Malappuram
കേരളം സെറ്റ്; ലക്ഷ്യം ഏഴാം കിരീടം; സന്തോഷ് ട്രോഫിക്ക് നാളെ കിക്കോഫ്
രാജസ്ഥാനെതിരെയാണ് ആതിഥേയരായ കേരളത്തിന്റെ ആദ്യ മത്സരം. ഗ്രൂപ്പ് എയിലെ രണ്ടാം മത്സരമാണ് കേരളത്തിന്റേത്. ആദ്യ മത്സരം ബംഗാളും നിലവിലെ റണ്ണറപ്പായ പഞ്ചാബും തമ്മിലാണ്. രാത്രി എട്ടിനാണ് കേരളത്തിന്റെ ആദ്യ പോര്.

മലപ്പുറം | സ്വന്തം മണ്ണില്‍ സന്തോഷ് ട്രോഫി ഏഴാം കിരീടം ലക്ഷ്യമിട്ട് കേരളം നാളെ മഞ്ചേരി പയ്യനാട് ഫുട്ബോള്‍ സ്റ്റേഡിയത്തില്‍ പോരിനിറങ്ങും. രാജസ്ഥാനെതിരെയാണ് ആതിഥേയരായ കേരളത്തിന്റെ ആദ്യ മത്സരം. ഗ്രൂപ്പ് എയിലെ രണ്ടാം മത്സരമാണ് കേരളത്തിന്റേത്. ആദ്യ മത്സരം ബംഗാളും നിലവിലെ റണ്ണറപ്പായ പഞ്ചാബും തമ്മിലാണ്. രാത്രി എട്ടിനാണ് കേരളത്തിന്റെ ആദ്യ പോര്. ദക്ഷിണ മേഖല യോഗ്യതാ റൗണ്ടില്‍ മൂന്ന് കളികളില്‍ നിന്നായി 18 ഗോളുകളടിച്ച് ഒമ്പത് പോയിന്റ് നേടി ഒന്നാമതെത്തിയാണ് കേരളം ഫൈനല്‍ റൗണ്ടിന് യോഗ്യത നേടിയത്.
യോഗ്യതാറൗണ്ടില്‍ ലക്ഷദ്വീപിനെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കും ആന്‍ഡമാന്‍ നിക്കോബാറിനെ ഒമ്പത് ഗോളുകള്‍ക്കും പോണ്ടിച്ചേരിയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കുമാണ് കേരളം പരാജയപ്പെടുത്തിയത്. ഈ കരുത്തുമായാണ് കേരളം നാളെ കളത്തിലിറങ്ങുന്നത്. മലപ്പുറത്ത് നിന്നുള്ള ആറ് പേരാണ് ടീമിലിടം പിടിച്ചത്. നാട്ടുകാര്‍ക്ക് മുന്നില്‍ പന്ത് തട്ടുമ്പോള്‍ ലഭിക്കുന്ന ആരവം കേരളത്തിന് അനുകൂലമാകും. എന്നാല്‍ ഇത് കളിക്കാര്‍ക്ക് കൂടുതല്‍ സമ്മര്‍ദം വരുത്തുമെന്ന വിലയിരുത്തലമുണ്ട്.
2013ലാണ് കേരളം ഇതിന് മുമ്പ് സ്വന്തം നാട്ടില്‍ പന്ത് തട്ടിയത്. അന്ന് ഫൈനലില്‍ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ സര്‍വീസസിനോട് അടിയറവ് പറയുകയായിരുന്നു. 2018ലാണ് കേരളം ആറാം കിരീടം സ്വന്തമാക്കിയത്. രാഹുല്‍ വി രാജിന്റെ നായകത്വത്തിലുള്ള ടീം കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന കലാശക്കളിയില്‍ ശക്തരായ പശ്ചിമ ബംഗാളിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കീഴടക്കിയാണ് ആറാം കിരീടം സ്വന്തമാക്കിയത്.
അറ്റാക്കിംഗ് പുറത്തെടുക്കും
ആദ്യ പോരിനിങ്ങുന്ന കേരളം എതിരാളികളെ നിലം പരിശാക്കുന്ന അറ്റാക്കിംഗ് രീതി പുറത്തെടുക്കും. അതിന് പാകപ്പെട്ട മുന്നേറ്റ നിരക്കാരെയാണ് ടീമിലുള്‍പ്പെടുത്തിയത്. ആക്രമണ ശൈലിയുടെ ആശാന്‍ തന്നെയാണ് കോച്ച് ബിനോ ജാര്‍ജ്. കേരള പ്രീമിയര്‍ ലീഗിലെ ടോപ് സ്‌കോറര്‍ എം വിഘ്നേഷ്, കേരള യുനൈറ്റഡ് താരം മലപ്പുറത്തുകാരന്‍ ടി കെ ജസ്റ്റിന്‍ എന്നിവര്‍ മുന്നേറ്റ നിരയില്‍ ചുക്കാന്‍ പിടിക്കും.
മധ്യനിരയാണ് കേരളത്തിന്റെ കരുത്ത്. പരിചയ സമ്പത്തും യുവത്വവും അണിനിരക്കുന്നതാണ് മധ്യനിര. 2014മുതല്‍ സന്തോഷ് ട്രോഫി ടീമിലെ സാന്നിധ്യമായ ക്യാപ്റ്റന്‍ ജിജോ ജോസഫ്, 2019ല്‍ സന്തോഷ് ട്രോഫിയില്‍ കളിച്ച കേരള യുനൈറ്റഡ് താരം അഖില്‍, അണ്ടര്‍ 21 താരമായ ബെംഗളൂരു എഫ് സിയുടെ എന്‍ എസ് ഷിഗില്‍, മലപ്പുറത്തുകാരായ കേരള യുനൈറ്റഡ് താരങ്ങള്‍ കെ സല്‍മാന്‍, അര്‍ജുന്‍ ജയരാജ് എന്നിവര്‍ മധ്യനിരയില്‍ ഇടം കണ്ടത്തിയേക്കും.
ഗോള്‍ഡന്‍ ത്രെഡ് എഫ് സിയുടെ പ്രതിരോധ താരങ്ങളായ ബിബിന്‍ അജയന്‍, അജയ് അലക്സ് എന്നിവര്‍ പ്രതിരോധ മതില്‍ തീര്‍ക്കും. 2018ല്‍ പെനാല്‍ട്ടി ഷൂട്ടൗട്ടിലൂടെ കേരളത്തിന്റെ രക്ഷകനായി കീരീടം വാങ്ങിക്കൊടുത്ത 2015മുല്‍ 19 വരെ കേരളത്തിന്റെ വല കാത്ത് പരിചയസമ്പന്നനായ വി മിഥുന്‍ ഇത്തവണയും ഗോള്‍ പോസ്റ്റിന് മുന്നിലുണ്ടാകും.
ആദ്യ പോര് തീപാറും
75ാമത് സന്തോഷ് ട്രോഫിയിലെ ആദ്യ പോര് ഗ്രൂപ്പ് എയിലെ കരുത്തരായ ബംഗാളും പഞ്ചാബും തമ്മിലാണ്. നാളെ രാവിലെ 9.30ന് മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിലാണ് മത്സരം. നിലവിലെ റണ്ണറപ്പാണ് പഞ്ചാബ്. ഒമ്പതാം കിരീടം ലക്ഷ്യമിട്ടാണ് പഞ്ചാബ് നാളെ കളത്തിലിറങ്ങുന്നത്.
സന്തോഷ് ട്രോഫിയിലെ രാജാക്കന്മാരായാണ് ബംഗാളിനെ വിലയിരുത്താറ്. 33ാം കിരീടം ലക്ഷ്യമിട്ടാണ് ബംഗാള്‍ പഞ്ചാബിനെതിരെ ബൂട്ട് കെട്ടുന്നത്. 2017ല്‍ ഗോവയെ എതിരില്ലാത്ത ഒരു ഗോളിന് തകര്‍ത്ത് കിരീടം ചൂടിയതാണ് ബംഗാളിന്റെ അവസാന നേട്ടം.