Connect with us

Editors Pick

യൂറിക്ക് ആസിസ് ആണോ പ്രശ്നം? പരിഹാരമുണ്ട്...

ഭക്ഷണക്രമത്തിലെ മാറ്റങ്ങൾ, മരുന്നുകൾ, സപ്ലിമെൻ്റുകൾ എന്നിവ ഉപയോഗിച്ച് യൂറിക്ക് ആസിഡ് നിയന്ത്രിക്കാനും അത് കൊണ്ടുള്ള പ്രശ്നങ്ങൾ ഒരു പരിധി വരെ തടയാനും സാധിക്കും.

Published

|

Last Updated

ഇന്ന് സമൂഹത്തിന്റെ ഭൂരിഭാഗം പേരും അനുഭവിക്കുന്ന പ്രശ്നമാണ് യൂറിക്ക് ആസിഡ് ഉയർന്നത് കൊണ്ടുള്ള ശാരീരിക പ്രശ്നങ്ങൾ. ശരീരകോശങ്ങളില്‍ ഉല്പാദിപ്പിക്കപ്പെടുന്നതോ, ഭക്ഷണത്തിലൂടെ ശരീരത്തിലെത്തുന്നതോ ആയ പ്യൂരിനുകള്‍ എന്ന നൈട്രജന്‍ സംയുക്തങ്ങള്‍ വിഘടിച്ചാണ് ശരീരത്തില്‍ യൂറിക് ആസിഡ് ഉണ്ടാകുന്നത്. ജീവിത ശൈലികള്‍ കാരണവും ഭക്ഷണ രീതികള്‍ കാരണവും ഇന്നത്തെ കാലത്ത് യുവാക്കളില്‍ പോലും ഈ പ്രശ്‌നം കണ്ടു വരുന്നുണ്ട്.

ഭക്ഷണക്രമത്തിലെ മാറ്റങ്ങൾ, മരുന്നുകൾ, സപ്ലിമെൻ്റുകൾ എന്നിവ ഉപയോഗിച്ച് യൂറിക്ക് ആസിഡ് നിയന്ത്രിക്കാനും അത് കൊണ്ടുള്ള പ്രശ്നങ്ങൾ ഒരു പരിധി വരെ തടയാനും സാധിക്കും. ഉയർന്ന യൂറിക് ആസിഡ് വൃക്കയിലെ കല്ലുകൾ, വിവിധ വിട്ടുമാറാത്ത വൃക്ക രോഗങ്ങൾ എന്നിവയുമായും ബന്ധപ്പെട്ടിരിക്കുന്നു. ഉയർന്ന രക്തസമ്മർദ്ദം, ഹൃദയസ്തംഭനം എന്നിവക്കും കാരണമായേക്കാമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു.

മദ്യവും മധുര പാനീയങ്ങളും ഒഴിവാക്കുന്നത് മുതൽ ആരോഗ്യകരമായ ഭാരം നിലനിർത്തുന്നത് വരെ, നിങ്ങളുടെ ശരീരത്തിലെ ഉയർന്ന യൂറിക് ആസിഡിൻ്റെ അളവ് കുറയ്ക്കുന്നതിനുള്ള വഴികൾ പലതാണ്. യൂറിക്ക് ആസിഡ് കൂടുന്നതിന് കാരണമാകുന്ന ഭക്ഷ്യവസ്തുക്കൾ ഒഴിവാക്കുക എന്നത് തന്നെയാണ് യൂറിക് ആസിഡിനെ തടഞ്ഞുനിർത്താനുള്ള പ്രധാന മാർഗ്ഗം. പല കടൽ വിഭവങ്ങളും യൂറിക്കാസിഡ് തോത് വലിയ അളവിൽ ഉയർത്തുന്നതാണ്. ട്യൂണ, മത്തി, ഷെൽ ഫിഷുകൾ എന്നിവ ഭക്ഷണസാധനത്തിൽ നിന്ന് ഒഴിവാക്കേണ്ടവയാണ്.

ഉയർന്ന കൊഴുപ്പുള്ള ഭക്ഷണങ്ങളും മാംസങ്ങളിൽ കരൾ പോലുള്ള ഭാഗങ്ങളും ഒരിക്കലും ഭക്ഷണത്തിൽ ഉൾപ്പെടുത്തരുത്. മദ്യപാനവും യൂറിക് ആസിഡ് കൂട്ടുന്ന പ്രധാന വില്ലനാണ്. യൂറിക് ആസിഡിന്റെ തോത് കുറയ്ക്കാൻ ചെമ്മീൻ, കൊഞ്ച്, ഞണ്ട് തുടങ്ങിയവയും ഭക്ഷണത്തിൽ നിന്ന് ഒഴിവാക്കണം. യൂറിക് ആസിഡിന്റെ അളവ് കൂട്ടുന്ന മരുന്നുകൾ കഴിക്കാതിരിക്കാനും ശ്രദ്ധിക്കണം. ഡൈയൂററ്റിക്സ്, ആസ്പിരിൻ പോലുള്ള മരുന്നുകൾ യൂറിക് ആസിഡിന്റെ ഉയർച്ചയ്ക്ക് കാരണമായേക്കാം. സമീകൃതാഹാരം കഴിച്ചും പോഷക സമൃദ്ധമായ ഭക്ഷണങ്ങൾ തിരഞ്ഞെടുത്തും ശാരീരികമായി കൂടുതൽ സജീവമായിരിക്കാനും ദീർഘകാല ആരോഗ്യ ലക്ഷ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ശ്രമിക്കുക.

മധുരമുള്ള പാനീയങ്ങളോ സോഡയോ മറ്റോ പോലെയുള്ള ആർട്ടിഫിഷ്യൽ ഡ്രിങ്കുകളോ കുടിക്കുന്നതും അമിത മദ്യപാനവും യൂറിക് ആസിഡ് ഉയർത്തുന്നതിന് സാധ്യത വർദ്ധിപ്പിക്കുന്നു. ഈ പാനീയങ്ങൾ അധിക കലോറികൾ ചേർക്കുന്നു, ഇത് ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും യൂറിക് ആസിഡിൻ്റെ അളവ് വർദ്ധിപ്പിക്കുന്ന ഉപാപചയ പ്രശ്നങ്ങൾക്കും കാരണമാകുന്നു.

കുറഞ്ഞ പ്യൂരിനുള്ള ഭക്ഷണങ്ങൾ കൂടുതൽ കഴിക്കുന്നത് യൂറിക് ആസിഡിൻ്റെ അളവ് കുറയ്ക്കാൻ സഹായിക്കും. കൊഴുപ്പ് കുറഞ്ഞതും കൊഴുപ്പില്ലാത്തതുമായ പാലുൽപ്പന്നങ്ങൾ, നിലക്കടല വെണ്ണ, പഴങ്ങളും പച്ചക്കറികളും, അരി, റൊട്ടി, ഉരുളക്കിഴങ്ങ്, പാസ്ത എന്നിവയെല്ലാം യൂറിക് ആസിഡിനെതിരെ നല്ലതാണ്. ഗ്രീൻ ടീയുടെ ആൻ്റി ഓക്‌സിഡൻ്റുകളും ചെറി പോലുള്ള പഴങ്ങളുടെ ജ്യൂസും യൂറിക് ആസിഡ്നെതിരെ ഗുണം ചെയ്യും. യൂറിക് ആസിഡിൻ്റെ അളവ് കുറയ്ക്കാൻ നാരങ്ങ വെള്ളം സഹായിക്കും. പപ്പായ, ഇഞ്ചി, ചെറുനാരങ്ങ എന്നിവയെല്ലാം യൂറിക് ആസിഡ് കുറക്കാൻ സഹായിക്കുന്ന ഘടകങ്ങൾ ആണ്.

ഇതെല്ലാം ഒരു മാർഗം ആണെങ്കിലും യൂറിക് ആസിഡ് പ്രതിരോധിക്കാൻ ആദ്യം സ്വീകരിക്കേണ്ടത് ഡോക്ടറുടെ നിർദ്ദേശമാണ്. ഒരു ഡോക്ടറെ കണ്ടതിനുശേഷം ഇത്തരം ഉപാധികൾ സ്വീകരിക്കുന്നതായിരിക്കും നല്ലത്.

Latest