Connect with us

Editorial

അപവാദ പ്രചാരകരുടെ കണ്ണു തുറപ്പിക്കട്ടെ റഹീം ഫണ്ട് വിജയം

ദുരിതമനുഭവിക്കുന്നവരെയും നിരാശ്രയരെയും മതവും ജാതിയും രാഷ്ട്രീയവും നോക്കാതെ കേരളീയ സമൂഹം സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്ത സംഭവങ്ങൾ നിരവധിയുണ്ട്. എന്നിട്ടും കേരളത്തെ മതവൈരത്തിന്റെയും അസഹിഷ്ണുതയുടെയും ഭീകരതയുടെയും നാടായി ചിത്രീകരിക്കുന്ന പ്രവണത ചിലർ തുടർന്നു കൊണ്ടിരിക്കുകയാണ്.

Published

|

Last Updated

കേരളത്തെ വിദ്വേഷത്തിന്റെയും അസഹിഷ്ണുതയുടെയും നാടായി തെറ്റിദ്ധരിപ്പിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങൾ നടന്നു കൊണ്ടിരിക്കെ, മനുഷ്യസ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും നാടാണിതെന്ന് ഒരിക്കൽ കൂടി ലോകത്തിനു കാണിച്ചു കൊടുത്തിരിക്കുകയാണ് റഹീം ഫണ്ട് പിരിവിന്റെ സമാഹരണത്തിലൂടെ മലയാളി ജനത. സ്‌പോൺസറുടെ മകൻ കൈയബദ്ധത്തിൽ മരണപ്പെട്ടതിന്റെ പേരിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് സഊദി ജയിലിൽ കഴിയുന്ന റഹീമിന്റെ മോചനത്തിനായുള്ള 34 കോടി വരുന്ന പ്രായശ്ചിത്ത ധനത്തിന്റെ സമാഹരണം ദിവസങ്ങൾക്കകമാണ് കേരളീയർ ലക്ഷ്യത്തിലെത്തിച്ചത്.

കേരള മുസ്‌ലിം ജമാഅത്തും ഗൾഫ് മേഖലയിൽ പ്രവർത്തിക്കുന്ന ഐ സി എഫ് (ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ) കെ എം സി സി തുടങ്ങിയ പ്രവാസി സംഘടനകളും മികച്ച പങ്കാണ് ഇതിൽ വഹിച്ചത്. വാണിജ്യ പ്രമുഖൻ ബോബി ചെമ്മണൂരിന്റെ പങ്ക് കൂട്ടത്തിൽ പ്രത്യേക പരാമർശമർഹിക്കുന്നു. റഹീം ഫണ്ടിലേക്ക് തന്റെ വക ഒരു കോടി രൂപ സഹായം പ്രഖ്യാപിച്ചതിനൊപ്പം റഹീം ജയിൽ മോചിതനായി തിരിച്ചെത്തിയാൽ ജോലിയും വാഗ്ദാനം ചെയ്തിട്ടുണ്ട് ബോബി ചെമ്മണൂർ.

2006 ഡിസംബറിലാണ് റഹീം വധശിക്ഷക്ക് വിധിക്കപ്പെടാൻ ഇടയായ സംഭവം. ഡ്രൈവർ വിസയിൽ സഊദിയിലെ റിയാദിലെത്തിയ റഹീമിന് തലക്കു കീഴെ ചലനശേഷി നഷ്ടപ്പെട്ട സ്‌പോൺസറുടെ മകൻ ഫായിസിനെ പരിചരിക്കുന്ന ജോലിയായിരുന്നു. കഴുത്തിൽ ഘടിപ്പിച്ച പ്രത്യേക ഉപകരണം വഴിയായിരുന്നു ഫായിസിനു വെള്ളവും ഭക്ഷണവും നൽകിയിരുന്നത്. ഡിസംബർ 24ന് ഫായിസുമായി കാറിൽ യാത്ര ചെയ്യവെ, റഹീമിന്റെ കൈ അബദ്ധത്തിൽ ഫായിസിന്റെ കഴുത്തിൽ ഘടിപ്പിച്ച ഉപകരണത്തിൽ തട്ടുകയും അത് വേറിട്ടുപോവുകയും ചെയ്തു. ഇതേ തുടർന്ന് ബോധരഹിതനായ കുട്ടി താമസിയാതെ മരിച്ചു. കൊലപാതകക്കുറ്റം ചുമത്തി സഊദി പോലീസ് അറസ്റ്റ് ചെയ്ത റഹീമിന് കോടതി വധശിക്ഷ വിധിച്ചു. ഈ ഏപ്രിൽ 15 തിങ്കളാഴ്ചയായിരുന്നു വധശിക്ഷ നടപ്പാക്കേണ്ട ദിവസം.

സഊദിയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട വ്യക്തിക്ക് ശിക്ഷായിളവ് ലഭിക്കണമെങ്കിൽ കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പ് നൽകണം. മാപ്പിനായി റഹീമിന്റെ കുടുംബവും സുഹൃത്തുക്കളും നടത്തിയ നിരന്തര ശ്രമത്തിൽ 34 കോടി പ്രായശ്ചിത്ത ധനം നൽകിയാൽ മാപ്പ് നൽകാമെന്ന വ്യവസ്ഥ വെച്ചു ഫായിസിന്റെ കുടുംബം. ഇതേത്തുടർന്നാണ് ഏതാനും സഹൃദയർ ചേർന്ന് ധന സമാഹരണ കമ്മിറ്റി രൂപവത്കരിച്ചു പരിവ് ആരംഭിച്ചത്. ജാതിമത ഭേദമന്യേ ലോകത്തിന്റെ എല്ലാ ഭാഗത്തെയും മലയാളികൾ ഈ സംരംഭവുമായി മനസ്സറിഞ്ഞു സഹകരിക്കുകയും കൈകോർക്കുകയും ചെയ്തതോടെ ദിവസങ്ങൾക്കകം ഫണ്ട് സമാഹരണം ലക്ഷ്യത്തിലെത്തി.

മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചതു പോലെ ഇതാണ് യഥാർഥ കേരള സ്റ്റോറി. സംഘ്പരിവാർ സഹയാത്രികർ നിർമിച്ച “ദി കേരള സ്റ്റോറി’യിൽ പരിചയപ്പെടുത്തുന്നതു പോലെ മതവിദ്വേഷത്തിന്റെയും വർഗീയതയുടെയും കഥകളല്ല കേരളത്തിനും മലയാളിക്കും പറയാനുള്ളത്, മറിച്ചു സ്‌നേഹത്തിന്റെയും സഹവർത്തിത്വത്തിന്റെയും മതസൗഹൃദത്തിന്റെയും കഥകളാണ്.

മലയാളിയുടെ കാരുണ്യബോധത്തിനും സഹിഷ്ണുതക്കും മാനവികതക്കും മുമ്പും പലപ്പോഴും സാക്ഷ്യം വഹിച്ചിട്ടുണ്ട് കേരളം. 2021 ൽ സ്‌പൈനൽ മസ്‌കുലർ അട്രോഫി (എസ് എം എ)രോഗം ബാധിച്ച് ഇരിക്കാനോ എഴുന്നേറ്റു നടക്കാനോ സാധിക്കാതെ പ്രയാസമനുഭവിച്ചിരുന്ന കണ്ണൂർ പഴയങ്ങാടിയിലെ മുഹമ്മദ്‌മോൻ എന്ന കുരുന്നിനു 18 കോടി ചികിത്സാ ധനസഹായം ആവശ്യപ്പെട്ടപ്പോൾ 46.78 കോടി രൂപയാണ് ദിവസങ്ങൾക്കകം മലയാളി സമൂഹം അവരുടെ കൈകളിലെത്തിച്ചത്. 2021 ജൂലൈയിലായിരുന്നു സംഭവം. കൂടുതലായി ലഭിച്ച തുക അന്ന് ചികിത്സാ സഹായ കമ്മിറ്റി സർക്കാറിന്റെ ചികിത്സാ ഫണ്ടിലേക്ക് കൈമാറുകയാണുണ്ടായത്.

എസ് എം എ ബാധിച്ച മണ്ണാർക്കാട്ടെ നിർവാൺ എന്ന കുഞ്ഞിന്റെ ചികിത്സക്ക് 18 കോടി, വടകര ചോറോടിലെ സിയ ഫാത്വിമ എന്ന കുരുന്നിന്റെ ചികിത്സക്ക് 18 കോടി, കണ്ണൂർ തളിപ്പറമ്പ് വായാട് സ്വദേശി ഷാനിയുടെ ചികിത്സക്ക് നാല് കോടി എന്നിങ്ങനെ നിരവധി ഫണ്ട് ശേഖരണം അടുത്ത കാലത്തായി കേരളത്തിൽ നടന്നിട്ടുണ്ട്. ദിവസങ്ങൾക്കകമാണ് ഇതെല്ലാം മലയാളത്തിന്റെ കാരുണ്യമനസ്സുകൾ ലക്ഷ്യത്തിലെത്തിച്ചത്. വൃക്ക മാറ്റിവെക്കൽ, മജ്ജ മാറ്റിവെക്കൽ തുടങ്ങി ദശലക്ഷങ്ങൾ ചെലവ് വരുന്ന പാവപ്പെട്ട രോഗികളുടെ ചികിത്സക്കായി നിരന്തരം സോഷ്യൽ മീഡിയ വഴി ഫണ്ട് ശേഖരണം നടന്നു വരുന്നുണ്ട്. കാരുണ്യ പ്രവർത്തനത്തിലും മാനവികതയിലും സമാനതകളില്ലാത്തതാണ് മലയാളികളുടെ പ്രവർത്തനം.

ദുരിതമനുഭവിക്കുന്നവരെയും നിരാശ്രയരെയും പാവപ്പെട്ടവരെയും മതവും ജാതിയും രാഷ്ട്രീയവും നോക്കാതെ കേരളീയ സമൂഹം സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്ത സംഭവങ്ങൾ വേറെയും നിരവധി. തമിഴ്‌നാട് തഞ്ചാവൂരിലെ തിരുപ്പതിയുടെ മക്കളായ ദേവരാജും രാജുവും ദുർഗയും സുമിത്രയും മലയാളിയുടെ നന്മ മനസ്സ് അനുഭവിച്ചവരാണ്. പതിനൊന്ന് വർഷം മുമ്പ് മാതാവ് ആത്മഹത്യ ചെയ്തതോടെ പിതാവ് തിരുപ്പതി മക്കളെയുമായി കേരളത്തിലെത്തി. അന്ന് ഈ കുട്ടികളെ ഏറ്റെടുത്തു വളർത്തിയത് പേരാമ്പ്രയിലെ ഒരു മുസ്‌ലിം അഗതി- അനാഥ മന്ദിരവും ചില മുസ്‌ലിം സഹൃദയരുമായിരുന്നു. കേരളത്തിലെ മിക്ക സർക്കാർ ആശുപത്രികളിലെയും കിടപ്പുരോഗികൾക്കും കൂട്ടിരിപ്പുകാർക്കും വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്തിൽ സ്ഥിരമായി ചികിത്സാ സഹായങ്ങളും സൗജന്യഭക്ഷണവും നൽകി വരുന്നുണ്ട്.

മഹാപ്രളയകാലത്ത് രക്ഷാ പ്രവർത്തനത്തിൽ ജാതി മത, ഭേദമന്യേ മലയാളികൾ കാണിച്ച അർപ്പണ ബോധവും ത്യാഗവും ആഗോള പ്രശംസ പിടിച്ചു പറ്റിയതാണ്. രണ്ട് വർഷം മുമ്പ് വേങ്ങര കിളിനങ്ങോട് ക്ഷേത്ര പുനഃപ്രതിഷ്ഠാ മഹോത്സവം നടന്നത് കിളിനക്കോട്, കാരത്തോട് മഹല്ല് കമ്മിറ്റികളുടെ പങ്കാളിത്തത്തോടെയാണ്. മുസ്്ലിം നേർച്ചകൾക്കും ചടങ്ങുകൾക്കും ഹൈന്ദവ സഹോദരന്മാരും ഹൈന്ദവ ചടങ്ങുകൾക്ക് മുസ്‌ലിം സഹോദരങ്ങളും സഹായ സഹകരണം നൽകുന്നത് സംസ്ഥാനത്ത് പതിവു സംഭവമാണ്. എന്നിട്ടും ഇത്തരം മാതൃകാ പ്രവർത്തനങ്ങൾക്കു നേരെ കണ്ണടച്ചു കേരളത്തെ മതവൈരത്തിന്റെയും അസഹിഷ്ണുതയുടെയും ഭീകരതയുടെയും നാടായി ചിത്രീകരിക്കുന്ന പ്രവണത ചിലർ തുടർന്നു കൊണ്ടിരിക്കുകയാണ്.