Connect with us

up election

ബി ജെ പിയില്‍ അംഗത്വമെടുക്കാന്‍ രാജിവെച്ച് ഐ പി എസ് ഓഫീസര്‍; തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും

സ്വദേശമായ കനൗജില്‍ ഇദ്ദേഹം മത്സരിക്കുമെന്നാണ് കരുതുന്നത്

Published

|

Last Updated

ലക്‌നോ | ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിന് മുന്നോടിയായി മുന്‍ ഐ പി എസ് ഓഫീസര്‍ അസിം അരുണ്‍ ബി ജെ പിയില്‍ ചേര്‍ന്നു. രാജ്യത്തെ വികസനത്തിന് പുതിയ വഴി തെളിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രവര്‍ത്തനത്തില്‍ ആകൃഷ്ടനായാണ് താന്‍ ബി ജെ പിയില്‍ ചേര്‍ന്നതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

സാമൂഹിക പ്രവര്‍ത്തനത്തിന് കൂടുതല്‍ സംഭാവനകള്‍ നല്‍കാന്‍ പാര്‍ട്ടിയില്‍ അംഗത്ത്വമെടുക്കാന്‍ ബി ജെ പി തനിക്ക് മുന്നില്‍ നിര്‍ദ്ദേശം വെച്ചു. സര്‍വീസില്‍ ഇരിക്കെ തനിക്ക് ചെയ്യാന്‍ കഴിയാഞ്ഞ ഏറെ കാര്യങ്ങള്‍ ഉണ്ടായിരുന്നു. അതുകൊണ്ടാണ് താന്‍ ബി ജെ പിയില്‍ ചേരുന്നതെന്ന് അസിം അരുണ്‍ പ്രതികരിച്ചിരുന്നു.

ബി ജെ പിയില്‍ ചേരാനായി അസിം അരുണ്‍ സംസ്ഥാന സര്‍ക്കാറിന് മുമ്പില്‍ സ്വയം വിരമിക്കല്‍ അപേക്ഷ നല്‍കിയിരുന്നു. കാണ്‍പൂര്‍ നഗറില്‍ കമ്മീഷണറായി ഇരിക്കെയാണ് ഇദ്ദേഹം ബി ജെ പിയില്‍ താന്‍ ചേര്‍ന്നെന്നും സ്വയം വിരമിക്കല്‍ അപേക്ഷ സര്‍ക്കാറിന് മുമ്പില്‍ സമര്‍പ്പിച്ചുവെന്നും പ്രഖ്യാപിച്ചത്. എന്നാല്‍, ഇന്നലെയാണ് ഔദ്യോഗികമായി അപേക്ഷ അംഗീകരിക്കുകയും ഇദ്ദേഹത്തിന് പാര്‍ട്ടി അംഗത്വം നല്‍കിയതും. സ്വദേശമായ കനൗജില്‍ ഇദ്ദേഹം മത്സരിക്കുമെന്നാണ് കരുതുന്നത്.

50കാരനായ അസിം അരുണ്‍ 1995ലെ ഐ പി എസ് ബാച്ചുകാരനാണ്. ബി ജെ പിയില്‍ ചേരാന്‍ സ്വയം വിരമിക്കല്‍ അപേക്ഷ നല്‍കിയ ഇദ്ദേഹത്തിന് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അനുമതി നല്‍കി എന്നത് ശ്രദ്ധേയമാണ്. കേന്ദ്രവുമായി നിരന്തരം അഭിപ്രായ വ്യത്യാസമുണ്ടായതിനെത്തുടര്‍ന്ന് സര്‍വീസ് വിട്ട മലയാളിയായ കണ്ണന്‍ ഗോപിനാഥന്‍ ഐ എ എസിന് മൂന്ന് വര്‍ഷത്തിലേറയായി ഔദ്യോഗികമായ വി ആര്‍ എസ് അനുവദിച്ചിട്ടില്ല എന്ന സാഹചര്യം നിലനിര്‍ക്കെയാണ്, കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്ന പാര്‍ട്ടിയില്‍ അംഗത്വമെടുക്കാന്‍ ഒരു ഐ പി എസ് ഉദ്യോഗസ്ഥന് സ്വയം വിരമിക്കല്‍ അനുവദിച്ചിരിക്കുന്നത്.