National
കരൂര്‍ ദുരന്തം; സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് ടിവികെ നല്‍കിയ ഹരജി ഇന്ന് കോടതി പരിഗണിക്കില്ല
. ഇന്നത്തെ പ്രത്യേക സിറ്റിംഗ് റദ്ദാക്കിയതായി ജഡ്ജിമാര്‍ അറിയിക്കുകയായിരുന്നു.

ചെന്നൈ | തമിഴ്നാട്ടിലെ കരൂരില്‍ ടിവികെ റാലിക്കിടെയുണ്ടായ തിക്കിലും തിരിക്കിലും പെട്ട് 41 പേര്‍ മരിച്ച സംഭവത്തില്‍ അന്വേഷണം സ്വതന്ത്രവും നിഷ്പക്ഷവുമായ ഏജന്‍സിക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് തമിഴക വെട്രി കഴകം ( ടിവികെ ) സമര്‍പ്പിച്ച ഹരജി മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഇന്ന് പരിഗണിക്കില്ല. ഇന്നത്തെ പ്രത്യേക സിറ്റിംഗ് റദ്ദാക്കിയതായി ജഡ്ജിമാര്‍ അറിയിക്കുകയായിരുന്നു. ഹരജി വെള്ളിയാഴ്ച അവധിക്കാല ബെഞ്ച് പരിഗണിക്കാനാണ് സാധ്യത
അതേ സമയം കരൂര്‍ ദുരന്തത്തിന്റെ പേരില്‍ ടിവികെക്കെതിരേ മദ്രാസ് ഹൈക്കോടതിയില്‍ രണ്ടു ഹരജികള്‍ നിലവിലുണ്ട്. ടിവികെയുടെ ഭാവി പ്രചാരണ പരിപാടികള്‍ക്കൊന്നും അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് ഒന്ന്. ദുരന്തത്തില്‍നിന്നു രക്ഷപ്പെട്ട ഒരാളാണ് ഹരജിക്കാരന്‍. ടിവികെയുടെ രജിസ്‌ട്രേഷനും അംഗീകാരവും റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ളതാണ് രണ്ടാമത്തെ ഹര്‍ജി. ഈ ഹരജികളും കോടതി ഇന്നു പരിഗണിച്ചേക്കും.
ശനിയാഴ്ച നടന്ന ടിവികെ റാലിയില്‍ സ്ത്രീകളും കുട്ടികളും വയോധികരുമുള്‍പ്പെടെ ധാരാളം ആളുകളെ ചെറിയൊരു സ്ഥലത്ത് കുത്തിനിറച്ചെന്നും അതുകാരണം 40 പേര്‍ മരിച്ചെന്നും അത് ഭരണഘടന ഉറപ്പാക്കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്നുമാണ് ഹൈക്കോടതി മധുര ബെഞ്ചില്‍ അഭിഭാഷകന്‍ നല്‍കിയ ഹരജിയില്‍ പറയുന്നത്.
കുട്ടികളെ രാഷ്ട്രീയ പരിപാടികളില്‍ അണിനിരത്തിയത് ബാലവേല തടയുന്നതിനുള്ള നിയമത്തിന്റെ ലംഘനമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.അതേ സമയം ദുരന്തത്തിനു പിന്നില്‍ ടിവികെയുടെ വളര്‍ച്ച തടയാനുള്ള ഗൂഢാലോചനയുണ്ടെന്നാണ് പാര്‍ട്ടി നിലപാട്