Malappuram
കേരള യാത്ര: മലപ്പുറം ജില്ലാ സന്ദേശ യാത്ര ബുധനാഴ്ച ആരംഭിക്കും
പടിഞ്ഞാറൻ മേഖലാ യാത്ര ജില്ലാ പ്രസിഡണ്ട് കൂറ്റമ്പാറ അബദുറഹ്മാൻ ദാരിമിയും കിഴക്കൻ മേഖലാ യാത്ര ജില്ലാ വൈസ് പ്രസിഡണ്ട് വടശ്ശേരി ഹസൻ മുസ്ലിയാരും നയിക്കും.
മലപ്പുറം | ‘മനുഷ്യർക്കൊപ്പം’ ശീർഷകത്തിൽ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന കേരള യാത്രയുടെ മുന്നോടിയായി, കേരള മുസ്ലിം ജമാഅത്ത് മലപ്പുറം ജില്ലാ കമ്മിറ്റി രണ്ട് മേഖലകളിലായി ചതുർദിന ജില്ലാ സന്ദേശയാത്രകൾ നടത്തും. പടിഞ്ഞാറൻ മേഖലാ യാത്ര ജില്ലാ പ്രസിഡണ്ട് കൂറ്റമ്പാറ അബദുറഹ്മാൻ ദാരിമിയും കിഴക്കൻ മേഖലാ യാത്ര ജില്ലാ വൈസ് പ്രസിഡണ്ട് വടശ്ശേരി ഹസൻ മുസ്ലിയാരും നയിക്കും. ഡിസംബർ 24, 25, 26,27 തിയ്യതികളിലായി ജില്ലയിലെ 23 കേന്ദ്രങ്ങളിൽ യാത്രക്ക് സ്വീകരണമൊരുക്കും.
മലയാളീ മുസ്‍ലിംകളുടെ ആധികാരിക മത-ആത്മീയ നേതൃത്വം, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ രൂപീകൃതമായിട്ട് 100 വർഷം പൂർത്തീകരിക്കുകയാണ്. സമസ്ത സെൻ്റിനറി ആഘോഷങ്ങളുടെ ഭാഗമായി മൂന്നു വർഷക്കാലം നീണ്ടുനിൽക്കുന്ന വിവിധ കർമ പരിപാടികൾ കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു. ‘മനുഷ്യർക്കൊപ്പം ‘ എന്ന പ്രമേയത്തിലാണ് കർമസാമയികം സംഘടിപ്പിച്ചിട്ടുള്ളത്.
വിദ്യാഭ്യാസം, സാന്ത്വനം, സേവനം, സാമൂഹികം, ആരോഗ്യം, കാർഷികം എന്നീ വിവിധ മേഖലകളിലായി, കുടുംബ സമ്മേളനം, വർഗ്ഗ ബഹുജന സംഘാടനം, ലെറ്റ് സ്മൈൽ അസംബ്ലി, കർഷക സംഗമം, മിഹ്റാബ്, സംഘടനാ ആസ്ഥാനങ്ങൾ, സമസ്ത ചരിത്രം ലോഞ്ചിംഗ്, ദാറുൽ ഖൈർ ഭവന പദ്ധതി, പരിശീലനം ലഭിച്ച ആറായിരം സെൻ്റിനറി ഗാർഡുകൾ, 25000 മഹല്ല് സാരഥി സമർപ്പണം, സാന്ത്വനം വളണ്ടിയർമാർ, സ്വയം പര്യാപ്ത മഹല്ലുകൾ, പെൻഷനുകൾ, സ്കോളർഷിപ്പുകൾ, പ്രകൃതിദുരന്ത സഹായങ്ങൾ വിഷരഹിതകൃഷി, പൊതു ഇടങ്ങളിലെ ശുചീകരണം തുടങ്ങി നിരവധി പദ്ധതികൾ പ്രസ്ഥാനത്തിൻ്റെ വിവിധ ഘടകങ്ങളിലൂടെ നടപ്പിലാക്കി വരുന്നു.
പദ്ധതികളിലെ സുപ്രധാന പരിപാടിയാണ് ഇൻഡ്യൻ ഗ്രാൻ്റ് മുഫ്തി സുൽത്വാനുൽ ഉലമ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ അടക്കമുള്ള പണ്ഡിത നേതാക്കൾ നയിക്കുന്ന കേരള യാത്ര. 2026 ജനുവരി 1 മുതൽ 17 വരെ കാസർഗോഡ് നിന്നും തിരുവനന്തപുരത്തേക്കാണ് കേരളയാത്ര സംഘടിപ്പിക്കുന്നത്. ജില്ലയിൽ ജനുവരി 7, 8 തിയതികളിൽ യഥാക്രമം അരീക്കോട്ടും തിരൂരിലും യാത്രക്ക് സ്വീകരണമൊരുക്കും.
കേരളയാത്രയുടെ മാനവിക സന്ദേശം ജില്ലയിലാകെ എത്തിക്കുന്നതിനാണ് ജില്ലാ സന്ദേശ യാത്ര സംഘടിപ്പിക്കുന്നത്. 24 ന് 2.30 ന് പൊന്നാനിയിൽ ശൈഖ് സൈനുദ്ധീൻ മഖ്ദൂം തങ്ങളുടെ മഖ്ബറ സിയാറത്ത് നടത്തി പടിഞ്ഞാറൻ മേഖലാ യാത്രക്ക് തുടക്കം കുറിക്കും. കിഴക്കൻ മേഖലാ യാത്ര സമസ്ത കേന്ദ്ര മുശാവറ അംഗമായിരുന്ന മർഹൂം വി.എൻ ബീരാൻകുട്ടി മുസ്ലിയാർ എടക്കരയുടെ മഖ്ബറ സിയാറത്ത് ചെയ്തു വഴിക്കടവിൽ നിന്നും പ്രയാണമാരംഭിക്കും.
സയ്യിദ് കെ.കെ.എസ് തങ്ങൾ ഫൈസി പെരിന്തൽമണ്ണ, കെ.ടി. ത്വാഹിർ സഖാഫി മഞ്ചേരി, സി.കെ. യു മൗലവി മോങ്ങം ,അലവിക്കുട്ടി ഫൈസി എടക്കര, ജമാൽ കരുളായി, സയ്യിദ് ശിഹാബുദ്ദീൻ അഹ്സനി അൽഹൈദ്രൂസി, അസീസ് ഹാജി പുളിക്കൽ, കുഞ്ഞീതു മുസ്ലിയാർ, കെ.മുഷ്താഖ് സഖാഫി, എ.പി.ബശീർ ചെല്ലക്കൊടി, ഊരകം അബ്ദുറഹ്മാൻ സഖാഫി, സയ്യിദ് സ്വലാഹുദ്ദീൻ ബുഖാരി, പി.കെ.എം സഖാഫി ഇരിങ്ങല്ലൂർ, പി. എസ്. കെ. ദാരിമി എടയൂർ, മുഹമ്മദ് ഹാജി മൂന്നിയൂർ, പി.കെ.എം. ബശീർ ഹാജി പടിക്കൽ,യൂസുഫ് ബാഖവി മാറഞ്ചേരി, സയ്യിദ് സൈനുൽ ആബിദീൻ ജീലാനി, സയ്യിദ് കെ.പി.എച്ച് തങ്ങൾ,അബ്ദുൽ മജീദ് അഹ്സനി ചെങ്ങാനി,ജഹ്ഫർ ഇർഫാനി എന്നിവർ യാത്രയിൽ അണിചേരും.
33 അംഗ സെൻ്റിനറി ഗാർഡ് അംഗങ്ങളും പ്രസ്ഥാന നേതാക്കളും ബഹുജനങ്ങളും ചേർന്ന് വിവിധ കേന്ദ്രങ്ങളിൽ യാത്രയെ സ്വീകരിക്കും.
വിവിധ സ്വീകരണ സമ്മേളനങ്ങളിൽ അബൂബക്കർ മാസ്റ്റർ പടിക്കൽ, എൻ എം സ്വാദിഖ് സഖാഫി, എം.മുഹമ്മദ് സാദിഖ്, കെ.ടി.താഹിർ സഖാഫി,അബ്ദുറഹീം കരുവള്ളി, ഇബ്രാഹിം സഖാഫി പുഴക്കാട്ടിരി,സക്കീർ അരിമ്പ്ര,അബ്ദുൽ വഹാബ് സഖാഫി മമ്പാട്, സി കെ എം ഫാറൂഖ്, ഹസൈനാർ സഖാഫി കുട്ടശ്ശേരി, യൂസുഫ് സഖാഫി മൂത്തേടം, സ്വാദിഖ് നിസാമി തെന്നല, അനസ് കാരിപ്പറമ്പ് പ്രമേയ പ്രഭാഷണം നടത്തും. പ്രാസ്ഥാനിക സാമൂഹ്യ രാഷ്ട്രിയ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.
27 ന് പടിഞ്ഞാറൻ മേഖലാ യാത്ര കോട്ടക്കലും, കിഴക്കൻ മേഖലാ യാത്ര മലപ്പുറത്തും വൈകിട്ട് 7 മണിക്ക് സമാപിക്കും.
പ്രസ് ക്ലബ്ബിൽ നടന്ന പത്രസമ്മേളനത്തിൽ ജില്ലാ ഭാരവാഹികളായ ഊരകം അബ്ദുറഹ്മാൻ സഖാഫി, വടശ്ശേരി ഹസൻ മുസ്ലിയാർ, കെ.പി. ജമാൽ കരുളായി, അലിയാർ കക്കാട് എ.പി. ബശീർ ചെല്ലക്കൊടി, ടി.എം.ശുഹൈബ് പങ്കെടുത്തു.





