Connect with us

Editors Pick

ഒരു ദശലക്ഷം ആളുകളോട് പലായനം ചെയ്യാന്‍ ഇസ്‌റാഈല്‍; ഗസ്സക്കാര്‍ എവിടേക്ക് പോകും?

ഗസ്സക്കാരോട് ഒഴിഞ്ഞുപോകാന്‍ പറയുമ്പോഴും ഗസ്സന്‍ വ്യോമാതിര്‍ത്തി തുറക്കുന്നതിനെ സംബന്ധിച്ച് ഇസ്‌റാഈല്‍ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല.

Published

|

Last Updated

ഗസ്സ സിറ്റി| പതിനഞ്ച് വര്‍ഷത്തിലേറെയായി ഗസ്സ ഇസ്‌റാഈല്‍ ഉപരോധത്തിന് കീഴിലാണുള്ളത്. ഇസ്‌റാഈലിന്റെ ആക്രമണത്തിന്റെ ഭാഗമായി വടക്കന്‍ ഗസ്സ മുനമ്പിലെ മുഴുവന്‍ ജനങ്ങളും 24 മണിക്കൂറിനകം ഫലസ്തീന്റെ തെക്കന്‍ പ്രദേശത്തേക്ക് മാറണമെന്നാണ് ഇസ്‌റാഈലിന്റെ അന്ത്യശാസനം. എന്നാല്‍ ഈ ഉത്തരവ് ഹമാസ് പൂര്‍ണ്ണമായും നിരസിക്കുകയാണ് ചെയ്തത്. ഇസ്‌റാഈല്‍ നേതാക്കളുടെ ഭീഷണിയും തെക്കന്‍ പ്രദേശത്തേക്കോ ഈജിപ്തിലേക്കോ പലായനം ചെയ്യാനുള്ള ആഹ്വാനവും ഞങ്ങള്‍ നിരസിക്കുന്നതായി ഹമാസ് പറഞ്ഞു.

ഞങ്ങള്‍ ഞങ്ങളുടെ ഭൂമിയിലും ഞങ്ങളുടെ വീടുകളിലും ഞങ്ങളുടെ നഗരങ്ങളിലും ഉറച്ചുനില്‍ക്കുന്നുവെന്നും ഹമാസ് കൂട്ടിച്ചേര്‍ത്തു. യുദ്ധസമയത്ത് ഒരു ദശലക്ഷത്തിലധികം ആളുകളെ 24 മണിക്കൂറിനുള്ളില്‍ മാറ്റണമെന്ന ഇസ്‌റാഈലിന്റെ ആവശ്യത്തെ ഐക്യരാഷ്ട്രസഭയും വിമര്‍ശിച്ചു. ഗസ്സയ്ക്ക് 41 കിലോമീറ്റര്‍ നീളവും ആറിനും 12 കിലോമീറ്ററിനും ഇടയില്‍ വീതിയുമുണ്ട്. ഗസ്സയെ വടക്കന്‍ ഗസ്സ, ഗസ്സ, മിഡില്‍ ഏരിയ, ഖാന്‍ യൂനിസ്, റഫ എന്നിങ്ങനെ അഞ്ച് മേഖലകളായി വേര്‍തിരിച്ചിരിക്കുന്നു.

ഗസ്സയ്ക്ക് രണ്ട് കര അതിര്‍ത്തികളുണ്ട്. വടക്കും കിഴക്കും ഇസ്‌റാഈല്‍, തെക്ക് ഈജിപ്ത്. ഇവ രണ്ടും അടച്ചിരിക്കുന്നു. അതിന്റെ പടിഞ്ഞാറ് മെഡിറ്ററേനിയന്‍ കടലും അടച്ചിരിക്കുന്നു. ഗസ്സയുടെ കര അതിര്‍ത്തിയില്‍ രണ്ട് പ്രധാന പോയുന്റുകളുണ്ട്. ഇതുവഴി ആളുകള്‍ക്ക് പ്രവേശിക്കാനും പുറത്തിറങ്ങാനുമുള്ള അനുവാദമുണ്ട്.- വടക്ക് ഭാഗത്തുള്ള എറെസ് ക്രോസിംഗ് ഇസ്‌റാഈല്‍ ആണ് നിയന്ത്രിക്കുന്നത്. റാഫ ക്രോസിംഗിന്റെ നിയന്ത്രണം ഈജിപ്തിനുമാണുള്ളത്.ഗസ്സയുടെ വിമാനത്താവളം ഇസ്‌റാഈലികള്‍ 2022ല്‍ നശിപ്പിച്ചു. ഇപ്പോള്‍ ഗസ്സന്‍ വ്യോമാതിര്‍ത്തി ഇസ്‌റാഈലാണ് നിയന്ത്രിക്കുന്നത്. ഗസ്സക്കാര്‍ പലായനം ചെയ്യാന്‍ നോക്കുമ്പോള്‍ പോലും ഗസ്സയിലെ റാഫ ക്രോസിംഗില്‍ ഇസ്‌റാഈര്‍ ബോംബെറിയുകയാണ്. സാധാരണക്കാരുടെ ജീവനെടുക്കാന്‍ മനഃപൂര്‍വം ലക്ഷ്യം വെക്കുകയാണ് ഇസ്‌റാഈല്‍.

ഗസ്സക്കാരോട് ഒഴിഞ്ഞുപോകാന്‍ പറയുമ്പോഴും ഗസ്സന്‍ വ്യോമാതിര്‍ത്തി തുറക്കുന്നതിനെ സംബന്ധിച്ച് ഇസ്‌റാഈല്‍ അനുകൂല നിലപാട് സ്വീകരിച്ചിട്ടുമില്ല. കരയിലൂടെയോ കടല്‍ വഴികളിലൂടെയോ സഹായ ഏജന്‍സികള്‍ പ്രവേശിക്കുകയല്ലാതെ മറ്റുമാര്‍ഗങ്ങളില്ല. സിവിലിയന്മാര്‍ക്ക് രക്ഷപ്പെടാനുള്ള ഏക വഴി മാനുഷിക ഇടനാഴി എന്ന ഓപ്ഷന്‍ മാത്രമാണ്. എന്നാല്‍ മാനുഷിക ഇടനാഴിയ്ക്ക് ഈജിപ്ത് ഒരു സൂചനയും നല്‍കിയിട്ടുമില്ല. അത്തരം ഇടനാഴികള്‍ സ്ഥാപിക്കാനുള്ള ഒരു നീക്കവും കെയ്റോ നിരസിച്ചിട്ടുണ്ടെന്നാണ് രാജ്യത്തെ സുരക്ഷാ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ഈജിപ്ത് തങ്ങളുടെ പ്രദേശത്തിലേക്കുള്ള പ്രവേശനം ഗസ്സക്കാര്‍ക്ക് വളരെക്കാലമായി വിലക്കിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

 

 

 

Latest