Connect with us

Siraj Article

ബയോ ബബിളുകളില്‍ വസന്തം വിരിയട്ടെ

ബ്രേക്ക് ദി ചെയിന്‍ (ചങ്ങല പൊട്ടിക്കുക) എന്ന തുടക്കകാലത്തെ കൊവിഡ് മുദ്രാവാക്യം ഇപ്പോള്‍ DON'T BREAK THE BUBBLE (ബബിള്‍ പൊട്ടാതെ നോക്കുക) എന്നായി മാറിയിരിക്കുന്നു. ബയോ സെക്യുര്‍ ബബിള്‍ തത്വം നാം അനുഷ്ഠിക്കുമ്പോള്‍ ആ ബബിളില്‍ പൊട്ടല്‍ സംഭവിക്കാതെ നോക്കണം. വേണ്ടത്ര പരിശോധനയില്ലാതെ ബബിളിന്റെ പുറത്തു നിന്ന് അകത്തേക്ക് ഒരാള്‍ പോലും കയറാനോ, അകത്തു നിന്ന് പുറത്തേക്ക് പോകാനോ പാടില്ല

Published

|

Last Updated

കാത്തിരിപ്പിനൊടുവില്‍ പള്ളിക്കൂടങ്ങളുടെ വാതിലുകള്‍ മലര്‍ക്കെ തുറക്കുകയാണ്. നവംബര്‍ ഒന്ന് മുതല്‍ സ്‌കൂളുകള്‍ തുറക്കാനുള്ള തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടുകഴിഞ്ഞു. കൊറോണ മുഴുവനായും കളമൊഴിയുന്നത് കാത്തിരുന്നാല്‍, കുട്ടികള്‍ക്ക് മറ്റൊരു വിലപ്പെട്ട അധ്യയന വര്‍ഷം കൂടി നഷ്ടപ്പെട്ടേക്കാമെന്ന വാസ്തവം പരിഗണിച്ചാണ് കടുത്ത നിയന്ത്രണങ്ങളോ സ്‌കൂളുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ തയ്യാറായിരിക്കുന്നത്. ഹൈബ്രിഡ് സിസ്റ്റവും ബയോ സെക്യുര്‍ ബബിള്‍ സംവിധാനവുമൊക്കെ നടപ്പാക്കാനാണ് പദ്ധതിയിട്ടിരിക്കുന്നതെങ്കിലും അതൊക്കെ എത്രമാത്രം പ്രായോഗികതലത്തില്‍ വരുത്തും എന്നത് വെല്ലുവിളി തന്നെയാണ്. ഓണ്‍ലൈന്‍ ക്ലാസ്സുകളിലൂടെ കഴിഞ്ഞ രണ്ട് വര്‍ഷത്തോളം വല്ലാത്ത മനസിക സമ്മര്‍ദത്തിനും വിരസതക്കും അടിപ്പെട്ടുകഴിഞ്ഞിരിക്കുന്ന അധ്യാപകരും വിദ്യാര്‍ഥികളും വരുന്ന അധ്യയന വര്‍ഷം സ്‌കൂളുകളില്‍ സജീവമാകാന്‍ കഴിയും എന്ന ശുഭാപ്തിയില്‍ തന്നെയാണ്. ഈയവസരത്തിലാണ് നിയന്ത്രണങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട സംഗതിയായ “ബയോ സെക്യുര്‍ ബബിള്‍’ സിസ്റ്റം ചര്‍ച്ചാവിഷയമാകുന്നത്.

എന്താണ് ബയോ സെക്യുര്‍ ബബിള്‍?
വൈറസ് പോലെ പെട്ടെന്ന് പടരുന്ന രോഗാണുക്കളുടെ വ്യാപന സമയത്ത് ഒരു പ്രത്യേക ആള്‍ക്കൂട്ടത്തിനെ / സമൂഹത്തിനെ ഒറ്റപ്പെട്ട സാഹചര്യം ഒരുക്കി സംരക്ഷിക്കുന്നതിനാണ് ബയോ സെക്യുര്‍ ബബിള്‍ സംവിധാനം എന്ന് പറയുന്നത്. ബബിള്‍ (കുമിള) എന്ന രൂപത്തില്‍ തന്നെ ഒരു ഒറ്റപ്പെട്ട സിസ്റ്റം എന്ന അവസ്ഥ ധ്വനിപ്പിക്കുന്നുണ്ടല്ലോ. ഒരു കുമിളയുടെ ഉള്‍വശം പുറത്തുള്ള അന്തരീക്ഷത്തില്‍ നിന്ന് അകത്തെ ഭാഗത്തെ വേര്‍തിരിക്കുന്നതു പോലെ ബയോ ബബിള്‍ സംവിധാനം ഒരു നിശ്ചിത ആള്‍ക്കൂട്ടത്തെ ഒറ്റപ്പെട്ട സാഹചര്യങ്ങളിലേക്ക് ആക്കുകയും, പുറത്തുള്ള മറ്റൊരു വ്യക്തിയുമായോ വസ്തുവുമായോ യാതൊരുതലത്തിലും സമ്പര്‍ക്കം ഉണ്ടാകാന്‍ അവസരം ഒരുക്കാതിരിക്കുകയും ആണ് ചെയ്യുന്നത്. അത്തരത്തില്‍ വേര്‍തിരിക്കപ്പെടുന്ന അന്തരീക്ഷത്തിലേക്ക് വൈറസിന്റെ കടന്നുവരവ് ഒഴിവാക്കപ്പെടുകയും അവരെ രോഗവ്യാപനത്തിന്റെ ഭീഷണിയില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.

സ്‌കൂള്‍ ബബിള്‍ എന്ന ആശയം മുന്നോട്ട് വെച്ചപ്പോള്‍ കര്‍ണാടക സര്‍ക്കാര്‍ യു കെയിലെ പ്രവര്‍ത്തനങ്ങളെ കുറിച്ച് പ്രതിപാദിക്കുകയുണ്ടായി. “കൊവിഡ് 19 വ്യാപനത്തിന്റെ അപകട സാധ്യത പ്രായോഗികമായി സന്തുലിതമാക്കുന്നതിനും വിദ്യാര്‍ഥികള്‍ക്ക് ഒരു സാധാരണമായ അനുഭവം ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടുള്ള ഒരു ഇടപെടലാണ്’ ഈ ആശയം മുന്നോട്ട് വെക്കുന്നതെന്ന് യു കെയിലെ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ പ്രസ്താവന പുറത്തിറക്കിയിരുന്നു. ദോഹയിലും ഖത്വറിലും ഇതിനോടകം തന്നെ ബയോ ബബിള്‍ എന്ന ആശയം നടപ്പാക്കിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ യു കെയിലാണ് ആദ്യമായി ബയോ ബബിള്‍ എന്ന ആശയം പ്രാവര്‍ത്തികമാക്കിയത്. ബയോ സെക്യുര്‍ ബബിള്‍ സിസ്റ്റം ഏറ്റവുമധികം കണ്ടതും കേട്ടതും ക്രിക്കറ്റ് മത്സരങ്ങളുമായി ബന്ധപ്പെട്ടാണ്. മത്സരം നടക്കുന്ന ഗ്രൗണ്ടിലേക്ക് മത്സര സമയത്തോ പരിശീലന സമയത്തോ കളിക്കാരോ പരിശീലകരോ മറ്റു പ്രധാനപ്പെട്ട ആളുകളോ അല്ലാതെ ആര്‍ക്കും പ്രവേശനം നല്‍കുകയില്ല. പരിശീലനം കഴിഞ്ഞ് അവരെ പ്രത്യേകം ബസില്‍ ഹോട്ടലുകളിലേക്ക് എത്തിക്കും. അവിടെ അവര്‍ക്കായി ഭക്ഷണം ഒരുക്കുന്നവരെക്കൂടി ബയോബബിളില്‍ ഉള്‍പ്പെടുത്തുകയും അവര്‍ കൂടി മറ്റുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നത് തടയുകയും ചെയ്യുന്നു. അതായത് മേല്‍പ്പറഞ്ഞ വ്യക്തികള്‍ അല്ലാതെ ഈ പ്രദേശങ്ങളില്‍ ആര്‍ക്കും പ്രവേശനമില്ല. പുറത്തേക്കും ആര്‍ക്കും പോകാനാകില്ല. അത്തരത്തില്‍ ഒരു കുമിളയുടെ ഉള്ളില്‍ അകപ്പെട്ട പോലെ ദിനങ്ങള്‍ കഴിക്കുകയും അവരുടെ പ്രവൃത്തികള്‍ തുടരുകയുമാണ് ചെയ്യുന്നത്. ക്രിക്കറ്റില്‍ ചെയ്ത ആ പരിഷ്‌കാരം നൂറ് ശതമാനം വിജയം കണ്ടിരുന്നില്ല. ചിലര്‍ക്ക് എന്തൊക്കെയോ കാരണങ്ങളാല്‍ കൊവിഡ് ബാധിക്കുകയും അത് പരിശീലകനായ രാഹുല്‍ ദ്രാവിഡ് വിമര്‍ശിക്കുകയും ബയോ ബബിള്‍ സംവിധാനം പൂര്‍ണമായും വിജയമല്ല എന്ന വിലയിരുത്തലില്‍ എത്തുകയും ചെയ്തു. ചുരുങ്ങിയ ആളുകള്‍ മാത്രം ഉള്‍പ്പെടുന്ന ക്രിക്കറ്റ് പോലെയുള്ള മേഖലകളില്‍ ഉപയോഗിക്കുന്ന ബയോ ബബിള്‍ സിസ്റ്റം എങ്ങനെ നമ്മുടെ വിദ്യാലയങ്ങളില്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയും എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.

ബയോ ബബിള്‍ സ്‌കൂളുകളില്‍ എങ്ങനെ?
സ്‌കൂള്‍ വിദ്യാര്‍ഥികളെ വിവിധ ഗ്രൂപ്പുകളായി വിഭജിക്കുന്ന രീതിയാണ് ലളിതമായ ഭാഷയില്‍ ബയോ ബബിള്‍ എന്ന ആശയം കൊണ്ട് ഉദ്ദേശിക്കുന്നത്. അങ്ങനെ വിഭജിക്കുമ്പോള്‍ അവര്‍ക്ക് സ്വന്തം ബബിള്‍ അഥവാ ഗ്രൂപ്പിലുള്ള വിദ്യാര്‍ഥികളുമായി മാത്രമേ ഇടപെടാന്‍ സാധിക്കുകയുള്ളൂ. ഈ ബബിളുകള്‍ ക്ലാസ്സിന്റെ വലിപ്പം, അധ്യയന വര്‍ഷം, അല്ലെങ്കില്‍ വിദ്യാര്‍ഥികള്‍ താമസിക്കുന്ന പ്രദേശങ്ങള്‍ തുടങ്ങിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും തീരുമാനിക്കുക. വരുന്ന അധ്യയന വര്‍ഷത്തിലുടനീളം നിര്‍ദിഷ്ട ബബിളുകളില്‍ മാത്രമായി കുട്ടികളുടെ പ്രവര്‍ത്തനങ്ങള്‍ തുടരും.

ബയോ ബബിളുകള്‍ എങ്ങനെ സ്‌കൂളുകളില്‍ സഹായകമാകുന്നു?
സാധാരണയായി സ്‌കൂളിലെ ഒരു കുട്ടിക്ക് രോഗബാധയുണ്ടായാല്‍ ആ സ്‌കൂള്‍ മുഴുവന്‍ അടച്ചിടേണ്ട അവസ്ഥയാകും സംജാതമാകുക. എന്നാല്‍ ബയോ ബബിള്‍ സിസ്റ്റം പ്രയോഗതലത്തില്‍ വരുത്തുമ്പോള്‍ ഒരു ബബിളില്‍പ്പെട്ട വിദ്യാര്‍ഥിക്ക് കൊവിഡ് പോസിറ്റീവ് ആകുകയാണെങ്കില്‍ ആ ബബിളില്‍ ഉള്‍പ്പെടുന്ന മറ്റു വിദ്യാര്‍ഥികള്‍ മാത്രമേ ക്വാറന്റൈനില്‍ പോകേണ്ട ആവശ്യം വരികയുള്ളൂ. അല്ലാത്ത പക്ഷം, സ്‌കൂള്‍ മുഴുവനായി അടച്ചിടേണ്ട അവസ്ഥ ഉടലെടുക്കും. ബയോ ബബിള്‍ എന്ന ആശയം സ്വീകരിക്കുന്നതിലൂടെ, അത്തരമൊരു സാഹചര്യത്തെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാനും ബാക്കിയുള്ള വിദ്യാര്‍ഥികള്‍ക്കും സ്‌കൂളിനും സാധാരണ രീതിയില്‍ പ്രവര്‍ത്തനം സാധ്യമാക്കാനും കഴിയും.

ഒരു ക്ലാസ്സ് റൂം, ബബിള്‍ എന്ന ചെറിയ ഗ്രൂപ്പിലേക്ക് ചുരുങ്ങുമ്പോള്‍, സ്‌കൂളുകള്‍ക്ക് അവരെ മാനേജ് ചെയ്യാനും എളുപ്പമായിരിക്കും. ഇതിനൊപ്പം എപ്പോഴെങ്കിലും സ്‌കൂള്‍ ബബിളുകള്‍ക്കുള്ളില്‍ വൈറസ് ബാധ സ്ഥിരീകരിക്കുകയാണെങ്കില്‍, എങ്ങനെ, ആരില്‍ നിന്നാണ് വൈറസ് ബാധ പടര്‍ന്നതെന്ന് കണ്ടെത്തുന്നതിനും, വ്യാപനത്തിന് കാരണമായവരെ വേഗത്തില്‍ തിരിച്ചറിയുന്നതിനും ഈ സിസ്റ്റം കൂടുതല്‍ സഹായകമാകും. പോസിറ്റീവ് കേസ് ഉണ്ടായാല്‍ ആരൊക്കെയാണ് ക്വാറന്റൈനിന് വിധേയമാകേണ്ടതെന്ന് വേഗത്തില്‍ മനസ്സിലാക്കാം. എങ്ങനെയാണ് കഴിയുന്നത്ര വിദ്യാര്‍ഥികളെ സ്‌കൂളില്‍ നിലനിര്‍ത്താന്‍ സാധിക്കുന്നതെന്ന് തിരിച്ചറിയാനും ബയോ ബബിളുകള്‍ സ്‌കൂള്‍ മാനേജ്‌മെന്റിനെ സഹായിക്കും എന്നാണ് വിദഗ്ധരുടെ അഭിപ്രായം.

സെമി-ബയോ ബബിള്‍ ആകാം
2020നെ അപേക്ഷിച്ച് 2021 ജൂണില്‍ രോഗ വ്യാപനം സംബന്ധിച്ച കേസുകള്‍ വളരെ കുറവുള്ള രാജ്യത്തെ സ്‌കൂളുകളില്‍ കൊവിഡ് 19ന്റെ വ്യാപനം കുറക്കുന്നതിന് ഈ ആശയം ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്. നമ്മുടെ വിദ്യാലയങ്ങളുടെ ചട്ടക്കൂടില്‍ മുഴുവനായ ബയോ ബബിള്‍ സംവിധാനം പ്രാവര്‍ത്തികമല്ല എന്നുതന്നെ പറയേണ്ടിവരും. കാരണം, അത്രയേറെ അടച്ചിടപ്പെട്ട അന്തരീക്ഷം കുട്ടികളില്‍ അത്ര എളുപ്പത്തില്‍ പ്രയോഗിക്കാന്‍ കഴിയില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം സ്‌കൂളുകളിലേക്ക് എത്തുന്ന കുട്ടികളുടെ മാനസികാവസ്ഥയാണ് ഏറെ പ്രധാനം. വീടുകളില്‍ രണ്ട് വര്‍ഷത്തോളം ചടഞ്ഞുകൂടി ഇരുന്നതിന്റെ വിരസതയില്‍ നിന്ന് അവര്‍ പള്ളിക്കൂടങ്ങളുടെ വിശാലമായ മുറ്റത്തേക്കും കൂട്ടുകാരുടെ ഇടയിലേക്കും കടന്നുവരികയാണ്.

പുറത്ത് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുമ്പോഴും മനസ്സില്‍ അവര്‍ ഒരു ആഘോഷത്തിന്റെ മൂഡിലാകും. എത്രതന്നെ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നാലും അവരൊക്കെ അതിനെതിരെ എങ്ങനെ പ്രതികരിക്കും എന്ന കാര്യത്തില്‍ ആശങ്കയുണ്ട്. മാത്രമല്ല, ക്രിക്കറ്റ് കളിക്കാരെപ്പോലെ അകലം പാലിച്ചുകൊണ്ട് ഒരൊറ്റ ബസില്‍ ഹോട്ടലുകളിലേക്ക് എത്തിക്കുകയും അവിടെ അവര്‍ ഒരുമിച്ചു കഴിയുകയും ചെയ്യുന്ന പോലെ, അവരവരുടെ വീടുകളിലേക്ക് എത്തിപ്പെടുന്ന കുട്ടികളില്‍ ഈ നിയന്ത്രണങ്ങള്‍ എങ്ങനെ പ്രാവര്‍ത്തികമാക്കാന്‍ കഴിയും? അവിടെ അവര്‍ ഇടപഴകാന്‍ പോകുന്നത് ജോലിക്കു പോയി തിരിച്ചെത്തുന്ന വീട്ടിലെ രക്ഷിതാക്കളുമായാണ്. ഉദാഹരണത്തിന്, ഒരു ബസ് കണ്ടക്ടറായ വ്യക്തി എത്രയോ ആളുകളുമായി സമ്പര്‍ക്കത്തില്‍ എത്തിയിട്ടാവാം രാത്രിയില്‍ മക്കളുമായി വീണ്ടും സമ്പര്‍ക്കത്തില്‍ വരുന്നത്. മാത്രമല്ല, അവധി ദിവസങ്ങളില്‍ മറ്റു ബന്ധുക്കളുമായും അവര്‍ സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടാം. അതിനാല്‍, ബയോ സെക്യുര്‍ ബബിള്‍ സിസ്റ്റം ഇവിടെ എത്രമാത്രം പ്രായോഗികമാകും എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. അതുകൊണ്ട്, ഒരു സെമി ബയോ സെക്യുര്‍ ബബിള്‍ സിസ്റ്റം മാത്രമേ നമുക്ക് പ്രാവര്‍ത്തികമാക്കാന്‍ കഴിയൂ എന്നതാണ് യാഥാര്‍ഥ്യം.

ബബിള്‍ പൊട്ടാതെ നോക്കണം
ബ്രേക്ക് ദി ചെയിന്‍ (ചങ്ങല പൊട്ടിക്കുക) എന്ന തുടക്കകാലത്തെ കൊവിഡ് മുദ്രാവാക്യം ഇപ്പോള്‍ DON’T BREAK THE BUBBLE (ബബിള്‍ പൊട്ടാതെ നോക്കുക) എന്നായി മാറിയിരിക്കുന്നു. ബയോ സെക്യുര്‍ ബബിള്‍ തത്വം നാം അനുഷ്ഠിക്കുമ്പോള്‍ ആ ബബിളില്‍ പൊട്ടല്‍ സംഭവിക്കാതെ നോക്കണം. വേണ്ടത്ര പരിശോധനയില്ലാതെ ബബിളിന്റെ പുറത്തു നിന്ന് അകത്തേക്ക് ഒരാള്‍ പോലും കയറാനോ, അകത്തു നിന്ന് പുറത്തേക്ക് പോകാനോ പാടില്ല. നിശ്ചിത ഇടവേളകളില്‍ പരിശോധനയും വേണ്ടിവരും. അത്തരത്തില്‍ പരിശോധന നടത്തി രോഗാവസ്ഥ ഇല്ലെന്ന് നിരന്തരമായി ഉറപ്പുവരുത്തേണ്ടതുമുണ്ട്.

വസന്തങ്ങള്‍ വിരിയട്ടെ
അതെ, പള്ളിക്കൂടങ്ങള്‍ സജീവമാകുകയാണ്. അതായത്, നാടുതന്നെ സജീവമാകാന്‍ പോകുന്നു എന്നര്‍ഥം. പക്ഷേ, വലിയൊരിടവേള കഴിഞ്ഞ് സ്വപ്നങ്ങളും സൗഹൃദങ്ങളും നിറഞ്ഞ പള്ളിക്കൂടത്തിന്റെ മുറ്റത്തേക്ക് എത്തുമ്പോള്‍ സ്ഥിരമായി വരാറുണ്ടായിരുന്ന മഴ ഇല്ല. സൗഹൃദത്തിന്റെ ശീതളിമയില്‍ കൂട്ടുകാരുടെ തോളത്തു കൈയിടാനാകില്ല. മാസ്‌കിന്റെ മറയ്ക്കുള്ളില്‍ ഒന്ന് ചിരിച്ചാല്‍ പോലും ആരും അറിയുകയുമില്ല. എന്നിരുന്നാലും, വിദ്യാലയ മുറ്റങ്ങളില്‍ വസന്തം വിരിയും. കാലം അതാവശ്യപ്പെടുന്നുണ്ട്. കാത്തിരിക്കാം, ഈ വര്‍ഷത്തെ കേരളപ്പിറവിയുടെ സമാനതകളില്ലാത്ത ആ നല്ല ദിനത്തിനായി.

(കൊച്ചി സര്‍വകലാശാല, സെന്റര്‍ ഫോര്‍ സയന്‍സ് ഇന്‍ സൊസൈറ്റിയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ആണ് ലേഖകന്‍)

---- facebook comment plugin here -----

Latest