Connect with us

From the print

വിലക്കയറ്റം രൂക്ഷം; അരി തിളയ്ക്കുന്നു

രണ്ടാഴ്ചക്കിടെ കിലോഗ്രാമിന് ഏഴ് രൂപ വരെ കൂടി. പച്ചരി വിലയും മേലോട്ട്.

Published

|

Last Updated

മലപ്പുറം സാധാരണക്കാരന്റെ ജീവിത ബജറ്റ് താളം തെറ്റിച്ച് അരിയുടെ വില ദിനംപ്രതി കുതിച്ചുയരുന്നു. പണ്ടെങ്ങുമില്ലാത്ത വിധത്തിലാണ് വിലക്കയറ്റം. ഓരോ ലോഡ് വരുമ്പോഴും ഉയര്‍ന്ന വിലയിലാണ് അരി ലഭിക്കുന്നതെന്ന് മൊത്തവ്യാപാരികള്‍ പറയുന്നു. രണ്ടാഴ്ചക്കിടെ കിലോഗ്രാമിന് രണ്ട് മുതല്‍ ആറ് രൂപ വരെയാണ് മൊത്തവില ഉയര്‍ന്നത്. ചില്ലറ വിലയും മൂന്ന് മുതല്‍ ഏഴ് രൂപ വരെ വര്‍ധിച്ചു.

നാല് മാസത്തോളമായി അരി വില ദിനംപ്രതി വര്‍ധിക്കുകയാണ്. ഓണക്കാലത്ത് പൊതുവിപണിയില്‍ അരിക്ക് ആവശ്യക്കാര്‍ കൂടുന്നത് വില വീണ്ടും കൂട്ടുമെന്ന് മൊത്തക്കച്ചവടക്കാര്‍ പറയുന്നു. സാധാരണക്കാരന് ആശ്വാസമാകേണ്ട റേഷന്‍ കടകളിലും സപ്ലൈകോ സ്റ്റോറുകളിലും ആവശ്യത്തിന് അരി ലഭ്യമല്ലാത്ത സാഹചര്യമാണുള്ളത്. പശ്ചിമ ബംഗാള്‍, ഒഡിഷ, ആന്ധ്ര, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നാണ് പ്രധാനമായും കേരളത്തിലേക്ക് അരി വരുന്നത്. ഇവിടങ്ങളില്‍ കാലാവസ്ഥാ വ്യതിയാനം മൂലം ഉത്പാദനം കുറഞ്ഞതാണ് അരി ലഭ്യത കുറയാന്‍ കാരണം.
ആവശ്യക്കാര്‍ ഏറെയുള്ള നൂര്‍ജഹാന്‍ അരിക്ക് 37 രൂപയാണ് മൊത്തവില. രണ്ടാഴ്ച മുമ്പ് 33 രൂപയായിരുന്നു. ചില്ലറ മാര്‍ക്കറ്റില്‍ 39 രൂപക്കാണ് വില്‍പ്പന.

പച്ചരിക്കും വില കുതിക്കുകയാണ്. ചില്ലറ വിപണിയില്‍ കിലോക്ക് 25- 28 രൂപയുണ്ടായിരുന്ന അരിക്ക് 35 രൂപയായി. ഉയര്‍ന്ന വില നല്‍കിയാലും അരി ലഭിക്കുന്നില്ല. പച്ചരി പ്രധാനമായും കര്‍ണാടകയില്‍ നിന്നാണ് എത്തുന്നത്. ഇവിടെനിന്നുള്ള അരി ഇറക്കുമതി കുറഞ്ഞതാണ് വില കൂടാന്‍ കാരണം.

പയര്‍വര്‍ഗങ്ങളും പൊള്ളും
പയര്‍വര്‍ഗങ്ങള്‍ക്കും ഉയര്‍ന്ന വിലയാണ്. കടലക്ക് 68 രൂപയാണ് മൊത്ത വില. 75 മുതല്‍ 82 രൂപ വരെയാണ് ചില്ലറ വില. ചെറു പയര്‍ കിലോക്ക് 120ല്‍ നിന്ന് 135 രൂപയായും പച്ചപ്പട്ടാണിക്ക് 75ല്‍ നിന്ന് 90 രൂപയായും വര്‍ധിച്ചു. തുവരപ്പരിപ്പ് 140ഉം ഉഴുന്ന് പരിപ്പിന് 100 രൂപയുമാണ് മൊത്ത വില. അഞ്ച് മുതല്‍ ഏഴ് രൂപയോളമാണ് ഇവക്ക് വര്‍ധിച്ചത്.

കുറഞ്ഞ വിലയുണ്ടായിരുന്ന വെളിച്ചണ്ണക്കും വില കൂടിവരികയാണ്. പത്ത് ലിറ്റര്‍ വെളിച്ചണ്ണക്ക് 1,360 രൂപയാണ് മലപ്പുറം മാര്‍ക്കറ്റിലെ മൊത്ത വില. രണ്ടാഴ്ച മുമ്പ് 1,150 രൂപയായിരുന്നു മൊത്തവില.

പച്ചക്കറിക്ക് അല്‍പ്പം ആശ്വാസം
ഒരു മാസത്തോളമായി വില ഉയര്‍ന്നുകിടക്കുകയാരുന്ന പച്ചക്കറിക്ക് വില കുറഞ്ഞ് വരികയാണ്. കിലോക്ക് 130 വരെ കുതിച്ചുയര്‍ന്നിരുന്ന തക്കാളിക്ക് 65 മുതല്‍ 70 വരെയാണ് ഇന്നലത്തെ വില.

നൂറിനടുത്തെത്തിയിരുന്ന പച്ചമുളകിന് 60 രൂപയിലെത്തി. കിലോക്ക് 300 രൂപയുണ്ടായിരുന്ന ഇഞ്ചിക്ക് വില 200 മുതല്‍ 230 രൂപയിലെത്തി.

നൂറിന് മുകളിലായിരുന്ന ചെറിയ ഉള്ളിക്ക് 70 രൂപയാണ് വില. വലിയ ഉള്ളിക്കും വില കുറഞ്ഞു. 25 രൂപയാണ് മലപ്പുറം മാര്‍ക്കറ്റിലെ വില.

 

 

റിപ്പോർട്ടർ, മലപ്പുറം ബ്യൂറോ