Connect with us

Kerala

ലീഗിനെ യു ഡി എഫ് പൂര്‍ണമായി തഴയുന്നു; ആരോപണം ആവര്‍ത്തിച്ച് ഇ പി ജയരാജന്‍

'നിലവില്‍ നിയമസഭയില്‍ വിജയിക്കാന്‍ കോണ്‍ഗ്രസിന്റെ വോട്ട് ലീഗിന് വേണ്ട.'

Published

|

Last Updated

തിരുവനന്തപുരം | മുസ്‌ലിം ലീഗിനെ യു ഡി എഫ് പൂര്‍ണമായി തഴയുകയാണെന്ന് ആവര്‍ത്തിച്ച് ഇ പി ജയരാജന്‍. ലീഗിന്റെ സീറ്റ് ഒഴിവു വരുമ്പോള്‍ അത് കോണ്‍ഗ്രസ് ഏറ്റെടുക്കും. നിലവില്‍ നിയമസഭയില്‍ വിജയിക്കാന്‍ കോണ്‍ഗ്രസിന്റെ വോട്ട് ലീഗിന് വേണ്ടെന്നും ജയരാജന്‍ പറഞ്ഞു.

കേരളത്തില്‍ കോണ്‍ഗ്രസിനെക്കാള്‍ വലിയ പാര്‍ട്ടി മുസ്‌ലിം ലീഗ് ആണെന്ന് ഇ പി ജയരാജന്‍ മുമ്പ് പറഞ്ഞിരുന്നു. സി പി എം ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി പ്രഖ്യാപിച്ച അവസരത്തിലായിരുന്നു ഇത്. റാലിയിലേക്ക് ലീഗിനെ സി പി എം ക്ഷണിച്ചിരുന്നു. എന്നാല്‍, ക്ഷണം സ്വീകരിക്കാന്‍ ലീഗ് തയ്യാറായില്ല. പങ്കെടുക്കില്ലെന്ന ലീഗിന്റെ തീരുമാനം അവസാന വാക്കാണെന്ന് കരുതുന്നില്ലെന്നായിരുന്നു ഇതിനോടുള്ള ജയരാജന്റെ പ്രതികരണം. ഇത്തരമൊരു വിഷയത്തില്‍ ലീഗിന് പൂര്‍ണമായും മാറിനില്‍ക്കാന്‍ ആകില്ലെന്നും ജയരാജന്‍ പറഞ്ഞു.

സി പി എം റാലിയില്‍ പങ്കെടുക്കേണ്ടെന്ന ലീഗ് തീരുമാനത്തിന് പിന്നില്‍ കോണ്‍ഗ്രസ്സ് ആണെന്നും അത് കോണ്‍ഗ്രസിന് നഷ്ടമുണ്ടാക്കുമെന്നും ജയരാജന്‍ വ്യക്തമാക്കി. സംസ്ഥാനത്ത് കോണ്‍ഗ്രസിനെക്കാള്‍ സ്വാധീനം മുസ്‌ലിം ലീഗിനാണ്. ലീഗ് ഒറ്റയ്ക്ക് മത്സരിച്ചാല്‍ ഒരുപാട് സീറ്റ് ലഭിക്കും. കോണ്‍ഗ്രസ് തനിച്ച് മത്സരിച്ചാല്‍ ഒറ്റ സീറ്റും കിട്ടില്ലെന്നും ജയരാജന്‍ അന്ന് പറഞ്ഞിരുന്നു.