിൽ നിന്നെഴുന്നേറ്റ് ഞങ്ങൾ മുസ്ഹഫുമായി നടന്നു നീങ്ങും. നാട്ടിലെ വന്ദ്യവയോധികനും ഖുർആൻ പണ്ഡിതനുമായ ഉസ്താദ് ഗാംഭീര്യം നിറഞ്ഞ സ്വരത്തിൽ ഓതിത്തരും. വലിയ ഹാൾ നിറയെ ഉള്ള മദ്റസാ വിദ്യാർഥികളിൽ ഓരോരുത്തരെയും അൽപാൽപ്പം ഓതിക്കും. ഭയന്ന് വിറച്ചു ഓതുന്ന കുട്ടിയുടെ ഓരോ അക്ഷര ഉച്ചാരണവും വരികളിലെ പിഴവും അടുത്ത് വന്നു സൂക്ഷ്മം നിരീക്ഷിക്കും. നിരവധി തവണ തിരുത്തലുകളിലൂടെയും ചൂരൽപ്രയോഗങ്ങളിലൂടെയും തലമുറകളുടെ പാരായണം മികവുറ്റതാക്കി തീർക്കാൻ അദ്ദേഹം കാണിച്ച ആത്മാർഥതക്ക് ആ മഹാവ്യക്തിത്വത്തോട് ഇന്നും കടപ്പെട്ടിരിക്കുന്നു ഒരു നാട് മുഴുവനും.
“നിന്റെ വാപ്പയെയും വാപ്പാന്റെ വാപ്പയെയും ഞാൻ പഠിപ്പിച്ചതാടാ ‘ എന്ന് പ്രഖ്യാപിക്കാൻ കെൽപ്പുള്ള ഉസ്താദിന്റെ ക്ലാസ്സിൽ സൂചി വീണാൽ കേൾക്കുന്ന നിശബ്ദതയാവും. അതിന്റെ ആത്മീയ പരിവേഷത്തിന് മാറ്റ് കൂട്ടാനെന്നോണം ഇടയ്ക്കിടെ നബിമാരുടെയും മുഹ്്യിദ്ദീൻ ശൈഖിന്റെയും ഒക്കെ ചരിത്രങ്ങൾ പറയുമ്പോൾ ഞങ്ങളതിൽ ഇഴുകിച്ചേരും.
റമസാനിന്റെ അവസാന പത്താവുന്നതോടെ ഉപ്പയും വലിയുപ്പയും പള്ളിയിലേക്ക് ഒരു പോക്കാണ്. ഇനിയുള്ള പത്ത് ദിനങ്ങൾ അല്ലാഹുവിന്റെ ഭവനത്തിൽ ആരാധനയിലായിരിക്കും. പിന്നെയും ചില വൃദ്ധന്മാരൊക്കെയുണ്ടാവുമായിരുന്നു ഇഅ്ത്തിക്കാഫിനു ആ കാലത്ത്. ഇരുപത്തൊന്നാം രാവിലെ നിലാവിനെ സാക്ഷിയാക്കിയുള്ള ആ പള്ളിയിൽ പോക്ക് ആഘോഷമാക്കിക്കൊണ്ട് തലയിണയും ബെഡ്ഷീറ്റും വസ്ത്രങ്ങളുമായി ഇക്കാക്കമാരും പിന്നാലെ പോകും.
പിറ്റേന്ന് മുതൽ നോമ്പ് തുറക്കാനും അത്താഴത്തിനും വേണ്ട ഭക്ഷണവും മറ്റു വല്ല വസ്തുക്കളും കൊടുക്കാനുമൊക്കെ വീട്ടിലെ പെൺകുട്ടികളായ ഞങ്ങളിരുവരും ആവേശത്തോടെ പോയിത്തുടങ്ങും. ഞാനും അനിയത്തിയും അന്ന് ചെറിയ പെൺകുട്ടികളാണ്. തറവാട് കഴിഞ്ഞ് ഇടവഴിയിലൂടെ അൽപ്പം നടന്നാൽ മതി. പള്ളിയുടെ പിൻവശത്തെ മുറ്റത്തോളം ചെന്ന് സാധനങ്ങൾ ഇക്കാക്കമാരെയോ മറ്റേതെങ്കിലും കുട്ടികളെയോ അകത്തേക്ക് കൊടുക്കാൻ ഏൽപ്പിക്കും. ജമാഅത്ത് നിസ്കാരം നടക്കാത്ത നേരങ്ങളിൽ പള്ളിയുടെ പുറത്തൊന്നും ആളുകളുണ്ടാവില്ല. ആ തക്കം നോക്കി പിൻഭാഗത്തെ ജനാലയിലൂടെ ആരും കാണാതെ അകം പള്ളിയും മിമ്പറും മറ്റും നോക്കൽ ഞങ്ങളുടെ വിനോദമായിരുന്നു. പിന്നെ വളരെ പതുക്കെ “വായിച്ച്യേ ‘എന്ന് വലിയുപ്പയെ വിളിക്കും. ഓതിക്കൊണ്ടിരിക്കുന്ന വലിയ എഴുത്തുള്ള മുസ്ഹഫ് മടക്കിവെച്ചു തൂവെള്ള താടിയും ശുഭ്രവസ്ത്രങ്ങളും അതേ മനസ്സുമുള്ള ആ മനുഷ്യൻ പേരക്കുട്ടികൾക്കരികിലേക്ക് വരും. സലാം ചൊല്ലി വിശേഷങ്ങൾ ആരായുമ്പോഴും അരയിലെ പച്ച ബെൽറ്റിൽ നിന്ന് രണ്ടിന്റെയോ ഒന്നിന്റെയോ നാണയം എടുത്തു ജനാലഴിക്കുള്ളിലൂടെ തരുമ്പോഴും ചുണ്ടിലൊരു പുഞ്ചിരി മായാതെ കിടപ്പുണ്ടാകും.
ഒരിക്കൽ ആളൊഴിഞ്ഞ പള്ളിമുറ്റത്തു കൂടി നടന്നു ഞങ്ങൾ പതിവ് പോലെ ഏന്തി നോക്കുമ്പോൾ കണ്ടത് ഇഅ്തികാഫിനു വന്നവർ വട്ടത്തിൽ അദബോടെയിരിക്കുന്നതും ഞങ്ങളെ ഓത്തു പഠിപ്പിക്കുന്ന ഉസ്താദ് ഓരോരുത്തരെയും തെറ്റ് തിരുത്തി ഓതിക്കുന്നതുമാണ്. ഉസ്താദിനെക്കാൾ പ്രായമുള്ള വായിച്ചിയെ ഉസ്താദ് ഓതിക്കുന്നത് കണ്ടപ്പോൾ കൗതുകം കൊണ്ട് ഞങ്ങളുടെ കണ്ണുകൾ വിടർന്നുപോയി. “വാപ്പയെയും വലിയുപ്പയെയും ഞാൻ പഠിപ്പിച്ചതാണ് ‘ എന്ന ഉസ്‌താദിന്റെ വാക്കുകളാണ് എനിക്കപ്പോൾ ഓർമ വന്നത്.
ഉസ്താദും വായിച്ചിയും മരിച്ചതിന് ശേഷവും പള്ളിയിലെ അംഗസംഖ്യ കുറഞ്ഞു കൂട്ടിനാളില്ലാതായപ്പോഴും ഉപ്പ കാലങ്ങളോളം പതിവ് തുടർന്നുപോന്നു. ഉപ്പയെ കണ്ട് കഴിഞ്ഞാൽ ഞാൻ അനിയത്തിയുടെ കൈപിടിച്ച് മെല്ലെ പള്ളിമുറ്റത്തു നിന്ന് ഒതുക്കുകളിറങ്ങും. തൊട്ട് താഴെ ഒഴുകുന്ന “ചപ്പേരി’ എന്ന പൂനൂർ പുഴയുടെ ഭാഗമായ ഞങ്ങളുടെ പുഴയുടെ തീരത്തേക്ക്. പണ്ടേതോ പൂർവികർ വിളിച്ച ആ പേരാണ് അതിനോട് തൊട്ട് കിടക്കുന്ന പള്ളിക്കും മഹല്ലിനുമൊക്കെ വന്നത്.
പത്ത് ദിവസത്തെ ആരാധനാജീവിതം മതിയാക്കി ശവ്വാൽ മാസം കാണുന്നതോടെയുള്ള ഉപ്പയുടെ തിരിച്ചു വരവോടെ ഞങ്ങളുടെ പെരുന്നാൾ സന്തോഷം ഇരട്ടിയാവും. ഇടവിടാത്ത തക്ബീർ വചനങ്ങൾ കൊണ്ട് വീട് ജീവസ്സുറ്റതാകും. പള്ളിയിൽ നിന്ന് പെട്ടിയും പാത്രങ്ങളും രായ്ക്കുരാമാനം ഇക്കാക്കമാർ വീട്ടിലേക്ക് തിരികെയെത്തിക്കും. അപ്പോഴും ഉമ്മ അടുക്കളയിൽ ആയിരിക്കും. ഒരുപാട് ആളുകൾ വിരുന്ന് വരാനുള്ളതാണ്. പെരുന്നാളിന് വിഭവങ്ങൾ ഒരുക്കേണ്ടതിന്റെയും വീട് വൃത്തിയാക്കേണ്ടതിന്റെയും ഭാരിച്ച ഉത്തരവാദിത്ത്വമാണ് അവർക്കുള്ളത്.
ഇതിനിടയിലെപ്പോഴോ ഞങ്ങൾ വളർന്നു കഴിഞ്ഞു.തിരിഞ്ഞ് നോക്കുമ്പോൾ വിലപ്പെട്ടതെന്തൊക്കെയോ നഷ്ടപ്പെട്ട പ്രതീതിയാണ്. ഇക്കാക്കമാരൊക്കെ വലുതായി പല ഭാഗങ്ങളിൽ ജോലി തേടിപ്പോയി. ഉപ്പാക്ക് അനാരോഗ്യം കാരണം പള്ളിയിൽ ഇഅ്തിഖാഫിരിക്കാൻ ആകാതെയുമായി. ഞാനും അനിയത്തിയും വിദൂരങ്ങളിലായി. ഇന്ന് അന്നത്തെ ഞങ്ങളുടെ പ്രായങ്ങളിലെത്തുന്ന സ്വന്തം മക്കളെ നോമ്പെടുക്കാൻ പരിശീലിപ്പിച്ചു തുടങ്ങി. ചൂടുള്ള പലഹാരങ്ങളുമായി, സ്നേഹമുള്ള സാമീപ്യങ്ങൾ തേടി പള്ളിമുറ്റങ്ങളിലേക്ക് അവരെ അയക്കാൻ ഇന്ന് ഇഅ്തികാഫിൽ ആരുമില്ലല്ലോ എന്ന സങ്കടം മാത്രം. എങ്കിലും മുറ്റത്തെ അടുപ്പിലൂതി ഉമ്മയിന്നു തളരാറില്ല, വാങ്ക് കൊടുക്കാൻ നേരം തട്ടിപ്പിടച്ചു പാത്രത്തിൽ പത്തിരിയും കറിയും നൽകി ഞങ്ങളെ പറഞ്ഞു വിടേണ്ടതില്ല. തുള്ളിയൊഴുകുന്ന പുഴയുടെ തീരത്തെ കാറ്റും കുളിരുമാസ്വദിക്കാൻ ഞങ്ങൾക്കിനിയാവില്ലേ… ഒരിക്കൽ കൂടി ആ ഒതുക്കുകളിറങ്ങിച്ചെല്ലാൻ, എന്റെ കൈയിലൊതുങ്ങുന്നതിനേക്കാൾ അവളുടെ കുഞ്ഞു കൈകൾ വളർന്നിരിക്കുന്നു ഇന്ന്… അകന്നും.

