Connect with us

Lokavishesham

കച്ചത്തീവ് വിവാദം; ചൈനയാണ് ചിരിക്കുന്നത്

ഉത്തരേന്ത്യയിൽ നഷ്ടപ്പെടുന്ന സീറ്റുകൾ ദക്ഷിണേന്ത്യയിൽ നിന്ന് കണ്ടെത്തണമെന്ന മിഷൻ സൗത്തിനായി നരേന്ദ്ര മോദി വലിച്ചിട്ട അവസാന ആയുധമാണ് കച്ചത്തീവ്. ഈ വിവാദത്തിന്റെ രാഷ്ട്രീയ പ്രയോജനം ചെറുതായെങ്കിലും ബി ജെ പിക്ക് കിട്ടുമെന്ന് തന്നെയാണ് കരുതേണ്ടത്. അതിന് ബലികൊടുക്കേണ്ടത് രാജ്യത്തിന്റെ സുരക്ഷയും അന്താരാഷ്ട്ര ബന്ധങ്ങളും വിശ്വാസ്യതയുമാണെന്ന് മാത്രം.

Published

|

Last Updated

കച്ചത്തീവ് എന്നാൽ തമിഴിൽ അർഥം പാഴ് ദ്വീപ് എന്നാണ്. വെള്ളമില്ലാത്ത, മനുഷ്യവാസയോഗ്യമല്ലാത്ത ഒരു തുരുത്ത്. ഇന്ത്യക്കും ശ്രീലങ്കക്കുമിടയിൽ പാക് കടലിടുക്കിലെ ഈ ദ്വീപിന് 285 ഏക്കർ മാത്രമാണ് വിസ്തൃതി. വലയുണക്കാനും ഇത്തിരി വിശ്രമിക്കാനും മീൻപിടിത്തക്കാർ ഉപയോഗിക്കുന്ന കുഞ്ഞു ദ്വീപ്.

എന്നാൽ, രാഷ്ട്രീയത്തിൽ കച്ചത്തീവ് അത്ര ചെറിയ ഇടമല്ലാതായിരിക്കുന്നു. തമിഴ്‌നാട്ടിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ചൂടേറിയ വിഷയമായി ദ്വീപ് മാറിക്കഴിഞ്ഞു. ഉത്തരേന്ത്യയിൽ നഷ്ടപ്പെടുന്ന സീറ്റുകൾ ദക്ഷിണേന്ത്യയിൽ നിന്ന് കണ്ടെത്തണമെന്ന മിഷൻ സൗത്തിനായി നരേന്ദ്ര മോദി വലിച്ചിട്ട അവസാന ആയുധമാണ് കച്ചത്തീവ്. ഈ ദ്വീപിന്റെ ഉടമസ്ഥത ശ്രീലങ്കക്ക് നൽകിയത് കോൺഗ്രസ്സ് സർക്കാറിന്റെ പിടിപ്പുകേടാണെന്നും രാജ്യ സ്‌നേഹമുള്ളവരാരും കോൺഗ്രസ്സിനെ വിശ്വസിക്കരുതെന്നുമാണ് മോദി തട്ടിവിട്ടത്.

തമിഴ് ഈഴം പോരാട്ടത്തോട് സ്വീകരിച്ച ക്രൂരമായ സമീപനത്തിലടക്കം ശ്രീലങ്കൻ ഭരണധാധികാരികളുമായി പലതരം ശത്രുതകൾ സൂക്ഷിക്കുന്ന തമിഴ് ജനതയിൽ വലിയ ചർച്ചക്ക് പ്രധാനമന്ത്രിയുടെ പ്രസംഗം വഴിവെച്ചുവെന്നത് സ്വാഭാവികം. സംസ്ഥാനം ഭരിക്കുന്ന ഡി എം കെ പ്രതിരോധത്തിലായി. കച്ചത്തീവ് വിട്ടുകൊടുക്കരുതെന്ന് കോൺഗ്രസ്സിനോട് അന്നേ പറഞ്ഞതാണെന്ന ഒഴിവുകഴിവിലേക്ക് ഇന്ത്യാ സഖ്യത്തിലെ സജീവ അംഗമായ ദ്രാവിഡ പാർട്ടിക്ക് താഴേണ്ടി വന്നു. കോൺഗ്രസ്സാകട്ടേ രണ്ട് ചോദ്യങ്ങളാണ് മറുപടിയായി മുന്നോട്ട് വെച്ചത്.

ഒന്ന്, നയതന്ത്ര നീക്കുപോക്കിന്റെയും അയൽ രാജ്യങ്ങൾ തമ്മിലുള്ള സഹവർതിത്വത്തിന്റെയും ഭാഗമായി കച്ചത്തീവ് ശ്രീലങ്കക്ക് വിട്ടുകൊടുത്തത് അത്ര പാതകമാണെങ്കിൽ മോദി സർക്കാർ കഴിഞ്ഞ പത്ത് വർഷം അധികാരത്തിലിരുന്നിട്ടും എന്തുകൊണ്ട് തിരുത്തിയില്ല? യഥാർഥത്തിൽ രാജ്യത്തിന്റെ ഭൂമി പിടിച്ചു കൊണ്ടേയിരിക്കുന്ന ചൈനക്കെതിരെ ചെറുവിരലനക്കാൻ എന്തുകൊണ്ട് തയ്യാറാകുന്നില്ല? കൊള്ളാവുന്ന രാഷ്ട്രീയ ചോദ്യങ്ങൾ തന്നെയാണ് ഇവ. എന്നാൽ, ഉദിച്ചു നിൽക്കുന്ന ദേശീയതയുടെ ഉരകല്ലിൽ ഈ ചോദ്യങ്ങൾക്ക് മാറ്റ് പോര.

തമിഴ് ജനതയിലുണ്ടാകാനിടയുള്ള വൈകാരികതക്ക് ശമനമുണ്ടാക്കാൻ പോന്നവയുമല്ല അവ.
അതുകൊണ്ട് “കച്ചത്തീവ് വിവാദ’ത്തിന്റെ രാഷ്ട്രീയ പ്രയോജനം ചെറുതായെങ്കിലും ബി ജെ പിക്ക് കിട്ടുമെന്ന് തന്നെയാണ് കരുതേണ്ടത്. അതിന് ബലികൊടുക്കേണ്ടത് രാജ്യത്തിന്റെ സുരക്ഷയും അന്താഷ്ട്ര ബന്ധങ്ങളും വിശ്വാസ്യതയുമാണെന്ന് മാത്രം. ഇത്തവണ അധികാരം സംരക്ഷിക്കാൻ ഓരോ വോട്ടും നിർണായകമാണെന്ന് ആർക്ക് ബോധ്യമില്ലെങ്കിലും ബി ജെ പി നേതാക്കൾക്കുണ്ട്. പുറത്ത് വിളിച്ചു കൂവുന്ന ആത്മവിശ്വാസമൊന്നും അകത്തില്ല. അതുകൊണ്ട് ഏത് വജ്രായുധവും അവർ പുറത്തെടുക്കും. എന്ത് നെറികേടും പ്രചരിപ്പിക്കും.

ഇന്ത്യൻ തീരത്ത് നിന്ന് ഏകദേശം 33 കിലോമീറ്റർ അകലെ രാമേശ്വരത്തിന് വടക്ക് കിഴക്കായാണ് കച്ചത്തീവിന്റെ സ്ഥാനം. കടൽ നടുവിലെ ഏത് ഭൂവിഭാഗവും സൈനിക പ്രാധാന്യമുള്ളവയാണല്ലോ. ആദ്യകാലത്ത് ജാഫ്‌ന സാമ്രാജ്യത്തിന്റെ ഉടമസ്ഥതയിലായിരുന്നു ദ്വീപെന്ന് രേഖകൾ പറയുന്നു. 17ാം നൂറ്റാണ്ടിൽ നിയന്ത്രണം രാമനാഥപുരം കേന്ദ്രമായ രാജക്കൻമാരുടെ കൈയിൽ വന്നു. ബ്രിട്ടീഷ് ഭരണകാലത്ത് മദ്രാസ് പ്രസിഡൻസിയുടെ കീഴിൽ. സിലോണും (ശ്രീലങ്ക) ഇന്ത്യയും ബ്രിട്ടീഷ് ഭരണകൂടത്തിന്റെ കൈയിലായിരുന്നപ്പോൾ ദ്വീപിനെച്ചൊല്ലി ബ്രിട്ടീഷ് മേലാളൻമാർക്കിടയിൽ തന്നെ തർക്കമുണ്ടായി.

ശ്രീലങ്കയിലെ വെള്ളക്കാർ ദ്വീപ് തങ്ങൾക്ക് കീഴിൽ വേണമെന്ന് വാദിച്ചു. രാമനാടിന്റെ ഉടമസ്ഥത മുൻനിർത്തി ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണ സംവിധാനത്തിന് കീഴിലാകണം ദ്വീപെന്ന വാദം മദ്രാസിലെ ഉന്നതരും വാദിച്ചു. ബ്രിട്ടീഷുകാർ പോകുമ്പോഴും ഈ തർക്കം തുടർന്നു. ബ്രിട്ടീഷുകാരുടെ കാലത്ത് നടന്ന സർവേകൾ മിക്കതും കച്ചത്തീവ് സിലോണിന്റെ ഭാഗമാകണമെന്ന നിഗമനത്തിലാണ് എത്തിയതെങ്കിലും അന്തിമ തീർപ്പ് പ്രഖ്യാപിക്കാൻ അവർ തയ്യാറായില്ല. അടി തുടരട്ടേയെന്ന് കരുതിക്കാണും.

മത്സ്യബന്ധനവും വിശ്വാസവുമാണ് തമിഴ്‌നാട്ടുകാർക്ക് കച്ചത്തീവ് വൈകാരിക ഭൂമിയാക്കി മാറ്റുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലത്ത് നിർമിച്ച സെന്റ് ആന്റണീസ് കത്തോലിക്കാ ദേവാലയമാണ് ദ്വീപിലെ ഒരേയൊരു കെട്ടിടം. വർഷംതോറും പെരുന്നാൾ ദിവസം ഇവിടെ ഇന്ത്യയിൽ നിന്നും ശ്രീലങ്കയിൽ നിന്നുമുള്ള പാതിരിമാർ എത്താറുണ്ട്. ഇന്ത്യയിൽ നിന്നും ശ്രീലങ്കയിൽ നിന്നുമുള്ള വിശ്വാസികൾ തീർഥാടനം നടത്താറുമുണ്ട്. ഇന്ത്യയിൽ നിന്നുള്ള മീൻപിടിത്തക്കാരെ ശ്രീലങ്കൻ സൈന്യം അതിർത്തി ലംഘനം ആരോപിച്ച് പിടികൂടി പീഡിപ്പിക്കുമ്പോഴെല്ലാം കച്ചത്തീവിന്റെ ചർച്ച ഉയർന്നു വരാറുണ്ട്.

ദ്വീപിന് ചുറ്റും മീൻപിടിക്കാനും അവിടെ വലയുണക്കാനും വിശ്രമിക്കാനും തങ്ങൾക്ക് പരമ്പരാഗതമായ അവകാശമുണ്ടെന്ന് തമിഴ്‌നാട്ടിൽ നിന്നുള്ള മീൻപിടിത്തക്കാർ കരുതുന്നു. മാത്രമല്ല, തമിഴ്‌നാടിന്റെ ഭാഗമാണ് ദ്വീപെന്ന അടിസ്ഥാന നിലപാടിൽ തമിഴ് ജനത ഉറച്ച് നിൽക്കുകയും ചെയ്യുന്നു. എ ഐ എ ഡി എം കെ നേതാവ് ജയലളിത അതിശക്തമായ നിയമപോരാട്ടവും രാഷ്ട്രീയ പ്രചാരണവും ഇക്കാര്യത്തിൽ നടത്തിയിരുന്നു. ഡി എം കെക്കും ഇതേ നിലപാടാണ്. ദ്വീപ് തിരിച്ചെടുക്കാൻ നയതന്ത്രശ്രമങ്ങൾ തുടങ്ങണമെന്ന് കഴിഞ്ഞ വർഷം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ആവശ്യപ്പെട്ടിരുന്നു.

ലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെയുമായുള്ള കൂടിക്കാഴ്ചയിൽ ഈ വിഷയം ഉന്നയിക്കണമെന്ന് സ്റ്റാലിൻ നിർദേശിച്ചു. തമിഴ്‌നാട്ടിൽ നിന്നുള്ള മത്സ്യത്തൊഴിലാളികൾക്ക് തടസ്സമില്ലാതെ മീൻപിടിക്കുന്നതിന് സ്വാതന്ത്ര്യം ലഭിക്കണമെങ്കിൽ കച്ചത്തീവ് ഇന്ത്യയുടെ ഭാഗമാകേണ്ടതുണ്ടെന്നായിരുന്നു സ്റ്റാലിന്റെ വാദം. രേഖാപരമായും കരാറുകളുടെ ഭാഗമായും ഏത് നീക്കുപോക്ക് വന്നാലും ഈ അവകാശം അടിയറവെക്കാനാകില്ലെന്നതാണ് തമിഴ്‌നാട്ടിലെ ഒറ്റക്കെട്ടായ വികാരം. ശ്രീലങ്ക സമുദ്ര പട്രോളിംഗ് ശക്തമാക്കുകയും ആഭ്യന്തര പ്രശ്‌നങ്ങൾ അടങ്ങിയതോടെ അതിർത്തി സംരക്ഷണത്തിനും കടലിലെ മേധാവിത്വത്തിനും സൈന്യത്തെ ഉപയോഗിക്കാൻ തുടങ്ങുകയും ചെയ്തു. കച്ചത്തീവിനെ ചൂടേറിയ നയതന്ത്ര വിഷയമാക്കി നിർത്തുന്നതിൽ ഇതും കാരണമായി.

പതിറ്റാണ്ടുകൾ നീണ്ട തർക്കത്തിനൊടുവിൽ 1974ലെ ഉഭയകക്ഷി കരാർ പ്രകാരമാണ് കച്ചത്തീവ് ശ്രീലങ്കയുടെ ഭാഗമായി ഇന്ത്യ അംഗീകരിച്ചത്. ആ കരാറാണ് ഇന്ന് മോദി രാഷ്ട്രീയ ആയുധമാക്കിയിരിക്കുന്നത്. സത്യത്തിൽ ഒരു സുഹൃദ് രാജ്യവുമായുള്ള ദീർഘകാലത്തെ തർക്കം അവസാനിപ്പിക്കുകയെന്ന ശരിയായ ദൗത്യമാണ് അന്ന് ഇന്ദിരാഗാന്ധി നിർവഹിച്ചത്. അതിൽ കീഴടങ്ങലിന്റെയോ നിസ്സാരമായി വിട്ടുകൊടുക്കലിന്റെയോ പ്രശ്‌നമുണ്ടായിരുന്നില്ല. അന്നത്തെ സാഹചര്യത്തിൽ ഇന്ത്യക്ക് അതിന്റെ ആവശ്യമുണ്ടായിരുന്നില്ല. മാത്രമല്ല, മീൻപിടിത്തക്കാരുടെ ഉത്കണ്ഠകളും വിശ്വാസപരമായ പ്രാധാന്യവും ഈ മാരിടൈം കരാർ പരിഗണിക്കുകയും ചെയ്തു.
ഇന്ദിരാഗാന്ധിയും ശ്രീലങ്കൻ പ്രധാനമന്ത്രി സിരിമാവോ ബന്ധാരനായകെയുമാണ് കരാറിൽ ഒപ്പുവെച്ചത്.

ഇരുരാജ്യങ്ങളിലെയും മത്സ്യത്തൊഴിലാളികൾക്കും തീർഥാടകർക്കും കച്ചത്തീവിൽ വന്നുപോകാൻ പാസ്പോർട്ടോ വിസയോ മറ്റ് രേഖകളോ വേണ്ടതില്ലെന്ന് കരാറിൽ തുടക്കത്തിൽ വ്യവസ്ഥ ചെയ്തിരുന്നു. പരമ്പരാഗതമായി മത്സ്യബന്ധനം നടത്തിവരുന്നയിടങ്ങളിൽ വന്ന് മീൻപിടിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കുമെന്ന നിബന്ധനയും കരാറിൽ ഉണ്ടായിരുന്നു.
രാജഭരണകാലത്തെ ചരിത്രപരമായ അവകാശത്തിന്റെ പിൻബലത്തിലാണ് തമിഴ്നാട്ടിൽ നിന്നുള്ള മത്സ്യത്തൊഴിലാളികൾക്ക് ഇവിടെ ബോട്ടടുപ്പിക്കാനും വലയുണക്കാനും വിശ്രമിക്കാനുമുള്ള സൗകര്യത്തിന് വ്യവസ്ഥകൾ ചേർത്തത്.

1976ൽ ഈ കരാറിന്റെ വിശദമായ ചട്ടങ്ങൾ രൂപവത്കരിച്ചപ്പോഴാണ് സത്യത്തിൽ ചില അട്ടിമറികളുണ്ടായത്. അപ്പോഴേക്കും രാജ്യം അടിയന്തരാവസ്ഥയിലേക്ക് പോയിരുന്നു. എല്ലാ കാര്യങ്ങളും നിശ്ചയിക്കാനുള്ള അധികാരം ഉദ്യോഗസ്ഥരിലേക്ക് വന്നു. തമിഴ് ജനതക്ക് നൽകിയിരുന്ന അവകാശങ്ങൾ പലതും അന്തിമ രേഖയിൽ നിന്ന് എടുത്തു മാറ്റി. മത്സ്യത്തൊഴിലാളികളുടെ അവകാശം “വിശ്രമിക്കുന്നതിനും വല ഉണക്കുന്നതിനും വിസയില്ലാതെ കത്തോലിക്കാ ദേവാലയം സന്ദർശിക്കുന്നതിനും’ മാത്രമായി പരിമിതപ്പെട്ടു. ഇന്ന് മോദി കോൺഗ്രസ്സിനെ കടന്നാക്രമിക്കുമ്പോഴും ഈ വീഴ്ചയെക്കുറിച്ച് സംസാരിക്കുന്നില്ല എന്നതാണ് കൗതുകകരം. 1976ലെ കരാറിൽ കച്ചത്തീവിന് പകരമായി കന്യാകുമാരിക്ക് തെക്കുള്ള വിഭവ സമൃദ്ധമായ ബാഡ്ജെ തീരത്തിന്റെ നിയന്ത്രണം ഇന്ത്യക്ക് ലഭിച്ചിരുന്നുവെന്നാണ് അന്നത്തെ നയതന്ത്രജ്ഞർ ഇതു സംബന്ധിച്ച് നൽകുന്ന വിശദീകരണം.

കച്ചത്തീവ് വിഷയം കത്തിക്കുന്നത് നയതന്ത്ര വിഡ്ഢിത്തമാണെന്ന് നിരുപമ റാവു, ശിവശങ്കർ മേനോൻ തുടങ്ങിയവർ ചൂണ്ടിക്കാണിക്കുന്നത് രണ്ട് വസ്തുതകൾ മുൻനിർത്തിയാണ്. ഒന്ന് ശ്രീലങ്കയുമായുള്ള ഊഷ്മളമായ ബന്ധമാണ് കച്ചത്തീവ് കരാറിന്റെ അടിസ്ഥാനമെന്നത് തന്നെയാണ്. തന്ത്രപരമായ പ്രാധാന്യമുള്ള ഒരു അയൽ രാജ്യത്തെ തങ്ങളുടെ നയതന്ത്ര സ്വാധീനത്തിൽ നിലനിർത്തുകയെന്നത് ചെറിയ കാര്യമല്ലല്ലോ. തമിഴ് ഈഴം വിഷയത്തിൽ രാജീവ് ഗാന്ധി സർക്കാർ ശ്രീലങ്കൻ സർക്കാറിന് കൊടുത്ത ശക്തമായ പിന്തുണയും ഇതിന്റെ തുടർച്ചയായിരുന്നു. അതിന് അദ്ദേഹത്തിന്റെ ജീവൻ തന്നെ ബലി കൊടുക്കേണ്ടി വന്നു. രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വത്തെ അപഹസിക്കുകയാണ് വോട്ട് തന്ത്രത്തിലേക്ക് കച്ചത്തീവിനെ വലിച്ചഴക്കുന്ന ഇന്നത്തെ പ്രധാനമന്ത്രി ചെയ്യുന്നത്. ചരിത്രത്തെ വളച്ചൊടിക്കുമ്പോൾ അന്താരാഷ്ട്രതലത്തിൽ രാജ്യത്തിന്റെ വിശ്വാസ്യത നഷ്ടപ്പെടുകയാണ് ചെയ്യുന്നത്.
രണ്ടാമത്തെ വസ്തുത, ചൈനയുടെ തന്ത്രപരമായ നീക്കങ്ങൾ മുൻനിർത്തിയുള്ളതാണ്. രജപക്‌സേ കുടുംബം ശ്രീലങ്കയുടെ ഭരണം പിടിച്ചടക്കിയപ്പോൾ സമ്പൂർണമായി ചൈനയിലേക്ക് ചാഞ്ഞിരുന്നു ദ്വീപ് രാഷ്ട്രം.

വാരിക്കോരി കടം നൽകിയ ചൈന ശ്രീലങ്കയിലെ തീരവും കടലും വ്യാപാരവും സൈന്യവുമെല്ലാം തങ്ങളുടെ സ്വാധീനവലയത്തിലാക്കി. ഹമ്പൻതോട്ട തുറമുഖം രജപക്‌സേമാരുടെ ധൂർത്തിന്റെ നിത്യ സ്മാരകമായി. ലങ്ക സാമ്പത്തിക പ്രതിസന്ധിയിൽ ഞെരിഞ്ഞമർന്നു. ഒടുവിൽ റനിൽ വിക്രമ സിംഗെയുടെ നേതൃത്വത്തിൽ സമവായ സർക്കാർ അധികാരമേൽക്കുമ്പോൾ ചൈനീസ് സ്വാധീനത്തിൽ നിന്ന് കുതറിമാറണമെന്ന സന്ദേശമാണ് ശ്രീലങ്കൻ ജനത മുന്നോട്ട് വെച്ചത്. കച്ചത്തീവ് എന്ന പാഴ്ഭൂമിയെച്ചൊല്ലി തർക്കമുണ്ടാക്കാൻ ശ്രമിക്കുന്ന മോദി ശ്രീലങ്കയെ ഒരിക്കൽ കൂടി ചൈനീസ് നിയന്ത്രണത്തിന് വിട്ടു കൊടുക്കുകയാണ്.

മാലദ്വീപിനെയും അഫ്ഗാനെയും ബംഗ്ലാദേശിനെയും നേപ്പാളിനെ പോലും ചൈനീസ് പക്ഷത്തേക്ക് തള്ളിവിട്ടത് ഇത്തരം നയവൈകല്യങ്ങളിലൂടെയാണ്. ഒരു ഭാഗത്ത് ചൈനീസ് അധിനിവേശത്തിനെതിരെ അനങ്ങാനുള്ള ത്രാണിയില്ല. ഒരിഞ്ചും നഷ്ടപ്പെട്ടില്ലെന്ന് ആവർത്തിച്ച് ധ്യാനിച്ചിരിപ്പാണ് “മഹാബലവാനായ’ ഭരണാധികാരി.
സ്വന്തം സൈനികർ ചൈനീസ് സൈന്യത്തിന്റെ അടിയും ഇടിയും വെടിയും കൊണ്ട് മരിച്ചു വീഴുമ്പോഴും മിണ്ടാട്ടമില്ല. സർജിക്കൽ സ്‌ട്രൈക്കുമില്ല. മറുവശത്ത് അയൽക്കാരെ മുഴുവൻ ചൈനീസ് പക്ഷത്തെത്തിക്കുന്നു. എന്നിട്ടും ദേശീയതയുടെ വക്താക്കൾ ചമയാൻ ബി ജെ പിക്കും കൂട്ടാളികൾക്കും സാധിക്കുന്നുവെന്നതാണ് വിരോധാഭാസം.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്