Kerala
പ്രതിസന്ധിക്ക് ആശ്വാസം; മാർച്ച് വരെ വൈദ്യുതി വാങ്ങാൻ റെഗുലേറ്ററി കമ്മിഷന്റെ അനുമതി
കമ്മിഷൻ നിശ്ചയിച്ച നിരക്കിന്റെ അടിസ്ഥാനത്തിലായിരിക്കും വൈദ്യുതി വാങ്ങുന്നതിനുള്ള കരാർ.
തിരുവനന്തപുരം| രാത്രികാല വൈദ്യുതി പ്രതിസന്ധിക്ക് നേരിയ ആശ്വാസം. അടുത്ത വർഷം മാർച്ച് 30 വരെ ഹ്രസ്വകാല കരാറിൽ വൈദ്യുതി വാങ്ങാൻ കെ എസ് ഇ ബിക്ക് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ അനുമതി നൽകി. മൂന്ന് കമ്പനികളിൽ നിന്നായി പരമാവധി 270 മെഗാവാട്ട് വൈദ്യുതി വാങ്ങാനാണ് അനുമതി. യൂണിറ്റിന് 6.99 രൂപ മുതൽ പരമാവധി 10 രൂപ വരെ നൽകാം.
കമ്മിഷൻ നിശ്ചയിച്ച നിരക്കിന്റെ അടിസ്ഥാനത്തിലായിരിക്കും വൈദ്യുതി വാങ്ങുന്നതിനുള്ള കരാർ. ഇതോടെ രാത്രികാലങ്ങളിലെ വൈദ്യുതി പ്രതിസന്ധിക്ക് ഒരു പരിധിവരെ പരിഹാരമാകുമെന്നാണ് പ്രതീക്ഷ. കരാർ സംബന്ധിച്ച അന്തിമ തീരുമാനം ഇന്ന് വൈകിട്ട് ചേരുന്ന കെഎസ്ഇബി ഡയറക്ടർ ബോർഡ് യോഗത്തിലുണ്ടാകും.
അതേസമയം, 2027 ഏപ്രിലിൽ യൂണിറ്റിന് 13.89 രൂപ നിരക്കിൽ വൈദ്യുതി വാങ്ങാനുള്ള കെഎസ്ഇബിയുടെ അപേക്ഷ കമ്മിഷൻ തള്ളി. ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങാനുള്ള നിർദേശത്തിനാണ് അനുമതി നിഷേധിച്ചത്.
Content Highlights: The State Electricity Regulatory Commission approved KSEB’s short-term contract to buy up to 270 MW power from three companies until March 30. The approved rate ranges between Rs 6.99 and Rs 10 per unit. However, the commission rejected KSEB’s bid to purchase power at Rs 13.89 per unit for 2027.




