Connect with us

International

ശ്രീലങ്കയിൽ നിന്ന് ഇന്ത്യ പഠിക്കേണ്ട പാഠങ്ങൾ

ശ്രീലങ്കയില്‍ നടന്നത് എപ്പോഴും ഇന്ത്യയിലും നടക്കാം എന്നാണു വിലയിരുത്തപ്പെടുന്നത്. ഉദാരവത്ക്കരണ നയങ്ങള്‍ അതിതീവ്രം നടപ്പാക്കിക്കൊണ്ടിരിക്കുന്ന നമ്മുടെ രാജ്യത്തും ജനജീവിതം ദുസ്സഹമാകുന്ന സാഹചര്യങ്ങള്‍ വന്നു ചേരാമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. ■ കനലെരിഞ്ഞ് സിംഹള സാമ്രാജ്യം പരമ്പരയുടെ അവസാന ഭാഗം

Published

|

Last Updated

ശ്രീലങ്കയില്‍ നടന്നത് എപ്പോഴും ഇന്ത്യയിലും നടക്കാം എന്നാണു വിലയിരുത്തപ്പെടുന്നത്. ഉദാരവത്ക്കരണ നയങ്ങള്‍ അതിതീവ്രം നടപ്പാക്കിക്കൊണ്ടിരിക്കുന്ന നമ്മുടെ രാജ്യത്തും ജനജീവിതം ദുസ്സഹമാകുന്ന സാഹചര്യങ്ങള്‍ വന്നു ചേരാമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്.

ഇന്ത്യക്ക് മികച്ച വിദേശനാണയ ശേഖരം ഉള്ളതുകൊണ്ട് അടുത്തൊന്നും ശ്രീലങ്കയുടെ അവസ്ഥ ഉണ്ടാവില്ലെന്നു സമാശ്വസിക്കാം. ഇന്ത്യയുടെ വിദേശനാണയ ശേഖരം 600 ബില്യണ്‍ ഡോളറിലേറെയാണ്. ഇതു ശ്രീലങ്കയുടെ 100 മടങ്ങുവരും. എന്നാല്‍ ഈ ശേഖരത്തിന്റെ അടിസ്ഥാനം ഇന്ത്യന്‍ സമ്പദ് ഘടനയുടെ ഊര്‍ജ്ജസ്വലതകൊണ്ടുള്ളതല്ല എന്നാണു വിലയിരുത്തപ്പെടുന്നത്. വിദേശമൂലധനത്തിനു രാജ്യത്തിന്റെ വാതില്‍ തുറന്നിട്ടതുകൊണ്ടുള്ള കുത്തൊഴുക്കുമൂലമാണ് ഈ വിദേശ നാണയ ശേഖം ഉയര്‍ന്നത്. ഇത് വലിയ നേട്ടമായി ഉദാരവത്കരണത്തിന്റെ അനുകൂലികള്‍ പറയുന്നുണ്ടെങ്കിലും ആത്യന്തികമായി അത് സൃഷ്ടിക്കുക അപകടമായിരിക്കുമെന്നാണു വിലയിരുത്തപ്പെടുന്നത്.

ശ്രീലങ്കന്‍ പ്രതിസന്ധി അടിസ്ഥാനപരമായി വിദേശനാണയ പ്രതിസന്ധിയാണ്. വിദേശ നാണ്യം ഡോളറായാണു ശേഖരിക്കുന്നത്. ഇറക്കുമതിക്കോ വാങ്ങിയ കടം തിരിച്ചടവിനോ ഉള്ള വിദേശനാണയ ശേഖരം ശ്രീലങ്കയുടെ പക്കല്‍ ഇല്ലാതായി എന്നതാണ് പ്രശ്നം.

ഇക്കാര്യങ്ങളെ കേരള മുന്‍ ധനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ ഡോ. തോമസ് ഐസക് ലളിതമായി വിശദീകരിക്കുന്നുണ്ട്. സര്‍ക്കാരുകള്‍ക്ക് അവരുടെ നാണയം അല്ലാതെ വിദേശനാണയം അച്ചടിക്കാനുള്ള അവകാശമില്ല. ചരക്കുകളോ സേവനങ്ങളോ കയറ്റുമതി ചെയ്യുമ്പോളാണ് രാജ്യത്തിനു വിദേശനാണയം കിട്ടുന്നത്. ഇറക്കുമതി ചെയ്യുമ്പോള്‍ ശേഖരത്തിലുള്ള വിദേശനാണയം ചെലവാകും. വിദേശ വായ്പകളുടെ പലിശ പോലുള്ളവയ്ക്കായി ചെലവഴിക്കുന്ന പണം വിദേശനാണയ ലഭ്യതയെ കുറയ്ക്കും. ശ്രീലങ്കയ്ക്ക് 2012-നും 2020-നും ഇടയ്ക്ക് രണ്ടു ബില്യണ്‍ ഡോളര്‍ കമ്മിയായിരുന്നു.

വിദേശത്തുള്ള ആളുകള്‍ അയക്കുന്ന പണം വിദേശനാണയ ലഭ്യത വര്‍ധിപ്പിക്കും. ഗള്‍ഫിലും മറ്റും പോയി ജോലി ചെയ്യുന്ന ശ്രീലങ്കക്കാര്‍ അയക്കുന്ന പണമായി ശ്രീലങ്കയ്ക്ക് ഇതേകാലയളവില്‍ ആറ് ബില്യണ്‍ ഡോളര്‍ വരുമാനമായി ലഭിച്ചു.

വിദേശനാണയ ശേഖരം ഉറപ്പാക്കുന്നതിനു വിദേശത്തിനിന്ന് ബോണ്ട് ഇറക്കുക, വിദേശധനകാര്യ സ്ഥാപനങ്ങളില്‍ നിന്നു വായ്പയെടുക്കുക, വിദേശമൂലധന നിക്ഷേപത്തെ ആകര്‍ഷിക്കുക എന്നീ മാര്‍ഗങ്ങളാണ് സാധാരണയായി സ്വീകരിക്കാറുള്ളത്. ശ്രീലങ്ക ഓരോ വര്‍ഷവും 3.1 ബില്യണ്‍ ഡോളറിന്റെ ബാധ്യതകള്‍ വിദേശനാണയം ഉറപ്പുവരുത്തുന്നതിനുവേണ്ടി ഏറ്റെടുത്തു. ഇതില്‍ ഏതാണ്ട് മൂന്നു ബില്യണ്‍ ഡോളര്‍ വിദേശനിക്ഷേപമാണ്.

അതിന്റെ പകുതി വളരെ ചുരുങ്ങിയ കാലത്തേക്ക് ഓഹരി കമ്പോളത്തില്‍ കളിക്കാന്‍ വന്ന നിക്ഷേപമാണ്. 1.1 ബില്യണ്‍ ഡോളര്‍ പ്രതിവര്‍ഷം വായ്പയുമെടുത്തു. ഇപ്പോള്‍ സംഭവിച്ചത് 2020 വരെ നടന്ന തോതില്‍ വിദേശ മൂലധനം ശ്രീലങ്കയിലേക്കു വരാതായി. ഓഹരി കമ്പോളത്തില്‍ ഉണ്ടായിരുന്ന വിദേശ നാണയം പൂര്‍ണമായി പുറത്തേയ്ക്കൊഴുകി. വായ്പ കിട്ടാനും പറ്റാതായി. ഇതിന്റെ ഫലമായി വിദേശനാണയ ശേഖരം ഏതാനും മാസങ്ങള്‍കൊണ്ട് അപ്രത്യക്ഷമായി. ഇതാണു ശ്രലങ്കയെ പിടിച്ചുലച്ചത്.

വിദേശമൂലധനം പിന്‍വാങ്ങാന്‍ പല കാരണങ്ങളുണ്ട്. സമ്പന്നരെ പ്രലോഭിപ്പിക്കാനായി വാറ്റ് നികുതി നിരക്ക് 15 ശതമാനത്തില്‍ നിന്ന് എട്ടു ശതമാനമായി കുറച്ചതു പ്രധാന കാരണമായി. കൊവിഡുകൂടി വന്നപ്പോള്‍ സമ്പദ് വ്യവസ്ഥ തളര്‍ന്നു.
രാസവളം ഇറക്കാന്‍ വിദേശ നാണയം ഇല്ലാതായതോടെ രാജ്യം ജൈവകൃഷി നയം പ്രഖ്യാപിച്ചു. ഇതിന്റെ ഫലമായി കാര്‍ഷികോല്‍പ്പാദനം ഇടിഞ്ഞതും ആഗോള എണ്ണവില കൂടിയതും മൂലം വിലക്കയറ്റം കുത്തനെ ഉയര്‍ന്നു. ഈ സാഹചര്യം വിലയിരുത്തിയാണു വിദേശമൂലധനം കൂട്ടത്തോടെ പിന്‍വാങ്ങിയത്. ഇതോടെ ശ്രീലങ്ക സമ്പൂര്‍ണമായി പ്രതിസന്ധിയിലായി എന്നാണു ഡോ. തോമസ് ഐസക് വിശദമാക്കുന്നത്.

ശ്രീലങ്കയിലെ പ്രതിസന്ധി ചൂണ്ടിക്കാട്ടി കേരളവും ശ്രീലങ്കയെ പോലെ ആവും എന്ന പ്രചാരണങ്ങളേയും ഡോ. തോമസ് ഐസക് ഖണ്ഡിക്കുന്നുണ്ട്. ഇന്ത്യയെന്ന പരമാധികാര രാജ്യത്തെ ഒരു സംസ്ഥാനം മാത്രമാണ് കേരളം. ഒരു സംസ്ഥാനത്തിനു മാത്രമായി വിദേശനാണയ പ്രതിസന്ധി ഉണ്ടാവില്ലെന്നും വിദേശനാണയ സംബന്ധിയായ എല്ലാ കാര്യങ്ങളും കേന്ദ്രസര്‍ക്കാരിന്റെ അധികാര പരിധിയിലാണെന്നും അദ്ദേഹം വിശദമാക്കുന്നു.

സംസ്ഥാനം വിദേശത്തുനിന്ന് വായ്പ എടുക്കുന്നുണ്ടെങ്കില്‍ അതു കേന്ദ്രസര്‍ക്കാറിന്റെയോ റിസര്‍വ്വ് ബാങ്കിന്റെയോ തീരുമാനത്തിനു വിധേയമായിട്ടാവും. സംസ്ഥാന വിദേശവായ്പ വേണ്ടെന്നുവച്ചതുകൊണ്ട് രാജ്യം വിദേശ വായ്പ എടുക്കാതിരിക്കില്ല. കേരളം വേണ്ടെന്നു വയ്ക്കുന്ന വായ്പ മറ്റൊരു സംസ്ഥാനത്തിനു കൊടുക്കുമെന്നും അദ്ദേഹം പറയുന്നു.

എന്നാല്‍ ശ്രീലങ്കയില്‍ നടന്നത് ഇന്ത്യാ രാജ്യത്ത് നടക്കാന്‍ സാധ്യയുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. ഇന്ത്യയുടെ വിദേശനാണയ ശേഖരം ശ്രീലങ്കയുടെ 100 മടങ്ങുവരുമെങ്കിലും ഈ ശേഖരത്തിന്റെ അടിസ്ഥാനം സുരക്ഷിതമല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

വിദേശമൂലധനത്തിന്റെ കുത്തൊഴുക്കാണ് ഇന്ത്യയിലേക്കു വിദേശ നാണയം കൊണ്ടുവരുന്നത്. ശ്രീലങ്കയിലെപ്പോലെ ഏതെങ്കിലും സാഹചര്യത്താല്‍ ഇന്ത്യയോട് അപ്രീതിതോന്നി വിദേശമൂലധനം അവര്‍ പിന്‍വലിക്കും. അങ്ങനെ സംഭവിച്ചാല്‍ ഇന്ത്യയുടെ വിദേശ നാണയ ശേഖരവും അതിവേഗം ശുഷ്‌കിക്കും. ഈ ആശങ്ക മുന്നില്‍ ഉള്ളതുകൊണ്ടാണ് ഇന്ത്യാ സര്‍ക്കാര്‍ വിദേശമൂലധനത്തെ പ്രീതിപ്പെടുത്തുക എന്ന നയ പരിപാടികള്‍ക്കു വലിയ പ്രാധാന്യം നല്‍കുന്നതെന്നാണ് അദ്ദേഹം പറയുന്നത്.

വിദേശമൂലധനത്തെ പ്രീതിപ്പെടുത്താനാണ് പൊതുമേഖലയുടെ സ്വകാര്യ വല്‍ക്കരണം തീവ്രമായി നടപ്പാക്കുന്നത്. രാജ്യത്തിന്റെ സമ്പത്തായിരുന്ന എല്‍ ഐ സി അടക്കം വില്‍ക്കുന്നത് ഈ ലക്ഷ്യം മുന്‍നിര്‍ത്തിയാണ്. വിദേശ മൂലധനത്തെ പ്രീതിപ്പെടുത്താന്‍ ഇതിനേക്കാള്‍ നല്ല മാര്‍ഗമില്ലെന്നാണു കേന്ദ്ര സര്‍ക്കാര്‍ കരുതുന്നത്.

മൂന്നു പതിറ്റാണ്ടിനിടെ രാജപക്സെ കുടുംബത്തിനു സംഭവിച്ച പതനമാണു ശ്രീലങ്കയില്‍ കാണുന്നത്. ജനങ്ങള്‍ക്കവരോട് അടങ്ങാത്ത രോഷമാണിപ്പോള്‍. രാജപക്സെകള്‍ ശ്രീലങ്കന്‍ രാഷ്ട്രീയത്തില്‍ ഏറ്റവും വെറുക്കപ്പെട്ടവരായിരിക്കുന്നു.

ദീര്‍ഘകാലമായി ദുരിതം വിതച്ച ആഭ്യന്തരയുദ്ധം അവസാനിപ്പിച്ചതിന് ജനം നല്‍കിയ ‘ടെര്‍മിനേറ്റര്‍’ എന്ന ഓമനപ്പേ് അഭിമാന പൂര്‍വം ഗോട്ടാബയ സ്വീകരിച്ചിരുന്നു. അതേ നാവുകൊണ്ട് ജനം ഭ്രാന്തന്‍, ക്രിമിനല്‍, രാജ്യദ്രോഹി എന്നൊക്കെയാണ് ആ ഭരണാധിപനെ വിളിക്കുന്നത്. ഇറക്കുമതിക്കു കാശില്ലാതെ ഭക്ഷണത്തിനും ഇന്ധനത്തിനുമുള്ള ക്ഷാമവും മണിക്കൂറുകള്‍ നീളുന്ന വൈദ്യുതിമുടക്കവുമെല്ലാം ഒരു ജനതയെ എന്തും ചെയ്യാന്‍ തയ്യാറാക്കിയിരിക്കുന്നു.

രാജ്യത്തെ ഭൂരിപക്ഷമായ സിംഹള ബുദ്ധമതക്കാരുടെ വോട്ടുനേടി അധികാരത്തിലെത്തിയ രാജപക്സെ കുടംബം ഏറ്റവും വെറുക്കപ്പെട്ടവരായിത്തീര്‍ന്നിരിക്കുന്നു.

ഈസ്റ്റര്‍ ഞായറിലെ സ്ഫോടനങ്ങള്‍ക്കു ശേഷം രാജപക്സെകള്‍ക്കു മാത്രമേ ശ്രീലങ്കയുടെ ക്ഷേമം ഉറപ്പാക്കാനാകൂ എന്ന് ഉറച്ചുവിശ്വസിച്ചാണ് സിംഹള വംശജര്‍ അവരെ അധികാരത്തില്‍ തിരികെയെത്തിച്ചത്. 2019ല്‍ ഭരണമേറ്റെടുത്തു മൂന്നു വര്‍ഷത്തിനുള്ളില്‍തന്നെ ശ്രീലങ്കയിലെ സാമ്പത്തിക വിദഗ്ധര്‍ സര്‍ക്കാരിന്റെ ധനനയങ്ങളെ വിമര്‍ശിച്ചിരുന്നു. സാമ്പത്തിക നയത്തിന്റെ കാര്യത്തില്‍ ഏറ്റവും മോശം സര്‍ക്കാരാണിതെന്ന് വിദഗ്ധര്‍ അന്നേ നല്‍കിയ മുന്നറിയിപ്പ് അതിവേഗം യാഥാര്‍ഥ്യമായി. മൂന്നു നേരം ഭക്ഷണത്തിനുപോലും വഴിയില്ലാത്തവരാണു തെരുവില്‍ സമരത്തില്‍ അണിചേര്‍ന്നിരിക്കുന്നത്.രാജ്യത്തെ ആശുപത്രികളിലൊന്നും അവശ്യമരുന്നുകളില്ല.

ശ്രീലങ്കയെ രക്ഷിക്കാന്‍ പ്രസിഡന്‍ഷ്യന്‍ ഭരണ രീതി അവസാനിപ്പിക്കണമെന്ന ആവശ്യം ശക്തമായിരിക്കുന്നു. ഭരണഘടനയുടെ 20 ാം ഭേദഗതി റദ്ദാക്കണമെന്ന ആവശ്യം ജനം ശക്തമായി ഉയര്‍ത്തുന്നുണ്ട്.

(പരമ്പര അവസാനിച്ചു)

Read Previous Episodes:

1 – കനലെരിഞ്ഞ് സിംഹള സാമ്രാജ്യം

2- രക്തക്കറപുരണ്ട അധികാരം; കൂട്ടക്കുരുതിയുടെ നാളുകൾ

3- വീണ്ടുവിചാരമില്ലാത്ത സാമ്പത്തികനയം; ഒടുവിൽ പാപ്പർ

4- തെരഞ്ഞെടുക്കപ്പെട്ട സ്വേച്ഛാധിപത്യം; മൂച്ചൂടും നശിപ്പിച്ച് കുടുംബവാഴ്ച

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്