Connect with us

Kerala

നിര്‍മാണ മേഖലയില്‍ തൊഴില്‍ വകുപ്പിന്റെ മിന്നല്‍ പരിശോധന: മുന്നൂറോളം നിയമലംഘനങ്ങള്‍ കണ്ടെത്തി

തൊഴില്‍ നിയമങ്ങള്‍ അനുശാസിക്കുന്ന സമയപരിധിക്കുള്ളില്‍ നിയമലംഘനങ്ങള്‍ പരിഹരിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കണം. അല്ലാത്തപക്ഷം പ്രോസിക്യൂഷന്‍ നടപടി ഉള്‍പ്പെടെ സ്വീകരിക്കും.

Published

|

Last Updated

പത്തനംതിട്ട | ബില്‍ഡിങ് സൈറ്റുകളില്‍ സംസ്ഥാന വ്യാപകമായി തൊഴില്‍ വകുപ്പ് നടത്തിയ മിന്നല്‍ പരിശോധനയില്‍ മുന്നൂറോളം നിയമലംഘനങ്ങള്‍ കണ്ടെത്തിയതായി ലേബര്‍ കമ്മീഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു. സംസ്ഥാനത്തെ 60 കെട്ടിട നിര്‍മാണ സൈറ്റുകളില്‍ നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങള്‍ കണ്ടെത്തിയത്.

ബില്‍ഡിങ് ആന്‍ഡ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് വെല്‍ഫെയര്‍ സെസ്സ് നിയമം, ബില്‍ഡിങ് ആന്‍ഡ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് ആക്ട്, കരാര്‍ തൊഴിലാളി നിയമം, ഇതര സംസ്ഥാന തൊഴിലാളി നിയമം, മിനിമം വേജസ് ആക്ട് എന്നീ തൊഴില്‍ നിയമങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കൂടാതെ തൊഴിലാളികളുടെ സുരക്ഷ, താമസസൗകര്യങ്ങളും സണ്‍സ്ട്രോക്ക് എന്നിവയും പരിശോധനയില്‍ ഉള്‍പ്പെടുത്തിയിരുന്നു.

റീജ്യണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍മാര്‍, ജില്ലാ ലേബര്‍ ഓഫീസര്‍മാര്‍, അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 1,819 തൊഴിലാളികള്‍ ജോലി ചെയ്യുന്നതായി കണ്ടെത്തി. തൊഴില്‍ നിയമങ്ങള്‍ അനുശാസിക്കുന്ന സമയപരിധിക്കുള്ളില്‍ നിയമലംഘനങ്ങള്‍ പരിഹരിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കണം. അല്ലാത്തപക്ഷം പ്രോസിക്യൂഷന്‍ അടക്കമുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കും. വരും ദിവസങ്ങളില്‍ പരിശോധന തുടരുമെന്നും കമ്മീഷണര്‍ അറിയിച്ചു