Connect with us

LANDSLIDE

ഉരുള്‍പൊട്ടലുണ്ടായ പാലക്കയം പാണ്ടന്‍മലയില്‍ ആളുകള്‍ ഒറ്റപ്പെട്ടിട്ടുണ്ടോ എന്നറിയാന്‍ പരിശോധനകള്‍ പുരോഗമിക്കുന്നു

ആശങ്കപ്പെടേണ്ടതില്ലെന്നും ജാഗ്രത വേണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

Published

|

Last Updated

പാലക്കാട് | ഉരുള്‍പൊട്ടലുണ്ടായ കാഞ്ഞിരപ്പുഴ ഡാമിന് മുകള്‍ഭാഗത്തെ പാലക്കയം പാണ്ടന്‍മലയില്‍ ആളുകള്‍ ഒറ്റപ്പെട്ടിട്ടുണ്ടോ എന്നറിയാന്‍ പരിശോധനകള്‍ പുരോഗമിക്കുന്നു. ഇന്ന് അടിയന്തര യോഗം ചേര്‍ന്നു സ്ഥിതികള്‍ വിലയിരുത്തും.

ഊരുകളില്‍ ആളുകള്‍ ഒറ്റപ്പെട്ടിട്ടുണ്ടോ എന്ന സംശയത്തില്‍ ഫയര്‍ ഫോഴ്‌സ് പരിശോധന തുടരുകയാണ്. പാലക്കയം ഭാഗങ്ങളില്‍ വലിയ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. പുഴയിലെ ജലനിരപ്പും ഉയര്‍ന്നിട്ടുണ്ട്. കടകളിലും വീടുകളിലും വെള്ളം കയറി.

മണ്ണാര്‍ക്കാട് കാഞ്ഞിരപ്പുഴ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴ കനത്തതോടെ ഡാമിന്റെ മൂന്നു ഷട്ടറുകളും 20 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തിയിട്ടുണ്ട്. ഡാമിന്റെ മുകള്‍ ഭാഗമായ പാലക്കയം ടൗണില്‍ കാലങ്ങള്‍ക്ക് ശേഷമാണ് ഇത്രയധികം വെള്ളക്കെട്ട് രൂപപ്പെടുന്നത്.

ഉരുള്‍പൊട്ടലുണ്ടായ സാഹചര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ജാഗ്രത വേണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. കാഞ്ഞിരപ്പുഴ ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ പുഴയില്‍ ഇറങ്ങരുതെന്നും ജില്ലാ കളക്ടര്‍ മുന്നറിയിപ്പ് നല്‍കി. ഡാമിന്റെ മൂന്നു ഷട്ടറുകള്‍ ഉയര്‍ത്തിയ പശ്ചാത്തലത്തില്‍ കാഞ്ഞിരപ്പുഴ, മണ്ണാര്‍ക്കാട്, നെല്ലിപ്പുഴ, കുന്തിപ്പുഴ, തൂതപ്പുഴ ഭാഗത്ത് ഉള്ളവര്‍ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ അറിയിച്ചു.