From the print
സ്വതന്ത്ര ഫലസ്തീൻ വരട്ടെ, ആയുധം ഉപേക്ഷിക്കാം
ഗസ്സാ വെടിനിർത്തലിൽ ഹമാസിന്റെ മറുപടി

ഗസ്സ | ഗസ്സാ വെടിനിർത്തലിന് ഇസ്‌റാഈൽ മുന്നോട്ടുവെച്ച പ്രധാന വ്യവസ്ഥയിൽ ഹമാസിന്റെ മറുപടി. സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കപ്പെടും വരെ ആയുധം ഉപേക്ഷിക്കില്ലെന്ന് ഹമാസ് നേതൃത്വം വ്യക്തമാക്കി. ആക്രമണം അവസാനിപ്പിക്കാൻ ഹമാസിനെ നിരായൂധീകരിക്കണമെന്നാണ് ഇസ്‌റാഈലിന്റെയും അമേരിക്കയുടെയും പ്രധാന ആവശ്യം.
ഗസ്സയിൽ 60 ദിവസത്തേക്ക് വെടിനിർത്താനും ബന്ദികളെയും തടവുകാരെയും മോചിപ്പിക്കാനും ലക്ഷ്യമിട്ട് ഹമാസും ഇസ്‌റാഈലും തമ്മിൽ നടത്തിയ ചർച്ച കഴിഞ്ഞയാഴ്ച എങ്ങുമെത്താതെ അവസാനിച്ചിരുന്നു. വ്യവസ്ഥകളിൽ ഭൂരിഭാഗവും ഹമാസ് അംഗീകരിച്ചപ്പോൾ വിശദമായ ചർച്ചക്കെന്ന പേരിൽ അമേരിക്കയും ഇസ്‌റാഈലും തങ്ങളുടെ പ്രതിനിധികളെ തിരിച്ചുവിളിക്കുകയായിരുന്നു.
ഇസ്‌റാഈൽ- ഫലസ്തീൻ സംഘർഷം അവസാനിപ്പിക്കാൻ ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള നടപടികൾ വിശദീകരിക്കുന്ന ഫ്രാൻസ്- സഊദി അറേബ്യ സംയുക്ത പ്രഖ്യാപനത്തെ വെടിനിർത്തലിന് മധ്യസ്ഥത വഹിക്കുന്ന ഖത്വറും ഈജിപ്തും അംഗീകരിച്ചു. ഫ്രാൻസ്, ജർമനി, കാനഡ തുടങ്ങിയ രാജ്യങ്ങളുടെ പിന്തുണയുള്ള ഫലസ്തീൻ അതോറിറ്റിക്ക് തങ്ങളുടെ ആയുധങ്ങൾ ഹമാസ് കൈമാറണമെന്ന് ഫ്രാൻസും സഊദിയും സംയുക്ത യോഗത്തിൽ ആവശ്യപ്പെട്ടു. എന്നാൽ ജറൂസലം ആസ്ഥാനമായി സ്വതന്ത്രവും പൂർണ പരമാധികാരവുമുള്ള ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കപ്പെടുന്നത് വരെ ചെറുത്തുനിൽപ്പിനുള്ള സായുധ പോരാട്ടം ഉപേക്ഷിക്കാനാകില്ലെന്ന് ഹമാസ് വൃത്തങ്ങൾ വ്യക്തമാക്കി. 2007 മുതൽ ഗസ്സയിൽ ഇസ്‌റാഈലുമായി ഏറ്റുമുട്ടലിലാണ് ഹമാസ്.
അതേസമയം, ഭാവിയിലെ ഫലസ്തീൻ രാഷ്ട്രത്തെ ഇസ്‌റാഈലിനെ നശിപ്പിക്കാനുള്ള പ്ലാറ്റ്‌ഫോമായാണ് ഇസ്‌റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കാണുന്നത്. അതുകൊണ്ടുതന്നെ സ്വതന്ത്ര രാഷ്ട്രം വന്നാലും സൈനിക, സുരക്ഷാ ചുമതല ഇസ്‌റാഈലിനായിരിക്കണമെന്നാണ് നെതന്യാഹുവിന്റെ ആവശ്യം.