Connect with us

From the print

"ഗോഡ്സില്ല എൽ നിനോ’ രൂപപ്പെടുന്നു; നിരീക്ഷിച്ച് ഇ ഒ എസ്- 06

സമുദ്ര ജൈവ ഉത്പാദനക്ഷമതയിൽ കുറവ്, സമുദ്രോപരിതല കാറ്റിന്റെ ദിശയിൽ മാറ്റം

Published

|

Last Updated

ഹൈദരാബാദ് | ശക്തിപ്രാപിക്കുന്ന എൽ നിനോയുടെ ഏറ്റവും വ്യക്തമായ അടയാളങ്ങൾ നിരീക്ഷിച്ച് ഇന്ത്യൻ ഉപഗ്രഹം. മഴയിലെ മാറ്റങ്ങൾ പ്രകടമാകുന്നതിനും മൺസൂണിൽ അതിന്റെ പൂർണ ആഘാതം അനുഭവപ്പെടുന്നതിനും വളരെ മുമ്പ്, ഭൂമധ്യരേഖാ പസഫിക് സമുദ്രത്തിൽ സംഭവിക്കുന്ന ജൈവപരവും അന്തരീക്ഷപരവുമായ മാറ്റങ്ങൾ കണ്ടെത്തുകയാണ് ഐ എസ് ആർ ഒയുടെ ഇ ഒ എസ്- 06 (ഓഷ്യൻസാറ്റ്-3) ഉപഗ്രഹം.

ലോകത്തിന്റെ കാലാവസ്ഥാ സംവിധാനം ശക്തമായ എൽ നിനോ പ്രതിഭാസത്തിലേക്ക് നീങ്ങുകയാണെന്നും വരും മാസങ്ങളിൽ ഇത് കൂടുതൽ ശക്തിപ്രാപിച്ചേക്കാമെന്നും നിരീക്ഷണങ്ങൾ സൂചിപ്പിക്കുന്നു. ‘ഗോഡ്സില്ല എൽ നിനോ’ രൂപപ്പെടുകയാണെന്നും അതിന്റെ യഥാർഥവും ഏറ്റവും രൂക്ഷവുമായ ആഘാതം അനുഭവപ്പെടാനിരിക്കുന്നതേയുള്ളൂവെന്നും നിരീക്ഷണമുണ്ട്. ഈ വർഷം പസഫിക് സമുദ്രത്തിൽ രൂപപ്പെടുകയും അടുത്ത വർഷം തുടക്കം വരെ നീണ്ടുനിൽക്കുമെന്ന് പ്രതീക്ഷിക്കപ്പെടുകയും ചെയ്യുന്ന അസാധാരണമാം വിധം ശക്തമായ എൽ നിനോ പ്രതിഭാസത്തെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്ന അനൗപചാരിക പ്രയോഗമാണ് ഗോഡ്സില്ല എൽ നിനോ.

ഇ ഒ എസ്- 06ൽ നിന്നുള്ള നിരീക്ഷണങ്ങൾ ലോക കാലാവസ്ഥാ സംഘടന (ഡബ്ല്യു എം ഒ)യുടെ പ്രവചനവുമായി ചേർന്നുപോകുന്നതാണെന്ന് ഐ എസ് ആർ ഒ നൽകുന്ന വിവരങ്ങൾ വ്യക്തമാക്കുന്നു. ജൂൺ- ആഗസ്റ്റ് കാലയളവിൽ എൽ നിനോ സാഹചര്യം രൂപപ്പെടാൻ 80 ശതമാനം സാധ്യതയുണ്ടെന്ന് ഡബ്ല്യൂ എം ഒ രണ്ട് മാസം മുന്പ് കണക്കാക്കിയിരുന്നു.

ക്ലോറോഫിൽ- എ
ഭൂമധ്യരേഖാ പസഫിക് സമുദ്രത്തിലെ സമുദ്ര ജൈവ ഉത്പാദനക്ഷമതയിൽ വ്യക്തമായ കുറവ് സംഭവിക്കുന്നുവെന്നാണ് ഇ ഒ എസ്- 06ൽ നിന്നുള്ള ഉപഗ്രഹ നിരീക്ഷണങ്ങൾ വെളിപ്പെടുത്തുന്നത്. സൂക്ഷ്മമായ സമുദ്രസസ്യങ്ങളായ ഫൈറ്റോപ്ലാങ്ക്ടണിൽ കാണപ്പെടുന്ന ക്ലോറോഫിൽ- എ എന്ന വർണകത്തിന്റെ അളവിലുണ്ടായ കുത്തനെയുള്ള കുറവാണ് ഇതിലേക്കുള്ള പ്രധാന സൂചന. ഈ ചെറുജീവികളാണ് സമുദ്രത്തിലെ ഭക്ഷ്യശൃംഖലയുടെ അടിത്തറ. ഹൈദരാബാദിലെ ഐ എസ് ആർ ഒയുടെ നാഷനൽ റിമോട്ട് സെൻസിംഗ് സെന്റർ നടത്തിയ വിശകലനമനുസരിച്ച്, കഴിഞ്ഞ ജൂണിലെ നിരീക്ഷണങ്ങളിൽ ഉഷ്ണമേഖലാ പസഫിക്കിന്റെ ചില ഭാഗങ്ങളിൽ ഉപരിതല ക്ലോറോഫിൽ- എയിൽ കുത്തനെയുള്ള കുറവ് രേഖപ്പെടുത്തി. 2024ലും 2025ലും ഇതേ കാലയളവിൽ എൽ നിനോ- സതേൺ ഓസിലേഷൻ (ഇ എൻ എസ് ഒ) സാഹചര്യങ്ങൾ സാധാരണ നിലയിലായിരുന്നു. ക്ലോറോഫിൽ സമുദ്രത്തിലെ ചലന മാറ്റങ്ങളോട് തത്സമയം പ്രതികരിക്കുന്നുവെന്നതാണ് ഈ നിരീക്ഷണം പ്രാധാന്യമുള്ളതാക്കുന്നത്.
സമുദ്രോപരിതല കാറ്റിന്റെ ദിശ കിഴക്കൻ കാറ്റുകളിൽ നിന്ന് പടിഞ്ഞാറൻ കാറ്റുകളിലേക്കുള്ള മാറ്റവും ഇ എസ് ഒ- 06 കണ്ടെത്തിയിട്ടുണ്ട്. എൽ നിനോ വികസിക്കുന്നതിന്റെ സാധാരണ സൂചനകളിലൊന്നാണിത്.

ശക്തമായ മുന്നറിയിപ്പ്
കിഴക്കൻ പസഫിക്കിലെ ചൂടുപിടിക്കുന്ന ജലം സമുദ്രത്തിന്റെ ആഴത്തിലുള്ള തണുത്തതും പോഷകസമൃദ്ധവുമായ ജലത്തിന്റെ മുകളിലേക്കുള്ള ഉയർച്ചയെ തടയുന്നുവെന്ന് ഐ എസ് ആർ ഒയുടെ എൻ ആർ എസ്‌ സി ഡയറക്ടർ ഡോ. പ്രകാശ് ചൗഹാൻ പറയുന്നു. ഈ പ്രക്രിയ ദുർബലമാകുമ്പോൾ ഫൈറ്റോപ്ലാങ്ക്ടണിന്റെ വളർച്ച കുറയും.
ഇ ഒ എസ്-06ലെ ഓഷ്യൻ കളർ മോണിറ്ററാണ് ഈ മാറ്റം രേഖപ്പെടുത്തുന്നത്. എൽ നിനോയുമായി ബന്ധപ്പെട്ട കാറ്റിന്റെ ദിശാമാറ്റങ്ങളും ഇതേ ഉപഗ്രഹത്തിലെ സ്കാറ്ററോമീറ്റർ കണ്ടെത്തുന്നു. ഈ രണ്ട് ഉപകരണങ്ങളും ചേർന്ന് കാലാവസ്ഥാ പ്രതിഭാസത്തിന്റെ തുടക്കവും വികാസവും നിരീക്ഷിക്കുന്നതിനുള്ള ശക്തമായ മുന്നറിയിപ്പ് സംവിധാനം ഒരുക്കുന്നുവെന്നും ഡോ. പ്രകാശ് ചൗഹാൻ കൂട്ടിച്ചേർത്തു.

ഇന്ത്യയെ സംബന്ധിച്ച്, എൽ നിനോക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ദുർബലമായ തെക്കുപടിഞ്ഞാറൻ മൺസൂൺ മഴയുമായി ബന്ധപ്പെട്ടാണ് എൽ നിനോ വിലയിരുത്തപ്പെടുന്നത്. എല്ലാ എൽ നിനോ സാഹചര്യങ്ങളും ഇന്ത്യയിൽ വരൾച്ചക്ക് കാരണമാകണമെന്നില്ല. എന്നാൽ, ശക്തമായ എൽ നിനോ പലപ്പോഴും മഴക്കുറവ്, മണ്ണിലെ ഈർപ്പം കുറയൽ, കാർഷിക പ്രതിസന്ധി, ജലവിഭവങ്ങളെ കുറിച്ചുള്ള ആശങ്കകൾ എന്നിവക്ക് കാരണമാകുന്നു.

2022 നവംബർ 22ന് പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (പി എസ് എൽ വി) ഉപയോഗിച്ച് വിക്ഷേപിച്ച ഇ ഒ എസ് ഉപഗ്രഹത്തിൽ സമുദ്ര ആവാസവ്യവസ്ഥ, സമുദ്രത്തിലെ കാറ്റുകൾ, അന്തരീക്ഷ- സമുദ്ര ഇടപെടലുകൾ എന്നിവ നിരീക്ഷിക്കുന്നതിനായി ഓഷ്യൻ കളർ മോണിറ്റർ-മൂന്ന്, സ്കാറ്ററോമീറ്റർ എന്നിവയുണ്ട്.

ക്ലോറോഫിലിന്റെയും കാറ്റിന്റെ രീതികളുടെയും അളവുകൾ സംയോജിപ്പിച്ച്, എൽ നിനോയോടുള്ള സമുദ്രത്തിന്റെ പ്രതികരണം ഏതാണ്ട് തത്സമയം ശാസ്ത്രജ്ഞർക്ക് നിരീക്ഷിക്കാനാകും.

 

Content Highlights:
ISRO’s EOS-06 satellite has detected early biological and atmospheric shifts in the Pacific Ocean, signaling a potential Godzilla El Nino. Ocean Color Monitor data shows a sharp drop in chlorophyll-A levels, indicating reduced marine productivity. These early warnings align with WMO forecasts.

Latest