Connect with us

Kerala

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണം; പ്രധാന മന്ത്രി ഇന്ന് കേരളത്തില്‍, രാഹുല്‍ നാളെ എത്തും

മോദി ഇന്ന് രാത്രി എട്ടോടെ നെടുമ്പാശ്ശേരിയില്‍ എത്തും. നാളെ രാവിലെ ആലത്തൂര്‍ മണ്ഡലത്തിലെ കുന്നംകുളത്ത്. രാഹുല്‍ നാളെ വൈകീട്ട് ആറിന് കോഴിക്കോട്ട്.

Published

|

Last Updated

കൊച്ചി | ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണം പുരോഗമിക്കവേ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും. രാത്രി എട്ടോടെ നെടുമ്പാശ്ശേരിയില്‍ എത്തുന്ന മോദി ഹെലികോപ്ടറില്‍ കൊച്ചി നാവികസേനാ താവളത്തില്‍ ഇറങ്ങും. എറണാകുളം ഗസ്റ്റ് ഹൗസിലാണ് പ്രധാന മന്ത്രി ഇന്ന് തങ്ങുക. നാളെ രാവിലെ ആലത്തൂര്‍ മണ്ഡലത്തിലെ കുന്നംകുളത്ത് എന്‍ ഡി എ സ്ഥാനാര്‍ഥിയുടെ പ്രചാരണ പൊതുയോഗത്തില്‍ പ്രസംഗിക്കും. ഇവിടെ റോഡ് ഷോയിലും മോദി പങ്കെടുക്കും. തുടര്‍ന്ന് ആറ്റിങ്ങല്‍ മണ്ഡലത്തിലെ കാട്ടാക്കടയിലെ പ്രചാരണ പരിപാടിയിലും പങ്കെടുക്കും.

മോദിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി ഇന്നും നാളെയും (ഞായര്‍, തിങ്കള്‍) എറണാകുളം നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 14 ന് രാത്രി ഒമ്പത് മുതല്‍ 11 വരെയും 15 ന് രാവിലെ ഒമ്പത് മുതല്‍ രാവിലെ 11 വരെയും എം ജി റോഡ്, തേവര, നേവല്‍ ബേസ്, വില്ലിങ്ടണ്‍ ഐലന്‍ഡ്, ഷണ്മുഖം റോഡ്, പാര്‍ക്ക് അവന്യു റോഡ്, ഹൈക്കോട്ട് ഭാഗം എന്നിവിടങ്ങളിലായിരിക്കും ഗതാഗത നിയന്ത്രണം.

രാഹുല്‍ ഗാന്ധി നാളെ എത്തും
വയനാട്ടില്‍ ജനവിധി തേടുന്ന യു ഡി എഫ് സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധി നാളെ സംസ്ഥാനത്തെത്തും. വൈകീട്ട് ആറിന് കോഴിക്കോട്ട് യു ഡി എഫിന്റെ മഹാറാലിയില്‍ സംബന്ധിക്കും. തിങ്കള്‍, ചൊവ്വ ദിനങ്ങളിലാണ് രാഹുല്‍ വയനാട്ടില്‍ തങ്ങുക. 18 ന് രാവിലെ കണ്ണൂര്‍, വൈകീട്ട് മൂന്നിന് പാലക്കാട്, അഞ്ചിന് കോട്ടയം എന്നിവിടങ്ങളിലെ പരിപാടികളിലും രാഹുല്‍ ഗാന്ധി പങ്കെടുക്കും. 22ന് തൃശൂര്‍, തിരുവനന്തപുരം, ആലപ്പുഴ എന്നിവിടങ്ങളിലും രാഹുല്‍ പ്രചാരണത്തിനെത്തും.

 

Latest