Connect with us

National

ലഖിംപുര്‍ സംഭവം: ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 45 ലക്ഷം രൂപ ധനസഹായം

Published

|

Last Updated

ന്യൂഡല്‍ഹി | യു പിയിലെ ലഖിംപുര്‍ ഖേരിയില്‍ കര്‍ഷകര്‍ നടത്തിയ പ്രക്ഷോഭത്തിലേക്ക് വാഹനമിടിച്ച് കയറ്റിയതിനെ തുടര്‍ന്ന് ഒമ്പത് പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവ്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 45 ലക്ഷം രൂപ ധനസഹായവും യു പി സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

പ്രക്ഷോഭകാരികള്‍ക്കിടയിലേക്ക് വാഹനം ഓടിച്ചുകയറ്റിയ സംഭവത്തിലാണ് നാല് കര്‍ഷകര്‍ കൊല്ലപ്പെട്ടത്. പിന്നീടുണ്ടായ സംഘര്‍ഷത്തില്‍ നാല് പേര്‍കൂടി മരിച്ചു. സംഘര്‍ഷത്തില്‍ പരുക്കേറ്റ പ്രാദേശിക മാധ്യമ പ്രവര്‍ത്തകന്‍ കൂടി ഇന്ന് മരിച്ചതോടെ ആകെ മരണം ഒമ്പത് ആയി. കര്‍ഷകര്‍ക്കിടയിലേക്ക് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാര്‍ മിശ്രയുടെ മകന്‍ ആശിഷ് കുമാര്‍ മിശ്ര വാഹനം ഓടിച്ച് കയറ്റിയെന്നാണ് കര്‍ഷക സംഘടനകളുടെ ആരോപണം.

പ്രതിഷേധം ശക്തമായതോടെ ആശിഷ് കുമാര്‍ മിശ്ര ഉള്‍പ്പടെ പതിനാലു പേര്‍ക്കെതിരെ കൊലപാതകക്കുറ്റം ഉള്‍പ്പടെ ചുമത്തി യു പി കേസ് എടുത്തു. ആശിഷ് കുമാര്‍ മിശ്രയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മൃതദേഹങ്ങളുമായി കര്‍ഷകര്‍ പ്രതിഷേധം തുടരുകയാണ്. മേഖലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രദേശത്ത് വന്‍ പോലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. കര്‍ഷക പ്രതിഷേധം കണക്കിലെടുത്ത് ഗാന്ധിപ്പൂരിലെ ദേശീയപാതയിലൂടെയുള്ള ഗതാഗതം താത്ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.

 

Latest