Connect with us

health

കാക്കാം, നമ്മുടെ ആരോഗ്യം

ആരോഗ്യമെന്നാൽ രോഗമില്ലാത്ത അവസ്ഥ എന്നാണല്ലോ. അത് ശരീരത്തിന്റെയും മനസ്സിന്റെയും കൂടിയാണ്. നമ്മളിൽ തന്നെയാണ് നമ്മുടെ ആരോഗ്യത്തിന്റെ താക്കോൽ.... എങ്ങനെ തുറക്കാം നമുക്ക് ആരോഗ്യത്തിന്റെ വാതിൽ..

Published

|

Last Updated

ആരോഗ്യമെന്നാൽ രോഗമില്ലാത്ത അവസ്ഥ എന്നാണല്ലോ. അത് ശരീരത്തിന്റെയും മനസ്സിന്റെയും കൂടിയാണ്. നമ്മളിൽ തന്നെയാണ് നമ്മുടെ ആരോഗ്യത്തിന്റെ താക്കോൽ…. എങ്ങനെ തുറക്കാം നമുക്ക് ആരോഗ്യത്തിന്റെ വാതിൽ..

ഉണരാം അതിരാവിലെ
എന്നും ഒരേ സമയം ഉറങ്ങാനും ഉണരാനും ശീലിക്കുക. പുലർച്ചെ അഞ്ച് മണിക്ക് ഉണർന്ന് ശീലിച്ചാൽ തന്നെ നമ്മൾ ഒരു ദിവസത്തിന്റെ പകുതിയോളം ഊർജസ്വലരായിരിക്കാൻ കഴിയും എന്നുള്ളത് സത്യമാണ്. അത് അനുഭവിച്ചു തന്നെ അറിയണം. വീട്ടമ്മമാർക്ക് ഈ സമയം പഴങ്കഥയല്ല. എന്നാൽ നമ്മൾ എല്ലാവരും നേരത്തെ ഉണരാനും ഉറങ്ങാനും ശീലിക്കണം. അതാണ് ആദ്യ പടി.

വ്യായാമം പോസിറ്റീവ് എനർജിക്കായി

ഉണർന്ന് പ്രാഥമിക കൃത്യങ്ങൾ കഴിഞ്ഞു ചെറുവ്യായാമത്തിലൂടെ ഒരു ദിനം ആരംഭിക്കാം. അരമണിക്കൂർ വ്യായാമം അത് നിങ്ങളിലെ എല്ലാ നല്ല ഊർജത്തെയും ഉണർത്തുന്നു. നടത്തം, നീന്തൽ, സൈക്ലിംഗ് എന്നിവയെല്ലാം അവരവരുടെ ആരോഗ്യ സ്ഥിതിക്കും ഇഷ്ടാനിഷ്ടങ്ങൾക്കും അനുസരിച്ചു ചെയ്യാം. ഇവയെല്ലാം പലതരം ഹാപ്പി ഹോർമോൺസ് നമ്മുടെ ശരീരത്തിൽ ഉത്പാദിപ്പിക്കുന്നതിനു കാരണമാകുന്നു. ഈ ഹാപ്പി ഹോർമോൺസ് നമ്മെ ഊർജസ്വലരായി രിക്കാൻ സഹായിക്കുന്നു. ഇതോടൊപ്പം തന്നെ ജീവിത ശൈലീരോഗങ്ങളായ പ്രമേഹം, കൊളസ്ട്രോൾ, അമിതവണ്ണം, ബി പി (രക്തസമ്മർദം) തുടങ്ങിയ രോഗങ്ങളിൽ നിന്ന് രക്ഷനേടാൻ നമ്മെ സഹായിക്കുകയും ചെയ്യുന്നു. വ്യായാമം ഒരു അഡംബരമല്ല, ആവശ്യമാണ്.

ഭക്ഷണം പോഷകസമൃദ്ധമാക്കാം

പ്രഭാത ഭക്ഷണം 8.30ന് മുന്നേ കഴിക്കാൻ ശീലിക്കുക. പ്രഭാതഭക്ഷണം പോഷകസമൃദ്ധമാക്കാൻ ശ്രദ്ധിക്കണം. പച്ചക്കറികൾ, മാംസ്യം എന്നിവ ഉൾപ്പെടുത്തുക. ആവിയിൽ വേവിച്ച ആഹാരങ്ങൾ കൂടുതലായി ഉൾപ്പെടുത്താം. മുളപ്പിച്ച പയർ വർഗങ്ങൾ, ചെറുധാന്യങ്ങൾ തുടങ്ങിയവ ദിവസവും ഒരു നേരമെങ്കിലും ഉൾപ്പെടുത്തണം. ഒരു കപ്പ് പച്ചക്കറി സാലഡ്, മുളപ്പിച്ച പയർ വർഗങ്ങൾ, ചെറുധാന്യങ്ങൾ എന്നിവയോടൊപ്പമായാൽ പോഷക സമൃദ്ധമാകും. ഉച്ചക്കുള്ള ഭക്ഷണത്തിൽ മീൻ, ഇറച്ചി, ഇലക്കറികൾ എന്നിവ ഉൾപ്പെടുത്തണം. രാവിലെയും വൈകിട്ടും ചായയോ കാപ്പിയോ ശീലിച്ചവർക്ക് അതുപയോഗിക്കാം. എന്നാൽ ഒരു ദിവസം രണ്ടു ഗ്ലാസിൽ കൂടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കൂടാതെ ഗ്രീൻ ടീ ശീലമായവർക്ക് ഗ്രീൻ ടീ ഉപയോഗിക്കാം. ഒപ്പം ചെറുകടിക്ക് ആവിയിൽ വേവിച്ച നാടൻ പലഹാരങ്ങളും ആകാം.

സൂക്ഷിക്കാം, രോഗങ്ങളിൽ നിന്നും

ബേക്കറി പലഹാരങ്ങളും ഹോട്ടൽ ഭക്ഷണവും ഒരു രുചി മാറ്റത്തിനായിട്ട് നമുക്ക് മാസത്തിൽ ഒന്നോ രണ്ടോ തവണ കഴിക്കുന്നതുകൊണ്ട് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നില്ല. എന്നാൽ ഇവയെ നിത്യജീവിതത്തിന്റെ ഭാഗമാക്കുമ്പോൾ മാത്രമാണ് നമ്മൾ പല രോഗങ്ങൾക്കും അടിമകളാകുന്നത്. പാക്കറ്റ് ഫുഡ്, ബേക്കറി പലഹാരങ്ങൾ എന്നിവയിലെല്ലാം തന്നെ ആരോഗ്യത്തിന് ഹാനികരമായ കൊഴുപ്പും പഞ്ചസാരയും അടങ്ങിയിട്ടുള്ളതിനാൽ ഇവയുടെ നിത്യോപയോഗത്തിലൂടെ നമുക്ക് പലതരം ജീവിത ശൈലീ രോഗങ്ങൾ പിടിപെടാം.
ആനന്ദമാക്കാം വൈകുന്നേരങ്ങളിലെ നടത്തം
വ്യായാമം ഒഴിവാക്കിയുള്ള ശീലങ്ങളോട് ബൈ ബൈ പറഞ്ഞുകൊണ്ട് വൈകുന്നേരം കുറച്ചു കൂട്ടുകാരെ ഉൾപ്പെടുത്തി സൊറ പറഞ്ഞു അര മണിക്കൂറിൽ കുറയാതെ ശരീരം വിയർക്കുവോളം കൈ വീശി നടക്കാം. ഇത് നിങ്ങളിലെ അനാവശ്യ കൊഴുപ്പുകളെ ഇല്ലാതാക്കുകയും കൊഴുപ്പ് ശരീരത്തിൽ അടിയുന്നതിൽ നിന്നും രക്ഷിക്കുകയും ചെയ്യുന്നു.

ജലം അമൂല്യമാണ്, ഒഴിവാക്കല്ലേ

ദിവസവും 2-3 ലിറ്ററിൽ കുറയാതെ തിളപ്പിച്ചാറിയ വെള്ളം കുടിക്കണം.

രാത്രി ഭക്ഷണം

രാത്രി ആഹാരം 7-8 ഇടക്കുള്ള സമയത്ത് കഴിക്കുക.കൂടാതെ ഈ ഭക്ഷണത്തിൽ അന്നജം കുറഞ്ഞ ആഹാരങ്ങൾ തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

ഒരൽപ്പം റിലാക്സേഷൻ

ഒഴിവു സമയങ്ങളിൽ മനസ്സിനിഷ്ടപ്പെട്ട കാര്യങ്ങൾ ചെയ്യാം. ഇത് മനസ്സിനെയും ശരീരത്തെയും തണുപ്പിക്കുന്നു.
യോഗ ചെയ്യുന്നത് ആരോഗ്യത്തിന് നല്ലതാണ്.

ഡയറ്റീഷൻ, കമ്മ്യൂണിറ്റി ന്യൂട്രീഷ്യൻ ഫോറം, കേരള

---- facebook comment plugin here -----

Latest