National
കുട്ടികള്‍ക്ക് ഉള്‍പ്പെടെ യാത്രാ നിരക്ക് വര്‍ധിപ്പിച്ച് ഇന്‍ഡിഗോ
മൂന്ന് ദിവസത്തിൽ കൂടുതൽ പ്രായമുള്ളതും രണ്ട് വയസ്സ് പൂർത്തിയാകാത്തതുമായ കുട്ടികൾക്കാണ് ശിശു നിരക്ക് ബാധകമാകുന്നത്.
ഡല്‍ഹി| ഇൻഡിഗോ വിമാന സർവീസുകളിൽ യാത്രക്കാർക്ക് ഇനി കൂടുതൽ തുക നൽകേണ്ടിവരും. കുട്ടികള്‍, അധിക ലഗേജ്, മുൻഗണനാ ചെക്ക്-ഇൻ, മുൻഗണനാ ബോർഡിംഗ് തുടങ്ങിയ വിവിധ സേവനങ്ങളുടെ നിരക്കുകളിലാണ് വര്‍ധന. ആഭ്യന്തര വിമാന സർവീസുകളിലെ ചില യാത്രാ സേവനങ്ങൾക്കും പുതുക്കിയ നിരക്കുകൾ ബാധകമാകും.
നിരക്ക് വർധനയുടെ ഭാഗമായി ഒപ്പമുള്ള മുതിർന്നയാളോടൊപ്പം യാത്ര ചെയ്യുന്ന ശിശുക്കളുടെ ഫീസും ഇൻഡിഗോ വർധിപ്പിച്ചു. ആഭ്യന്തര സർവീസുകളിലെ ശിശു ഫീസ് 2,000 രൂപയിൽ നിന്ന് 3,000 രൂപയായാണ് ഉയർത്തിയത്.
മൂന്ന് ദിവസത്തിൽ കൂടുതൽ പ്രായമുള്ളതും രണ്ട് വയസ്സ് പൂർത്തിയാകാത്തതുമായ കുട്ടികൾക്കാണ് ശിശു നിരക്ക് ബാധകമാകുന്നത്. ഇൻഡിഗോയുടെ നിയമപ്രകാരം ശിശുക്കൾക്ക് പ്രത്യേക സീറ്റ് ബുക്ക് ചെയ്യാൻ സാധിക്കില്ല. ഒപ്പമുള്ള മുതിർന്ന യാത്രക്കാരന്റെ മടിയിലായിരിക്കും യാത്ര ചെയ്യേണ്ടത്. ഒരു മുതിർന്ന യാത്രക്കാരനൊപ്പം ഒരു ശിശുവിനെ മാത്രമാണ് അനുവദിക്കുക.
പ്രത്യേക സീറ്റ് ഇല്ലെങ്കിലും ബുക്കിങ് സമയത്ത് ശിശു ഫീസ് അടയ്ക്കണം. യാത്രയ്ക്കിടെ കുട്ടിയുടെ പ്രായം തെളിയിക്കുന്ന രേഖ യാത്രക്കാരുടെ കൈവശം ഉണ്ടായിരിക്കണമെന്നും ഇൻഡിഗോയുടെ നിബന്ധനകളിൽ വ്യക്തമാക്കുന്നു.
ഇൻഡിഗോയുടെ വിവിധ പാസഞ്ചർ സർവീസ് ചാർജുകൾ പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായാണ് ശിശു ഫീസിലും മറ്റ് സേവന നിരക്കുകളിലും മാറ്റം വരുത്തിയത്.
Content Highlights: IndiGo has hiked fees across several services including domestic infant fares, extra baggage, and priority check-in. The domestic infant fee has been raised from Rs 2,000 to Rs 3,000 for children under two years. The revised rates apply to infants traveling on an adult’s lap without a separate seat.




