Connect with us

From the print

കേരളയാത്ര: ദിശ നിര്‍ണയിക്കാന്‍ കേരള വികസന രേഖ

വികസന സാധ്യതകള്‍ ചര്‍ച്ച ചെയ്ത് മുസ്‌ലിം ജമാഅത്ത് സെമിനാര്‍

Published

|

Last Updated

കോഴിക്കോട് | “മനുഷ്യര്‍ക്കൊപ്പം’ എന്ന ശീര്‍ഷകത്തില്‍ 16 ദിനരാത്രങ്ങള്‍ മലയാളത്തിന്റെ സാമൂഹിക മണ്ഡലത്തെ ഇളക്കിമറിച്ച് കടന്നുപോയ കാന്തപുരം ഉസ്താദിന്റെ നേതൃത്വത്തിലുള്ള കേരളയാത്രയില്‍ ഉയര്‍ന്ന ചര്‍ച്ചകളും പ്രമേയങ്ങളും ഇനി ഭാവി കേരളത്തിന്റെ വികസന വീഥികളില്‍ ദിശ നിര്‍ണയിക്കും. വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍, കാര്‍ഷിക മേഖല, പരിസ്ഥിതി, വര്‍ഗീയത, ലഹരിമുക്ത കേരളം, പ്രാദേശിക വികസന കാഴ്ചപ്പാടുകള്‍, മാനവികതയുടെ പ്രഖ്യാപനങ്ങള്‍ തുടങ്ങിയ അധ്യായങ്ങളിലായി തയ്യാറാക്കിയ കേരള വികസന രേഖയുടെ സമര്‍പ്പണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സെമിനാര്‍ പ്രൗഢമായി.
കേരളത്തിന്റെ ഭാവി വികസന സാധ്യതകളെ കുറിച്ച് ഗൗരവമായ ചര്‍ച്ചകൾക്ക് വേദിയായ സെമിനാര്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ മുന്‍ ധനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ ഡോ. തോമസ് ഐസക് ഉദ്ഘാടനം ചെയ്തു.
നമ്മള്‍ കൈവരിച്ച നേട്ടങ്ങൾ നാടിന്റെ എല്ലാ ഭാഗങ്ങളിലേക്കും വിഭാഗങ്ങളിലേക്കും എത്തുമ്പോഴേ പൂര്‍ണ വികസനമാകൂ. ആ അർഥത്തില്‍ നമുക്ക് വീഴ്ചകള്‍ സംഭവിക്കുന്നുണ്ടോയെന്ന നിരീക്ഷണമാണ് വികസന രേഖ മുന്നോട്ടുവെക്കുന്നത്. വിദ്യാഭ്യാസ- ആരോഗ്യ മേഖലയിലെ അസമത്വങ്ങള്‍ക്കെതിരായ അജൻഡകള്‍ക്ക് പ്രാധാന്യം ലഭിക്കണം. ഭൗതിക പൊലിമകള്‍ക്കപ്പുറം ശുചിത്വ കേരളം, ശാസ്ത്രീയ മാലിന്യ സംസ്‌കരണം, സമൃദ്ധമായ ശുദ്ധജലം, സുരക്ഷിത റോഡുകള്‍, വിഷരഹിത ഭക്ഷണം, താമസിക്കാനും ജോലി ചെയ്യാനും ഏറ്റവും നല്ലൊരിടം, സുതാര്യമായ തൊഴില്‍ ലഭ്യതയും അന്തരീക്ഷവും, മറ്റ് അടിസ്ഥാന ജീവിത സൗകര്യങ്ങള്‍ എന്നിവയെല്ലാം കൃത്യമായി നടപ്പാക്കാന്‍ സാധിക്കണമെന്നും വികസന രേഖ അഭിപ്രായപ്പെടുന്നു.

ഉദ്യോഗസ്ഥ തലത്തിലെ ആത്മാര്‍പ്പണത്തിന്റെ കുറവും അഴിമതിയും ജനക്ഷേമ പദ്ധതികൾ പൂര്‍ണാർഥത്തില്‍ ദുര്‍ബല വിഭാഗങ്ങളിലേക്ക് വിതരണം ചെയ്യപ്പെടുന്നതില്‍ വിലങ്ങുതടിയാകുന്നു. അറിവ്, വസ്ത്രം, പാര്‍പ്പിടം, തൊഴില്‍, സ്വസ്ഥമായ ജീവിതം എന്നിവ ഓരോ മനുഷ്യന്റെയും അവകാശമാണ്. അഭിപ്രായ സ്വാതന്ത്ര്യം പരിരക്ഷിക്കുന്നതിനൊപ്പം പരിഷ്‌കൃത സമൂഹത്തിന്റെ യഥാര്‍ഥ മൂല്യം അളക്കുന്നത് അവരിലെ ദുര്‍ബലരോട് എങ്ങനെ പെരുമാറുന്നുവെന്നതിനെ അടിസ്ഥാനമാക്കിയാണ്. സംസ്ഥാനത്തിന്റെ വരുമാനം വര്‍ധിപ്പിക്കുന്നതിനൊപ്പം കര്‍ശനമായ സാമ്പത്തിക അച്ചടക്കം വേണം. കേരളത്തിന്റെ സമഗ്രമായ വികസനത്തിന് പൊതുസംവാദങ്ങള്‍ ആവശ്യമാണെന്നും വികസന രേഖയിലുണ്ട്.
36 പേജുള്ള സമഗ്ര വികസന രേഖ ഓരോ ജില്ലയിലെയും സൂക്ഷ്മ പ്രശ്‌നങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്. യാത്രയുടെ ഭാഗമായി രാഷ്ട്രീയ- സാമൂഹിക രംഗത്തെ പ്രമുഖരെ അണിനിരത്തി സ്വീകരണ കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച സ്‌നേഹവിരുന്നില്‍ ഉരുത്തിരിഞ്ഞ ആശയങ്ങള്‍ വികസന രേഖയിൽ പ്രാധാന്യത്തോടെ ഉൾപ്പെടുത്തിയിട്ടുണ്ട്. കേരളയാത്രക്ക് മുന്നോടിയായി സംഘടിപ്പിച്ച ജില്ലാതല സന്ദേശയാത്രകളിൽ ചർച്ചയായ പ്രാദേശിക വികസന കാഴ്ചപ്പാടുകളും രേഖയിലുണ്ട്.
വികസന രേഖ മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ ജോസ് പനച്ചിപ്പുറം ഡോ. തോമസ് ഐസക്കിന് സമര്‍പ്പിച്ചു.

തിരുവനന്തപുരത്ത് നടന്ന കേരളയാത്രയുടെ സമാപന വേദിയില്‍ കേരള ജനത സമര്‍പ്പിച്ച വികസന ആവശ്യങ്ങളുടെ സമാഹാരം മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും സമര്‍പ്പിച്ചിരുന്നു. ഇതിന്റെ തുടര്‍പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പുസ്തക രൂപത്തിലാക്കിയുള്ള വികസന രേഖയുടെ സമര്‍പ്പണവും സെമിനാറും.

---- facebook comment plugin here -----

Latest